
ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യക്കാരുടെ ശരാശരി ക്രെഡിറ്റ് സ്‌കോർ പുറത്തുവിട്ട് ക്രെഡിറ്റ് സ്‌കോർ മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ വൺസ്‌കോർ. 715 ആയിരുന്നു 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാരുടെ ശരാശരി ക്രെഡിറ്റ് സ്‌കോർ.
Read Also: പാലിന്റെ ഡിമാൻഡ് കൂടും, കയറ്റുമതി ഉയരും; അഞ്ച് വർഷംകൊണ്ട് 2 മടങ്ങ് വളർച്ച
രാജ്യത്തുടനീളമുള്ള വൺസ്‌കോറിന്റെ 9 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്കിടയിൽ നടത്തിയ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ പ്രകാരമാണ് റിപ്പോർട്ട് . ക്രെഡിറ്റ് സാക്ഷരതാ സൂചികയിൽ 715 എന്ന സ്കോർ മോശമില്ലാത്ത ഒന്നാണ്.
എന്താണ് ക്രെഡിറ്റ് സ്കോർ?
ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിലോ, വായ്പകൾ മുടങ്ങിയാലോ, ഇഎംഐ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയാലോ ക്രെഡിറ്റ് സ്‌കോറുകൾ കുറയും. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകൾ വിസമ്മതിച്ചേക്കാം.