
വാഷിംഗ്ടൺ: ആപ്പിളിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് അടുത്ത വർഷം സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്. 2011 ഓഗസ്റ്റിൽ ആണ് സ്റ്റീവ് ജോബ്‌സിന് ശേഷം ആപ്പിളിന്റെ ചുമതല ടിം കുക്ക് ഏറ്റെടുക്കുന്നത്. ആപ്പിളിന്റെ സിഇഒ ആകുന്നതിന് മുമ്പ്, ടിം കുക്ക് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു. ആഗോള സ്മാർട്ട്‌ഫോൺ ബ്രാൻഡിന്റെ ഡയറക്ടർ ബോർഡിലും ടിം കുക്ക് ഉണ്ട്. ആപ്പിൾ തങ്ങളുടെ പിന്തുടർച്ചാ പദ്ധതികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്ഥാനമൊഴിയൽ എന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ആപ്പിളിന്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടെർനസ് ആയിരിക്കും ടിം കുക്കിന്റെ പിൻഗാമിയായി എത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വ്യക്തി. ഈ റിപ്പോർട്ടുകളോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചില്ല. അതേസമയം, ജനുവരി അവസാനത്തോടെഅവസാനത്തോടെ അടുത്ത വരുമാന റിപ്പോർട്ട് അവതരിപ്പിക്കാനിരിക്കെ, അതിനുമുൻപ് ആപ്പിൾ പുതിയ സിഇഒയെ നിയമിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
ആപ്പിളിന്റെ സിഇഒ ടിം കുക്കിന്റെ പ്രതിദിന ശമ്പളം ഏതൊരാളെയും ഞെട്ടിക്കും. ഓപ്പൺ സോഴ്‌സ് വിവരങ്ങൾ അനുസരിച്ച്, ടിം കുക്ക് പ്രതിദിനം സമ്പാദിക്കുന്നത് 1 കോടി രൂപയിലധികമാണ്. 2021 ൽ അദ്ദേഹത്തിന്റെ മൊത്തം ശമ്പള പാക്കേജ് 98.7 മില്യൺ ഡോളറായിരുന്നു. 2022-ൽ ടിം കുക്കിന് 99.4 മില്യൺ ഡോളർ ശമ്പളം നൽകിയതായി ആപ്പിൾ ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ വെളിപ്പെടുത്തിയിരുന്നു, അതിൽ 3 മില്യൺ ഡോളർ അടിസ്ഥാന ശമ്പളവും ഏകദേശം 83 മില്യൺ ഡോളർ സ്റ്റോക്ക് അവാർഡുകളും ബോണസും ആണ്.