സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പൂട്ടിടാൻ ഹോട്ടലുകൾ! 'ആവശ്യങ്ങൾ അംഗീകരിക്കണം', ബെംഗളൂരുവിൽ ഓഗസ്റ്റ് 15 മുതൽ ആപ്പുകൾ ബഹിഷ്‌കരിക്കാൻ ഹോട്ടലുകൾ

Published : Jul 29, 2026, 03:33 PM IST
swiggy zomato

Synopsis

ബെംഗളൂരുവിലെ ആയിരത്തിലധികം ഹോട്ടലുകൾ പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. ആപ്പുകൾ ഈടാക്കുന്ന അമിത കമ്മീഷൻ, അനാവശ്യ ഡിസ്കൗണ്ടുകൾ, ഏകപക്ഷീയമായ നടപടികൾ എന്നിവയിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

ബെംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും സേവനം അവസാനിപ്പിക്കാൻ ബെംഗളൂരുവിലെ ആയിരത്തിലധികം ഹോട്ടലുകൾ. ഓഗസ്റ്റ് 15-ന് ശേഷം ഈ ആപ്പുകളുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ പറയുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം കൊണ്ടല്ല, മറിച്ച് ഡെലിവറി ആപ്പുകളുടെ അമിത കമ്മീഷനും അനാവശ്യ ഡിസ്കൗണ്ടുകളും മൂലം സഹികെട്ടാണ് ആയിരത്തിലധികം ഹോട്ടലുടമകൾ ആപ്പുകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15-നകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സേവനങ്ങൾ പൂർണമായും നിർത്തിവെക്കുമെന്നാണ് റെസ്റ്റോറന്റ് അസോസിയേഷനുകളുടെ മുന്നറിയിപ്പ്.

എന്താണ് ഹോട്ടലുടമകളുടെ പ്രധാന പരാതികൾ?

കെട്ടിട വാടക, ജീവനക്കാരുടെ ശമ്പളം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം എന്നിവ മൂലം ഹോട്ടൽ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോൾ, ഡെലിവറി ആപ്പുകൾ ഈടാക്കുന്ന തുക തങ്ങളെ വൻ നഷ്ടത്തിലേക്ക് തള്ളിയിടുകയാണെന്ന് അസോസിയേഷനുകൾ പറയുന്നു. റെസ്റ്റോറന്റുകളുടെ അനുവാദമില്ലാതെ പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന അനാവശ്യ ഓഫറുകളുടെയും ഡിസ്കൗണ്ടുകളുടെയും ഭാരം ഹോട്ടലുടമകളുടെ തലയിൽ കെട്ടിവെക്കുന്നുവെന്നും പരാതിയുണ്ട്. വ്യക്തമായ സമ്മതമില്ലാതെ പ്രൊമോഷണൽ ക്യാമ്പെയ്നുകൾക്കായും പരസ്യങ്ങൾക്കായും ഹോട്ടലുകളുടെ വരുമാനത്തിൽ നിന്ന് പണം ഈടാക്കുന്നുവെന്നും ഹോട്ടലുടമകൾ പറയുന്നു.

ഇത് കൂടാതെ, ഉപഭോക്താവ് എന്തെങ്കിലും പരാതി ഉന്നയിച്ചാൽ ഉടൻ തന്നെ ഹോട്ടലുടമയുടെ വരുമാനത്തിൽ നിന്ന് പണം കമ്പനികൾ താനേ വെട്ടി കുറയ്ക്കുന്നുമുണ്ട്. ഭക്ഷണം തയ്യാറാക്കിയ ശേഷം ഓർഡർ ക്യാൻസൽ ചെയ്താൽ ഉണ്ടാകുന്ന പൂർണ്ണ നഷ്ടം ഹോട്ടലുകൾ തന്നെ സഹിക്കേണ്ടി വരുന്നുവെന്നും ഹോട്ടലുടമകൾ പറയുന്നു.

ഹോട്ടലുടമകളുടെ പ്രധാന ആവശ്യങ്ങൾ

ഓഗസ്റ്റ് 15ന് മുൻപായി സ്വിഗ്ഗിയും സൊമാറ്റോയും ചില പറയുന്ന കാര്യങ്ങളിൽ വ്യക്തമായ എഴുതി തയ്യാറാക്കിയ മറുപടി നൽകണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

  • ഉപഭോക്താക്കളുടെ പരാതികളിൽ ഹോട്ടലുകളുടെ ഭാഗം കേൾക്കാതെ പെട്ടെന്ന് പണം വെട്ടിക്കുറയ്ക്കരുത്.
  • ഭക്ഷണം തയ്യാറാക്കിയ ശേഷം ഓർഡർ ക്യാൻസൽ ചെയ്താൽ ഉണ്ടാകുന്ന നഷ്ടം ഹോട്ടലുകൾക്ക് നികത്തി നൽകണം.
  • ഹോട്ടലുടമകളുടെ കൃത്യമായ സമ്മതമില്ലാതെ പ്രൊമോഷനുകളും പരസ്യ നിരക്കുകളും ഈടാക്കുന്നത് പൂർണ്ണമായും നിർത്തിവെക്കണം.
  • ഓരോ മാസത്തെയും തുക വെട്ടിക്കുറയ്ക്കലിന്റെ വ്യക്തമായ പ്രതിമാസ റിപ്പോർട്ട് (Itemised Monthly Report) നൽകണം.
  • അക്കൗണ്ട് സംബന്ധമായ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഓരോ ഹോട്ടലിനും പ്രത്യേക 'റിലേഷൻഷിപ്പ് മാനേജരെ' അനുവദിക്കണം.

ഓഗസ്റ്റ് 15-ന് മുമ്പ് കമ്പനികളും ഹോട്ടലുടമകളും തമ്മിലുള്ള ഈ തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ബെംഗളൂരുവിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്ന പതിനായിരക്കണക്കിന് ഉപഭോക്താക്കൾക്ക് അത് വലിയ തിരിച്ചടിയാകും.

PREV
Read more Articles on
click me!

Recommended Stories

അടിപതറി ഇന്ത്യയും അമേരിക്കയും യൂറോപ്പും! വമ്പൻമാരെ വെട്ടി കരുത്തുകാട്ടിയത് ചൈന, ആഗോള ഉദ്പാദനരംഗത്തെ ശക്തി കേന്ദ്രമായി ചൈന
കുഴിമന്തിയും അൽഫാമും കേരളത്തിൽ കിട്ടാക്കനിയാകുമോ? സംസ്ഥാനത്ത് ഹോട്ടൽ മേഖലയിൽ കടുത്ത പ്രതിസന്ധി