സഹായം ഉറപ്പ് നൽകി എഡിബി; ഇന്ത്യയുടെ കൊവിഡ് പ്രതിരോധ നടപടികളെ മസത്‌സുഗു അസകവ അഭിനന്ദിച്ചു

By Web TeamFirst Published Apr 10, 2020, 1:19 PM IST
Highlights

അനൗപചാരിക തൊഴിലാളികൾ, സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായങ്ങൾ എന്നിവയെ സഹായിക്കാൻ എഡിബി തയ്യാറാണെന്നും അസകവ പറഞ്ഞു.

ദില്ലി: കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ 2.2 ബില്യൺ ഡോളർ (ഏകദേശം 16,500 കോടി രൂപ) ധനസഹായം നൽകാമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് മസത്‌സുഗു അസകവ ധനമന്ത്രി നിർമല സീതാരാമന് ഉറപ്പ് നൽകി. 

ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ, നികുതി ഇളവുകൾ, ബിസിനസുകൾക്ക് നൽകുന്ന മറ്റ് ആശ്വാസ നടപടികൾ, അടിയന്തര വരുമാനം നൽകുന്നതിനായി മാർച്ച് 26 ന് പ്രഖ്യാപിച്ച 23 ബില്യൺ ഡോളർ (1.7 ട്രില്യൺ രൂപ) സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് എന്നിവ ഉൾപ്പെടെ പകർച്ചവ്യാധി പ്രതിരോധിക്കുന്നതിനുളള സർക്കാരിന്റെ നിർണായക നടപടികളെ അസകവ അഭിനന്ദിച്ചു. 

ഇന്ത്യയുടെ അടിയന്തര ആവശ്യങ്ങളെ പിന്തുണയ്ക്കാൻ എഡിബി പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യമേഖലയ്ക്ക് 2.2 ബില്യൺ ഡോളർ അടിയന്തര സഹായം നൽകാനും പാവപ്പെട്ടവർക്ക് കൊവിഡ് മൂലമുളള സാമ്പത്തിക ആഘാതം ലഘൂകരിക്കാനും ഞങ്ങൾ സഹായിക്കും. അനൗപചാരിക തൊഴിലാളികൾ, സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായങ്ങൾ എന്നിവയെ സഹായിക്കാൻ എഡിബി തയ്യാറാണെന്നും അസകവ പറഞ്ഞു.

ഈ കാലയളവിൽ സ്വകാര്യമേഖലയിൽ നിന്നുളള ധനകാര്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബാങ്ക് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എഡിബി പ്രസ്താവനയിൽ പറഞ്ഞു.

click me!