എന്‍റെ ഒറ്റ ഫോണ്‍ കോളില്‍ മോദി നികുതി പകുതിയായി വെട്ടിക്കുറച്ചു: ട്രംപ്

By Web TeamFirst Published Jun 11, 2019, 11:50 AM IST
Highlights

'പ്രധാനമന്ത്രി മോദി എന്‍റെ ഉറ്റസുഹൃത്താണ്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ നോക്കൂ, മോട്ടോര്‍സൈക്കിളിന് അവര്‍ 100 ശതമാനം നികുതി ഈടാക്കുന്നു. നാം അവരില്‍ നിന്ന് ഒന്നും ഈടാക്കുന്നുമില്ല. അവര്‍ അനേകം മോട്ടോര്‍ സൈക്കിളുകള്‍ ഉണ്ടാക്കുന്നു, അവര്‍ അത് കയറ്റി അയക്കുന്നു, നമ്മള്‍ ഒന്നും ചാര്‍ജ് ചെയ്യുന്നില്ല. ഞാന്‍ മോദിയെ വിളിച്ചു ഇത് സ്വീകാര്യമല്ലെന്ന് പറഞ്ഞു' 

ന്യൂയോര്‍ക്ക്: ഇന്ത്യ -അമേരിക്ക നയതന്ത്ര ചര്‍ച്ചകളില്‍ നിരവധി തവണ ഇടം പിടിച്ച വിഷയമാണ് ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളിന്‍റെ ഇറക്കുമതി തീരുവ. അമേരിക്കന്‍ പ്രസിഡന്‍റ് നേരിട്ട് പ്രശ്നത്തില്‍ നരേന്ദ്ര മോദിയോട് ഇക്കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ 100 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് താരിഫ് കുറച്ചിരുന്നു.  

എന്നാല്‍, യുഎസ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ പൂജ്യം ശതമാനത്തിലേക്ക് എത്തിക്കണമെന്ന കടുംപിടിത്തത്തിലാണിപ്പോള്‍ ഡൊണാള്‍ഡ് ട്രംപ്. 100 ല്‍ നിന്ന് 50 ശതമാനത്തിലേക്ക് കുറച്ചത് സ്വീകാര്യമല്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. സിഎസ്ബി ന്യൂസിന് നല്‍കിയ ഇന്‍റര്‍വ്യൂവിലാണ് ട്രംപ് വിഷയത്തില്‍ ഇന്ത്യയോടുളള അതൃപ്തി തുറന്ന് പറഞ്ഞത്. 

'പ്രധാനമന്ത്രി മോദി എന്‍റെ ഉറ്റസുഹൃത്താണ്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ നോക്കൂ, മോട്ടോര്‍സൈക്കിളിന് അവര്‍ 100 ശതമാനം നികുതി ഈടാക്കുന്നു. നാം അവരില്‍ നിന്ന് ഒന്നും ഈടാക്കുന്നുമില്ല. അവര്‍ അനേകം മോട്ടോര്‍ സൈക്കിളുകള്‍ ഉണ്ടാക്കുന്നു, അവര്‍ അത് കയറ്റി അയക്കുന്നു, നമ്മള്‍ ഒന്നും ചാര്‍ജ് ചെയ്യുന്നില്ല. ഞാന്‍ മോദിയെ വിളിച്ചു ഇത് സ്വീകാര്യമല്ലെന്ന് പറഞ്ഞു' പ്രസിഡന്‍റ് ട്രംപ് മോദിയുമായുളള തന്‍റെ ടെലിഫോണ്‍ സംഭാഷണത്തെപ്പറ്റി വിശദമാക്കി.

'എന്‍റെ ഒരു ഫോണ്‍ കോള്‍ കൊണ്ട് മോദി 50 ശതമാനം നികുതി കുറച്ചു. ഞാന്‍ പറഞ്ഞു, ഇത് ഇപ്പോഴും സ്വീകാര്യമല്ലെന്ന് കാരണം 50 ശതമാനവും നികുതി ഇല്ലായ്മയും തമ്മില്‍ വലിയ അന്തരമുണ്ട്. അവര്‍ നികുതി കുറയ്ക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.' അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും ഇപ്പോഴും യുഎസ് മോട്ടോര്‍ സൈക്കിള്‍ താരിഫ് വിഷയത്തില്‍ തര്‍ക്കങ്ങള്‍ തുടരുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

click me!