അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് വിവാദം ഗുണമായി; കുത്തനെ ഉയർന്ന് പുസ്തക വിൽപ്പന

By Kiran GangadharanFirst Published Oct 25, 2021, 3:23 PM IST
Highlights

ദത്തെടുക്കലുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വിൽപ്പനയാണ് കുതിച്ചുയർന്നത്. തിരുവനന്തപുരം ഓവർ ബ്രിഡ്ജ് ജങ്ഷനിലെ സുകുമാർ ലോ ബുക്സിലെ കണക്കുകളാണ് ഇതിന് തെളിവായിരിക്കുന്നത്

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ കത്തിനിൽക്കുകയാണ് ദത്തെടുക്കൽ വിവാദം(Adoption row). താൻ പ്രസവിച്ച കുഞ്ഞിനെ തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയെന്നും കുഞ്ഞിനെ തിരികെ വേണമെന്നുമുള്ള അനുപമയുടെ ആവശ്യം ചില്ലറ കോളിളക്കമല്ല സംസ്ഥാനത്ത് സൃഷ്ടിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന സംഭവത്തിൽ ഇപ്പോൾ കുഞ്ഞിന്റെ ദത്തെടുക്കൽ നടപടികൾ കോടതി നിർത്തിവെച്ചിരിക്കുകയുമാണ്. എന്നാൽ ഈ വിവാദത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറിയിരിക്കുകയാണ് നിയമ പുസ്തക വിൽപ്പനക്കാരും പ്രസാധകരും.

ദത്തെടുക്കലുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വിൽപ്പനയാണ് കുതിച്ചുയർന്നത്. തിരുവനന്തപുരം ഓവർ ബ്രിഡ്ജ് ജങ്ഷനിലെ സുകുമാർ ലോ ബുക്സിലെ (Sukumar Law Books) കണക്കുകളാണ് ഇതിന് തെളിവായിരിക്കുന്നത്. അഭിഭാഷകരും പൊലീസുദ്യോഗസ്ഥരും സർക്കാർ ജീവനക്കാരുമായി നിരവധി പേരാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമവശങ്ങളറിയാനായി ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വാങ്ങാനായി ഇവിടെയെത്തിയത്.

ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 (Juvenile Justice Act 2015), അഡ്വ കരകുളം മനോജ് തയ്യാറാക്കിയ ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 ന്റെ മലയാളം പരിഭാഷ, നിയമാനുസൃത ദത്തെടുക്കൽ പുസ്തകങ്ങളാണ് വൻതോതിൽ വിറ്റഴിക്കപ്പെട്ടത്. ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ 120 കോപ്പികളാണ് വിവാദത്തിന് ശേഷം ഇവിടെ നിന്ന് വിറ്റുപോയത്. ഇതിന്റെ തന്നെ മലയാളം പരിഭാഷയാകട്ടെ 200 ലേറെ കോപ്പികൾ വിറ്റുപോയി. നിയമാനുസൃത ദത്തെടുക്കൽ പുസ്തകത്തിന്റെ 15ഓളം കോപ്പികളും വിറ്റഴിക്കപ്പെട്ടു.

ഇംഗ്ലീഷ് പതിപ്പ് വാങ്ങാനെത്തിയത് ബന്ധപ്പെട്ട വകുപ്പുകളും അഭിഭാഷകരും ഗുമസ്തന്മാരുമാണ്. ഇവർക്ക് പുറമെ സർക്കാർ ഉദ്യോഗസ്ഥരും പൊലീസുകാരും ഈ പുസ്തകം വാങ്ങി. മലയാളം പതിപ്പ് വാങ്ങിയതിലധികവും സാധാരണ ജനങ്ങളും പൊലീസുകാരുമാണ്. സാധാരണ നിലയിൽ 20 മുതൽ 30 വരെ കോപ്പികളാണ് ഈ മൂന്ന് പുസ്തകങ്ങളുമായി ഒരു മാസം വിറ്റഴിക്കപ്പെടുന്നത്. ഇതിലേറെ പേർ പുസ്തകം വാങ്ങാനെത്തിയെങ്കിലും ഇവ തിരിച്ചും മറിച്ചും നോക്കി റാക്കിൽ തന്നെ തിരികെ വച്ച് മടങ്ങിപ്പോയെന്നും പുസ്തകക്കടയുടമ സന്തോഷ് കുമാർ പറയുന്നു. ഓരോ വിവാദങ്ങളുണ്ടാവുമ്പോഴും ഇത്തരത്തിൽ പുസ്തക വിൽപ്പനയും മെച്ചപ്പെടാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

click me!