മഹാമാരി ബോണ്ടുമായി കേരളം: വായ്പാ പരിധി കൂട്ടണം, മൊറട്ടോറിയം നീട്ടണം: മോദിക്ക് കത്ത്

By Web TeamFirst Published Apr 9, 2020, 7:27 PM IST
Highlights

മൊറട്ടോറിയം കാലാവധി മൂന്ന് മാസം മതിയാകില്ല, ചുരുങ്ങിയത് ഒരു വർഷമെങ്കിലും ആക്കി ദീർഘിപ്പിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നതാണ്. അതേ ആവശ്യം മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ഉന്നയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മഹാമാരി ബോണ്ടിറക്കാൻ അടിയന്തരമായി അനുമതി നൽകണമെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി അഞ്ച് ശതമാനമായി ഉയർത്തണമെന്ന ആവശ്യം പ്രളയകാലം മുതൽ ഉയർത്തുന്നതാണ്. അത് വീണ്ടും ആവശ്യപ്പെട്ടു. ഒപ്പം അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നും വാങ്ങുന്ന കൊവിഡ് പ്രതിരോധപ്രവ‍ർത്തനങ്ങൾക്കായുള്ള വായ്പയെ വായ്പാപരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. 

സംസ്ഥാനങ്ങളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലും ഇക്കാര്യം സംസ്ഥാനം കേന്ദ്രസർക്കാരിനെ അറിയിച്ചതാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള ജിഎസ്‍ടി റീഫണ്ട് അടിയന്തരമായി നൽകണം.

ഒപ്പം വ്യക്തിഗത വായ്പകളുടേതടക്കം മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. മൊറട്ടോറിയം കാലാവധി മൂന്ന് മാസം മതിയാകില്ല, ചുരുങ്ങിയത് ഒരു വർഷമെങ്കിലും ആക്കി ദീർഘിപ്പിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നതാണ്. ഇതേ ആവശ്യമാണ് വീണ്ടും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിൽ വയ്ക്കുന്നത്. 

''പ്രധാനമന്ത്രിക്ക് അയച്ച മറ്റൊരു കത്തിൽ കൊവിഡിനെത്തുടർന്ന് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രത്യേകം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും വരുമാനം നിലച്ചു. പൊതുജനാരോഗ്യപരിപാലനത്തിനുള്ള ചിലവ് കുത്തനെ കൂടി. ഈ ഘട്ടത്തിൽ ഓപ്പൺ മാർക്കറ്റിൽനിന്ന് വായ്പയെടുത്തേ മുന്നോട്ടുപോകാനാകൂ. മഹാമാരി ബോണ്ടിറക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണം. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി 5 ശതമാനമായി ഉയർത്തുക. രോഗപ്രതിരോധത്തിനും പുനർനിർമാണത്തിനും പുറത്തു നിന്നുള്ള ഏജൻസികളിൽ നിന്ന് വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കുക എന്നതും ഉന്നയിച്ചിട്ടുണ്ട്'', മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, വായ്പാ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരിൽ ജപ്തി നടപടികളിലേക്ക് പോകരുതെന്ന് സംസ്ഥാനത്തെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. എസ്എൽബിസി, അഥവാ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. തൽക്കാലം ജപ്തി നടപടികൾ നീട്ടണമെന്നും മുഖ്യമന്ത്രി ബാങ്കുകളോട് പറഞ്ഞു. 

click me!