പേടിക്കാനുണ്ട്! ഡിജിറ്റലൈസഷന്‍ പണി കളഞ്ഞു; ആക്‌സിസ് ബാങ്ക് വെട്ടിക്കുറച്ചത് 3000 ജീവനക്കാരെ, സാങ്കേതികവിദ്യ കരുത്തായെന്ന് ബാങ്ക്

Published : Apr 27, 2026, 08:46 PM IST
axis bank

Synopsis

ആക്‌സിസ് ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,000 ജീവനക്കാരെയാണ് കുറച്ചത്. ഡിജിറ്റലൈസേഷനാണ് ഇതിന് കാരണമായി പറയുന്നത്. സാങ്കേതിക വിദ്യയിലെ നിക്ഷേപം കാര്യക്ഷമത വര്‍ധിപ്പിച്ചെങ്കിലും, ബാങ്ക് 400 പുതിയ ശാഖകള്‍ തുറക്കുകയും പുതിയ നിയമനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 

ആക്‌സിസ് ബാങ്കില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരുന്ന 1.04 ലക്ഷം ജീവനക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ ജീവനക്കാരുടെ എണ്ണം 1.01 ലക്ഷം മാത്രം. ഒരു വര്‍ഷം കൊണ്ട് കുറഞ്ഞത് 3,000 ജീവനക്കാര്‍. ബാങ്കിംഗ് രംഗത്തെ ഡിജിറ്റലൈസേഷന്‍ കാരണമാണ് ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം. സാങ്കേതിക വിദ്യയിലുള്ള നിക്ഷേപം പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചതായും ബാങ്ക് വ്യക്തമാക്കുന്നു.

ബാങ്കിന്റെ ദീര്‍ഘകാല ഡിജിറ്റല്‍ ലക്ഷ്യങ്ങളുടെ സ്വാഭാവികമായ പ്രതിഫലനമാണ് ജീവനക്കാരുടെ എണ്ണത്തിലുണ്ടായ ഈ മാറ്റമെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാങ്കേതിക വിദ്യയ്ക്കായി നടത്തിയ നിക്ഷേപം ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചല്ല ഈ കുറവ് വരുത്തിയിട്ടുള്ളതെന്നും ബാങ്കിന്റെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ മൊത്തമായാണ് ഈ മാറ്റം പ്രതിഫലിച്ചതെന്നും അധികൃതര്‍ വിശദീകരിച്ചു.

പുതിയ ശാഖകളും ഡിജിറ്റല്‍ വളര്‍ച്ചയും

ജീവനക്കാരുടെ എണ്ണം കുറയ്ക്കുമ്പോഴും ബാങ്കിന്റെ ഭൗതികമായ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ആക്‌സിസ് ബാങ്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തുടനീളം ഏകദേശം 400 പുതിയ ശാഖകളാണ് ബാങ്ക് ആരംഭിച്ചത്. ഇതിനായി പുതിയ ജീവനക്കാരെ നിയമിക്കുകയും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം തന്നെ ഡിജിറ്റല്‍ സേവനങ്ങളുടെ വേഗത കൂട്ടാനുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 3-4 വര്‍ഷമായി പ്രവര്‍ത്തന ചിലവിന്റെ 9 മുതല്‍ 10 ശതമാനം വരെ സാങ്കേതിക വിദ്യയ്ക്കായി ബാങ്ക് മാറ്റിവെക്കുന്നു.

എഐ ബാങ്ക് ജോലി കവരുന്നോ?

എഐ പോലുള്ള സാങ്കേതിക വിദ്യകള്‍ നിലവില്‍ ജോലി നഷ്ടപ്പെടാന്‍ കാരണമായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി. ബാങ്കിംഗ് ഇടപാടുകളുടെ വേഗത കൂട്ടുന്നതിനും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമാണ് ഇപ്പോള്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നത്. മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുന്ന രീതിയിലേക്ക് എഐ മാറിയിട്ടില്ലെന്നും ബാങ്ക് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍; അമേരിക്കക്ക് ചെക്ക് വച്ച് ഇന്ത്യന്‍ കമ്പനി, യുഎസ് ഫാർമ കമ്പനിയെ ഏറ്റെടുക്കാന്‍ സണ്‍ ഫാര്‍മ
വീട്ടു ജോലികള്‍ക്കായി ആളുകളെ തേടി ഇന്ത്യക്കാരെത്തുന്നത് എവിടെ? ഒരു കോടി ഉപഭോക്താക്കൾ! മൊബൈല്‍ ആപ്പുകള്‍ക്ക് നഗരങ്ങളില്‍ വന്‍ സ്വീകാര്യത