
അനില്‍ അംബാനിക്ക് മേല്‍ നിയമക്കുരുക്ക് മുറുകുന്നു. റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 3,000 കോടിയിലധികം വിലമതിക്കുന്ന 40-ല്‍ പരം സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അംബാനിയുടെ പാലി ഹില്ലിലെ വസതിയും പ്രധാന നഗരങ്ങളിലെ മറ്റ് നിരവധി ആസ്തികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 3,084 കോടി രൂപയുടെ സ്വത്തുക്കളാണ് താല്‍ക്കാലികമായി കണ്ടുകെട്ടിയതെന്ന് ഇ.ഡി. അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 5(1) വകുപ്പ് പ്രകാരമാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് , റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികള്‍ പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച പണം വകമാറ്റുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് ഇപ്പോഴത്തെ നടപടി.
2017-നും 2019-നും ഇടയില്‍ യെസ് ബാങ്ക് ഈ രണ്ട് റിലയന്‍സ് കമ്പനികളിലായി 5,000 കോടിയിലധികം നിക്ഷേപിച്ചിരുന്നു. എന്നാല്‍ 2019 ഡിസംബറോടെ ഈ നിക്ഷേപങ്ങള്‍ കിട്ടാക്കടമായി മാറി. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന് 1,353.50 കോടിയും റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന് 1,984 കോടിയും തിരിച്ചടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നു. റിലയന്‍സ് നിപ്പോണ്‍ മ്യൂച്വല്‍ ഫണ്ട് വഴി അനില്‍ അംബാനി ഗ്രൂപ്പിന്റെ ധനകാര്യ കമ്പനികളില്‍ നേരിട്ട് നിക്ഷേപം നടത്തുന്നത് സെബിയുടെ നിയമങ്ങള്‍ പ്രകാരം അനുവദനീയമായിരുന്നില്ല. ഈ നിയന്ത്രണം മറികടക്കാന്‍, മ്യൂച്വല്‍ ഫണ്ട് വഴി പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച പണം യെസ് ബാങ്ക് വഴിയുള്ള നിക്ഷേപങ്ങളായി റിലയന്‍സ് ഗ്രൂപ്പ് കമ്പനികളിലേക്ക് എത്തിച്ചുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.
യെസ് ബാങ്കിന്റെ വായ്പകള്‍ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് , റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നിവയ്ക്ക് ലഭിച്ചു. ഈ രണ്ട് കമ്പനികള്‍ തുടര്‍ന്ന് റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ള മറ്റ് സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ നല്‍കി. വായ്പയായി നല്‍കിയ പണം പിന്നീട് ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്തുവെന്ന് ഇ.ഡി. അന്വേഷണത്തില്‍ വ്യക്തമായി. വായ്പകള്‍ അനുവദിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായും ഇ.ഡി. പറയുന്നു. ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികള്‍ക്ക് പരിശോധനകളില്ലാതെ അസാധാരണമായ വേഗത്തിലാണ് വായ്പകള്‍ നല്‍കിയത്. പലപ്പോഴും വായ്പാ അപേക്ഷ, അംഗീകാരം, കരാര്‍ എന്നിവ ഒരേ ദിവസം പൂര്‍ത്തിയാക്കി. ചില സാഹചര്യങ്ങളില്‍, വായ്പ ഔദ്യോഗികമായി അനുവദിക്കുന്നതിന് മുമ്പുതന്നെ പണം കൈമാറി.
സ്ഥലപരിശോധനകളോ കൂടിക്കാഴ്ചകളോ നടന്നില്ല, രേഖകളില്‍ മാറ്റം വരുത്തുകയും തീയതി രേഖപ്പെടുത്താതിരിക്കുകയും ചെയ്തതായും കണ്ടെത്തി. വായ്പയെടുത്ത പല കമ്പനികളും സാമ്പത്തികമായി ദുര്‍ബലമോ പ്രവര്‍ത്തിക്കാത്തതോ ആയിരുന്നു. വായ്പക്ക് ഈടായി നല്‍കിയ ആസ്തികള്‍ തതുല്യമായ മൂല്യമില്ലാത്തതോ, രജിസ്റ്റര്‍ ചെയ്യാത്തതോ, ആയിരുന്നു. ഈ വീഴ്ചകള്‍ മനപ്പൂര്‍വം ആയിരുന്നെന്നും ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. യെസ് ബാങ്ക് മുന്‍ സി.ഇ.ഒ. റാണാ കപൂറും അനില്‍ അംബാനിയും തമ്മിലുള്ള ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ഇടപാടുകള്‍ നടന്നതെന്നാണ് സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ പറയുന്നത്. റാണാ കപൂറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കാരണം യെസ് ബാങ്കിന് 2,700 കോടിയിലധികം നഷ്ടം സംഭവിച്ചതായി സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഈ ക്രമക്കേടുകളെക്കുറിച്ച് ഇ.ഡി. സമാന്തരമായ അന്വേഷണം നടത്തുന്നുണ്ട്.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ വായ്പാ തട്ടിപ്പ് കേസിലും ഇ.ഡി. അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ 13,600 കോടിയിലധികം വഴിതിരിച്ചുവിട്ടതായി കണ്ടെത്തി. ഇതില്‍ 12,600 കോടിയിലധികം ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് ഒഴുക്കി, ബാക്കി തുക സ്ഥിര നിക്ഷേപങ്ങളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിച്ചു. ഈ തുകകള്‍ പിന്നീട് പിന്‍വലിച്ച് വീണ്ടും ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് തിരിച്ചയച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.