കേന്ദ്രം ഇടപെട്ടു; യുപിഐ ഇടപാടിന് ഈടാക്കിയ ഫീസ് ബാങ്കുകള്‍ തിരികെ നല്‍കാന്‍ ഉത്തരവ്

Web Desk   | Asianet News
Published : Aug 30, 2020, 10:56 PM ISTUpdated : Aug 30, 2020, 10:59 PM IST
കേന്ദ്രം ഇടപെട്ടു; യുപിഐ ഇടപാടിന് ഈടാക്കിയ ഫീസ് ബാങ്കുകള്‍ തിരികെ നല്‍കാന്‍ ഉത്തരവ്

Synopsis

യുപിഐ വഴി ഒരു വ്യക്തി മറ്റ് സ്വകാര്യ വ്യക്തികൾക്ക് 20 ലേറെ തവണ പണമയച്ചാലാണ് ചില സ്വകാര്യ ബാങ്കുകൾ ഫീസ് ഈടാക്കിയിരുന്നത്.

ദില്ലി: കൊവിഡ് കാലത്ത് ഉപഭോക്താക്കൾ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് തുടങ്ങിയതോടെ അതിനും ഫീസ് ഈടാക്കിയ സ്വകാര്യ ബാങ്കുകൾക്ക് തിരിച്ചടി. യുപിഐ പേമെന്റ് പൂർണ്ണമായും സൗജന്യമായിരിക്കണം എന്ന നിർദ്ദേശം കർശനമായി പാലിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുത്ത തുക തിരികെ നൽകാൻ ഉത്തരവിട്ടു. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ ഡിജിറ്റൽ ഇടപാടുകൾക്കായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ ചാർജുകൾ റീഫണ്ട് ചെയ്യാനാണ് നിർദ്ദേശം.

യുപിഐ വഴി ഒരു വ്യക്തി മറ്റ് സ്വകാര്യ വ്യക്തികൾക്ക് 20 ലേറെ തവണ പണമയച്ചാലാണ് ചില സ്വകാര്യ ബാങ്കുകൾ ഫീസ് ഈടാക്കിയിരുന്നത്. ആദ്യ 20 ഇടപാടുകൾ സൗജന്യവും പിന്നീടുള്ള ഇടപാടുകൾക്ക് 2.50 രൂപ മുതൽ അഞ്ച് രൂപ വരെ ഫീസുമാണ് ഈടാക്കിയിരുന്നത്. സംഭവം വാർത്തയായതോടെയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഈ വിഷയത്തിൽ ഇടപെട്ടത്. ലോക്ക്ഡൗൺ കാലത്ത് ഓരോ മാസവും യുപിഐ ഇടപാടുകളിൽ എട്ട് ശതമാനം വളർച്ചയാണ് ഉണ്ടായത്. ആഗസ്റ്റ് മാസത്തിൽ 160 കോടി ഇടപാടുകൾ നടക്കുമെന്നാണ് റിപ്പോർട്ട്.

ഈ പശ്ചാത്തലത്തിൽ ഉപഭോക്താക്കളെ വലയ്ക്കുന്ന തരത്തിലുള്ള യാതൊരു ശ്രമത്തിനും കൂട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. സിസ്റ്റത്തിൽ ഇടപാടുകളുടെ ലോഡ് കുറയ്ക്കാനാണ് ഈ നിസാര നിരക്ക് ഏർപ്പെടുത്തിയതെന്ന ന്യായീകരണമാണ് ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിൽ യുപിഐ പേമെന്റ്സ് സൗജന്യമായിരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. ബില്ലുകളും മറ്റും അടയ്ക്കുന്നത് മാത്രമാണ് സൗജന്യം, വ്യക്തികൾ തമ്മിലുള്ള പണമിടപാടുമായി ഇതിന് ബന്ധമില്ലെന്നും വ്യാഖ്യാനിച്ചാണ് ബാങ്കുകൾ ഫീസ് ഈടാക്കിയിരുന്നത്.

PREV
click me!

Recommended Stories

എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍
ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ