റഷ്യന്‍ ബാങ്കുകള്‍ സ്വിഫ്റ്റിന് പുറത്താകും; അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായി, റഷ്യക്ക് തിരിച്ചടി

By Web TeamFirst Published Feb 27, 2022, 12:48 PM IST
Highlights

റഷ്യക്കെതിരെ അമേരിക്കയും വിവിധ ലോകരാജ്യങ്ങളും പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തില്‍ ഏറ്റവും പ്രഹരശേഷിയുള്ളതാണ് സ്വിഫ്റ്റിന്‍റെ വിലക്ക്. 

ന്യൂയോര്‍ക്ക്: രാജ്യാന്തര പേയ്മെന്‍റ് ശൃംഖലയായ സ്വിഫ്റ്റില്‍ (Swift) നിന്നും റഷ്യയിലെ (Russia) മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായി. റഷ്യയിലെ ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും. റഷ്യക്കെതിരെ അമേരിക്കയും വിവിധ ലോകരാജ്യങ്ങളും പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തില്‍ ഏറ്റവും പ്രഹരശേഷിയുള്ളതാണ് സ്വിഫ്റ്റിന്‍റെ വിലക്ക്. ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലെ ബാങ്കുകള്‍ തമ്മിലുള്ള രാജ്യാന്തര പേയ്മെന്‍റ് നെറ്റ് വര്‍ക്കാണ് സ്വിഫ്റ്റ്. മെസേജിംഗ് സംവിധാനത്തിലൂടെ ശതകോടി ഡോളറുകളുടെ ഇടപാടുകള്‍ ഇന്‍റര്‍നെറ്റ് വഴി അതിവേഗം നടത്താമെന്നാതാണ് സ്വിഫ്റ്റിന്‍റെ പ്രത്യേകത. 

200 ലധികം രാജ്യങ്ങളിലെ 11000 ലധികം ബാങ്കുകള്‍ നിലവില്‍ സ്വിഫ്റ്റിന്‍റെ ഭാഗമാണ്. റഷ്യയിലെ പ്രധാന ബാങ്കുകളെ സ്വിഫ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതോടെ റഷ്യയിലേക്കും തിരിച്ചും പണമയക്കുന്നത് പൂര്‍ണ്ണമായും മുടങ്ങും. റഷ്യന്‍ ബാങ്കുകളുടെ വിദേശ സാമ്പത്തിക  ഇടപാടുകള്‍ മരവിപ്പിക്കും. റഷ്യന്‍ കയറ്റുമതി  ഇറക്കുമതി മേഖലയിലെ  പണമിടപാടുകള്‍  പൂര്‍ണ്ണമായും നിലക്കും. സാമ്പത്തികമായി റഷ്യയെ വരിഞ്ഞുമുറുക്കാന്‍ ഈ നീക്കത്തിലൂടെ കഴിയും. വിദേശത്തു നിന്നും റഷ്യയിലേക്കുള്ള സാമ്പത്തിക ഇടപാടുകളും ബുദ്ധിമുട്ടാകും. റഷ്യയിലെ 300 ലധികം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് സ്വിഫ്റ്റിന്‍റെ ഭാഗമായുള്ളത്. 

അമേരിക്കയും കാനഡയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ഇപ്പോള്‍ റഷ്യന്‍ ബാങ്കുകളുമായുള്ള  ഇടപാടുകള്‍ അവസാനിപ്പിക്കുന്നത്. റഷ്യയുടെ പെട്രോളിയം പ്രകൃതി വാതക വ്യാപാരത്തെ വരും നാളുകളില്‍ പൂര്‍ണ്ണമായും സ്തംഭിപ്പിക്കുവാനും ഇതിലൂടെ കഴിഞ്ഞേക്കും. നേരത്തെ ആണവ പരീക്ഷണത്തിന്‍റെ പേരില്‍ ഇറാനേയും സ്വിഫ്റ്റില്‍ നിന്നും  അമേരിക്ക പുറത്താക്കിയിട്ടുണ്ട്.  ഉപരോധം കനത്താലും തല്‍ക്കാലം പിടിച്ച് നില്‍ക്കാനുള്ള ശേഷി റഷ്യക്കുണ്ടെന്നാണ് വിലയിരുത്തല്‍. 630 ബില്യണ്‍ ഡോളറിന്‍റെ വമ്പന്‍ വിദേശ നാണ്യ ശേഖരമാണ് സാമ്പത്തിക ഉപരോധത്തെ നേരിടാനുള്ള റഷ്യയുടെ പ്രധാന കരുത്ത്. അതേസമയം സ്വിഫ്റ്റ് ഉപരോധത്തെ മറി കടക്കാന്‍ റഷ്യ ചൈനയുടെ സഹായം തേടുമോയെന്നും ലോകരാജ്യങ്ങള്‍  ഉറ്റുനോക്കുന്നുണ്ട്.

  • 37 ,000 നാട്ടുകാര്‍ യുക്രൈന്‍ സേനയില്‍; പൗരന്മാരെ കരുതൽ സേനയുടെ ഭാഗമാക്കി

കീവ്: കീവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ ലക്ഷ്യത്തില്‍ നാലാം ദിനവും യുക്രൈന്‍  സംഘര്‍ഷഭരിതം. യുക്രൈനെ കൂടുതല്‍ കടന്നാക്രമിച്ച് ഞെരുക്കുകയാണ് റഷ്യ (Russia) . റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 37 ,000 സാധാരണക്കാരെ പട്ടാളത്തിന്‍റെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈന്‍. പൌരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കുകയാണ് യുക്രൈന്‍‌. ഒഡേസയില്‍ യുക്രൈന്‍ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഒഖ്തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറ് വയസുകാരിയുമുണ്ട്. 

യുക്രൈനിലെ  കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ റഷ്യ നടത്തി. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. കാർകീവിലെ അപ്പാർട്ട്മെന്‍റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമാണ് പുറത്തുവരുന്ന വിവരം. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച്ച രാത്രി മുതൽ കാർകീവിൽ കനത്ത വെടിവപ്പാണ് നടക്കുന്നത്. കീവ് പിടിച്ചെടുക്കാൻ അവസാന തന്ത്രവും പയറ്റുകയാണ് റഷ്യ. വീടുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും എതിരായ വ്യോമാക്രമണം ശക്തമാക്കി. ജനം ബങ്കറുകളിലും മെട്രോ സബ്‍വേകളിലും അഭയം തേടുന്നതിനാൽ ആൾ അപായം കുറവാണ്. നാട്ടുകാരിൽ നിന്ന് ആയുധങ്ങൾ തിരികെ വാങ്ങണണമെന്ന് യുക്രൈനോട് ആവശ്യപ്പെട്ട റഷ്യ അല്ലെങ്കിൽ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുക്കുന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളിലും ലക്ഷ്യമിട്ട് പ്രസിഡന്‍റിനെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയാണ് റഷ്യൻ ലക്ഷ്യം. അതിനിടയിൽ സ്വന്തം രാജ്യത്തെ പ്രതിഷേധങ്ങളെ അറസ്റ്റിലൂടെ നേരിടുകയാണ് റഷ്യ. 

click me!