കർണാടക സംഗീത പ്രതിഭ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തിൽ 250 രൂപയുടെ പ്രത്യേക സ്മാരക നാണയം പുറത്തിറക്കി. വാരണാസിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് നാണയ പ്രകാശനം നിർവ്വഹിച്ചത്. റിസർവ് ബാങ്ക് പുറത്തിറക്കിയ ഈ നാണയം ഗവൺമെന്റ് മിന്റിന്റെ വെബ്സൈറ്റ് വഴി വാങ്ങാൻ സാധിക്കും.
വാരണസി: കർണാടക സംഗീത പ്രതിഭ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 250 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.വാരണാസിയിലെ ഐഐടി- ബനാറസ് ഹിന്ദു സർവകലാശാലയിൽ (IIT-BHU) സംഘടിപ്പിച്ച ചടങ്ങിലാണ് ധനമന്ത്രി നാണയ പ്രകാശനം നിർവ്വഹിച്ചത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് (RBI) ഈ സ്മാരക നാണയം പുറത്തിറക്കിയിരിക്കുന്നത്. പൊതുവായ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനേക്കാൾ, ശേഖരണത്തിനായി (memorabilia) നിർമ്മിത ലോഹങ്ങളിൽ പരിമിതമായ അളവിൽ മാത്രമാണ് ഇത്തരം സ്മാരക നാണയങ്ങൾ നിർമ്മിക്കുന്നത്. ഗവൺമെന്റ് മിന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 6,985 രൂപ നിരക്കിൽ ഈ നാണയം വാങ്ങാൻ ലഭ്യമാണ്.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനും സാംസ്കാരിക പാരമ്പര്യത്തിനും മുത്തുസ്വാമി ദീക്ഷിതർ നൽകിയ സംഭാവനകളെ ധനമന്ത്രി ചടങ്ങിൽ സ്മരിച്ചു. ചടങ്ങിന് മുന്നോടിയായി ബിഎച്ച്യു സ്ഥാപകൻ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ ധനമന്ത്രി പുഷ്പാർച്ചന നടത്തി. കർണാടകയിൽ നിന്നുള്ള പ്രമുഖ സംഗീതജ്ഞ ഡോ. സുമിത്ര വാസുദേവിന്റെ സംഗീത കച്ചേരിയും ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നു.
ത്യാഗരാജ സ്വാമികൾക്കും ശ്യാമ ശാസ്ത്രികൾക്കുമൊപ്പം കർണാടക സംഗീതത്തിലെ 'ത്രിമൂർത്തികളിൽ' ഒരാളായാണ് മുത്തുസ്വാമി ദീക്ഷിതർ അറിയപ്പെടുന്നത്. സംസ്കൃതത്തിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ 450-ലേറെ കൃതികൾ ഭക്തിയും തത്ത്വചിന്തയും പരമ്പരാഗത സംഗീതരീതികളും സമന്വയിക്കുന്നവയാണ്. വാരണാസിയിൽ ഏറെക്കാലം വസിച്ച അദ്ദേഹം അവിടെയുള്ള ക്ഷേത്രങ്ങളെയും ദേവീദേവന്മാരെയും കുറിച്ച് നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.






