വജ്രം കുഴിച്ചെടുക്കണോ, ഇങ്ങോട്ടു വരൂ; ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത് ഈ രാജ്യം

By Web TeamFirst Published Dec 5, 2020, 8:43 PM IST
Highlights

വജ്ര ഉല്‍പ്പാദനം 90 ലക്ഷം കാരറ്റില്‍ നിന്ന് 1.50 കോടി കാരറ്റിലേക്ക് എത്തിക്കാനാണ് രാജ്യത്തിന്റെ ശ്രമം.
 

മുംബൈ: വജ്ര ഖനന മേഖലയിലേക്ക് ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത് ആഫ്രിക്കന്‍ രാജ്യമായ അംഗോള. ആഫ്രിക്കയില്‍ വജ്രം ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് അംഗോള. ഇതുവരെ 40 ശതമാനം സ്ഥലത്ത് മാത്രമാണ് അംഗോള വജ്ര ഖനനം നടത്തുന്നത്. വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ കമ്പനികളെ ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് നേരിട്ടുള്ള നിക്ഷേപം സ്വീകരിക്കുകയാണ് അംഗോളയെന്ന് രാജ്യത്തെ ഇന്ത്യന്‍ അംബാസഡര്‍ പ്രതിഭ പാര്‍കര്‍ വ്യക്തമാക്കി. ജെംസ് ആന്റ് ജുവല്ലറി എക്‌സ്‌പോര്‍ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയത്.

ഇന്ധന കയറ്റുമതിയിലേക്ക് നല്‍കുന്ന പ്രാധാന്യം മറ്റ് മേഖലകളിലേക്ക് കൂടി വഴിതിരിച്ച് വിടാനാണ് ശ്രമം. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ നല്‍കുക. വജ്ര ഉല്‍പ്പാദനം 90 ലക്ഷം കാരറ്റില്‍ നിന്ന് 1.50 കോടി കാരറ്റിലേക്ക് എത്തിക്കാനാണ് രാജ്യത്തിന്റെ ശ്രമം. 

അംഗോളയില്‍ നിന്നുള്ള കയറ്റുമതിയുടെ പത്ത് ശതമാനം ഇന്ത്യയിലേക്കാണ്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ഇന്ധനവും ആഭരണങ്ങളും വരുന്ന രണ്ടാമത്തെ വലിയ ആഫ്രിക്കന്‍ രാജ്യവും അംഗോളയാണ്. അംഗോളയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഡയമണ്ടിന്റെ മൂല്യം 2019-20 കാലത്ത് 6.01 ദശലക്ഷം ഡോളറായിരുന്നു.

click me!