ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍; അമേരിക്കക്ക് ചെക്ക് വച്ച് ഇന്ത്യന്‍ കമ്പനി, യുഎസ് ഫാർമ കമ്പനിയെ ഏറ്റെടുക്കാന്‍ സണ്‍ ഫാര്‍മ

Published : Apr 27, 2026, 08:29 PM IST
medicine

Synopsis

യുഎസ് മരുന്ന് കമ്പനിയായ 'ഓർഗനോനെ' 1.10 ലക്ഷം കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ സൺ ഫാർമ ധാരണയിലെത്തി. രാജ്യത്തെ ഏറ്റവും വലിയ ഈ ഫാർമ ഇടപാടിലൂടെ സ്ത്രീകളുടെ ആരോഗ്യം, ബയോസിമിലറുകൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സൺ ഫാർമയ്ക്ക് ആഗോള തലത്തിൽ നിർണായക മുന്നേറ്റം സാധ്യമാകും.

ലോകത്തെ മരുന്ന് വിപണിയില്‍ ഇന്ത്യയുടെ കരുത്ത് വിളിച്ചോതി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്. യുഎസ് ആസ്ഥാനമായ ആഗോള മരുന്ന് കമ്പനിയായ 'ഓര്‍ഗനോനെ' 1,175 കോടി ഡോളറിന് (ഏകദേശം 1.10 ലക്ഷം കോടി രൂപ) ഏറ്റെടുക്കാന്‍ ധാരണയായി. രാജ്യത്ത് ഒരു ഫാര്‍മ കമ്പനി നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ഇടപാടാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്ന് കമ്പനികളിലൊന്നായ അമേരിക്ക ആസ്ഥാനമായുള്ള മെര്‍ക്ക് എന്ന കമ്പനിയില്‍ നിന്ന് 2021-ലാണ് ഓര്‍ഗനോന്‍ ഒരു പ്രത്യേക കമ്പനിയായി വേര്‍പിരിഞ്ഞത്.

കുതിച്ചുയര്‍ന്ന് ഓഹരി വില

കരാര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സണ്‍ ഫാര്‍മയുടെ ഓഹരികളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇയില്‍ ഓഹരി വില 8.07% ഉയര്‍ന്ന് 1,750.65 രൂപയിലെത്തി. ഈ ഇടപാടിലൂടെ കമ്പനിക്കുണ്ടാകാന്‍ പോകുന്ന ആഗോള വളര്‍ച്ചയിലാണ് വിപണി കണ്ണ് വെക്കുന്നത്.

എന്താണ് ഈ 'ഓര്‍ഗനോന്‍' ഡീലിന്റെ പ്രത്യേകത?

140-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ഓര്‍ഗനോന്‍. ഈ ഏറ്റെടുപ്പിലൂടെ സണ്‍ ഫാര്‍മയ്ക്ക് ലഭിക്കുന്നത് മൂന്ന് പ്രധാന മേഖലകളിലെ ആധിപത്യമാണ്:

സ്ത്രീകളുടെ ആരോഗ്യം: വന്ധ്യതാ ചികിത്സ, ഗര്‍ഭനിരോധനം തുടങ്ങിയ മേഖലകളിലെ മുന്‍നിര മരുന്നുകള്‍.

വിശ്വസ്ത ബ്രാന്‍ഡുകള്‍: വര്‍ഷങ്ങളായി വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന, സ്ഥിരമായി ലാഭം നല്‍കുന്ന മരുന്നുകള്‍.

ബയോസിമിലറുകള്‍: ചെലവേറിയ മരുന്നുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ബദല്‍ മരുന്നുകള്‍ (ഭാവിയിലെ ഏറ്റവും വലിയ വിപണിയാണിത്). പുതുതായി ഈ മേഖലയിലേക്ക് കടന്നു വരാന്‍ വര്‍ഷങ്ങളെടുക്കും. എന്നാല്‍ ഓര്‍ഗനോനെ വാങ്ങുന്നതിലൂടെ സണ്‍ ഫാര്‍മയ്ക്ക് ഈ വിപണിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.ആഗോള ഫാര്‍മ രംഗത്ത് സണ്‍ ഫാര്‍മയെ സംബന്ധിച്ച് ഇതൊരു വമ്പന്‍ ചുവടുവെപ്പാണ്. ബയോസിമിലര്‍, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ ലോകത്തെ ഏറ്റവും വലിയ 25 കമ്പനികളില്‍ ഒന്നായി സണ്‍ ഫാര്‍മ ഇതോടെ മാറും.

പണം എവിടെ നിന്ന്?

ഏകദേശം 23,000 കോടി രൂപ കമ്പനിയുടെ കൈവശമുള്ള പണം ഉപയോഗിക്കും. ബാക്കി തുക ബാങ്ക് വായ്പകളിലൂടെ കണ്ടെത്തും. ഓര്‍ഗനോന്‍ ഇതിനകം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായതുകൊണ്ട് തന്നെ, അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിലൂടെ ഈ കടം എളുപ്പത്തില്‍ വീട്ടാന്‍ സാധിക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു.

സണ്‍ ഫാര്‍മയുടെ ചരിത്രം

വന്‍കിട ഏറ്റെടുക്കലുകള്‍ നടത്തി വിജയിച്ച ചരിത്രമാണ് സണ്‍ ഫാര്‍മയ്ക്കുള്ളത്. 2014-ല്‍ റാന്‍ബാക്‌സിയെ ഏറ്റെടുത്തത് ഇതിനൊരു ഉദാഹരണമാണ്. അന്ന് നേരിട്ട പ്രതിസന്ധികളെല്ലാം തരണം ചെയ്ത് കമ്പനി ലാഭമുണ്ടാക്കി. ഈ മുന്‍പരിചയമാണ് ഇത്തവണയും വിപണിക്ക് കമ്പനിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. ഈ കരാര്‍ പൂര്‍ത്തിയാകുന്നതോടെ സണ്‍ ഫാര്‍മയുടെ വാര്‍ഷിക വരുമാനം ഏകദേശം 1.15 ലക്ഷം കോടി രൂപയായി ഉയരും.

ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ കമ്പനിയാണ സണ്‍ഫാര്‍മ. മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം. 983-ല്‍ ഗുജറാത്തിലെ വാപിയില്‍ വെറും അഞ്ച് ഉല്‍പ്പന്നങ്ങളുമായി ദിലീപ് സാങ്വി എന്ന സംരംഭകനാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരന്‍ എന്നതിലുപരി, ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ സ്‌പെഷ്യാലിറ്റി ജനറിക് മരുന്ന് കമ്പനിയാണ് സണ്‍ ഫാര്‍മ. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളില്‍ സണ്‍ ഫാര്‍മ മരുന്നുകള്‍ വില്‍ക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വീട്ടു ജോലികള്‍ക്കായി ആളുകളെ തേടി ഇന്ത്യക്കാരെത്തുന്നത് എവിടെ? ഒരു കോടി ഉപഭോക്താക്കൾ! മൊബൈല്‍ ആപ്പുകള്‍ക്ക് നഗരങ്ങളില്‍ വന്‍ സ്വീകാര്യത
1991-ലെ 'രഹസ്യനീക്കം'; നിത്യവൃത്തിക്ക് സ്വര്‍ണ്ണം പണയം വെച്ച ഇന്ത്യ, ഇന്ന് 700 ബില്യണ്‍ ഡോളറിന്റെ കരുത്ത്