ആഗോള നിർമ്മാണ മൂല്യത്തിന്റെ 28% കൈവശം വെച്ച് ആഗോള ഉദ്പാദനരംഗത്തെ ശക്തികേന്ദ്രമായി മാറിയിരിക്കുകയാണ് ചൈന. ഇലക്ട്രോണിക്സ്, ഇവി തുടങ്ങിയ മേഖലകളിൽ ചൈന ആധിപത്യം സ്ഥാപിക്കുമ്പോൾ, വിവിധ പദ്ധതികൾക്കിടയിലും ഇന്ത്യയുടെ പങ്ക് 3% മാത്രമായി ഒതുങ്ങുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ചൈന നേടിയ വൻ വളർച്ചയും മറ്റ് പ്രമുഖ രാജ്യങ്ങളുടെ പിന്നോട്ട് പോക്കും ഇങ്ങനെ…
ആഗോള ഉദ്പാദനരംഗത്തെ ശക്തികേന്ദ്രമായി, മറ്റു രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് ചൈന. ഇതോടെ ലോകത്തിന്റെ മാന്യുഫാക്ച്ചറിംഗ് പവർഹൗസ് എന്ന സ്ഥാനമാണ് ചൈന സ്വന്തമാക്കിയിരിക്കുന്നത്. ലോകബാങ്കിന്റെ (World Bank) പുതിയ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആകെ നിർമ്മാണ മൂല്യത്തിന്റെ (Manufacturing Value Added) 28% പങ്കും നിലവിൽ ചൈനയുടെ കൈകളിലാണ്. അതായത്, ഇന്ന് ലോകത്ത് നിർമ്മിക്കപ്പെടുന്ന നാലിൽ ഒന്നിലധികം ഉൽപ്പന്നങ്ങളും ചൈനയിൽ നിന്നാണ് വരുന്നതെന്നർത്ഥം.
ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ (EVs), വ്യാവസായിക യന്ത്രങ്ങൾ തുടങ്ങിയ മേഖലകളിൽ ചൈന നേടിയ ആധിപത്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതേസമയം, ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നിട്ടും ഉൽപ്പാദന മേഖലയിൽ ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 'മേക്ക് ഇൻ ഇന്ത്യ' (Make in India), പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) തുടങ്ങിയ വൻ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും, ആഗോള നിർമ്മാണ മേഖലയിൽ ഇന്ത്യയുടെ പങ്ക് കേവലം 3% മാത്രമാണ്.
രണ്ടു പതിറ്റാണ്ട് - ചൈന നേടിയ മുന്നേറ്റം
കഴിഞ്ഞ 20 വർഷത്തിനിടെ ചൈന ഉണ്ടാക്കിയ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. 2004-ൽ ആഗോള നിർമ്മാണ മേഖലയിൽ ചൈനയുടെ പങ്ക് 10 ശതമാനത്തിൽ താഴെയായിരുന്നു. ഇന്ന് അത് മൂന്നിരട്ടിയിലധികം വർധിച്ച് 28 ശതമാനത്തിലെത്തി. 2004-ൽ 625 ബില്യൺ ഡോളറായിരുന്ന ചൈനയുടെ ഉൽപ്പാദന മൂല്യം ഇന്ന് ഏകദേശം 4.66 ട്രില്യൺ ഡോളറായി ഉയർന്നുവെന്ന് ലോകബാങ്ക് രേഖകൾ പറയുന്നു.
മറ്റു പ്രധാന രാജ്യങ്ങൾ
അമേരിക്ക : 2004-ൽ 22% ഉണ്ടായിരുന്നത് ഇപ്പോൾ 17% ആയി കുറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങൾ: ആഗോള വിഹിതം 15% ആയി താഴേക്ക്.
ജപ്പാൻ: ആഗോള വിഹിതം കേവലം 5% മാത്രമായി ചുരുങ്ങി.
ഇന്ന് അമേരിക്ക, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളുടെ ആകെ നിർമ്മാണ മൂല്യം കൂട്ടിയാൽ കിട്ടുന്നതിനേക്കാൾ കൂടുതലാണ് ചൈനയുടേത് (4.66 ട്രില്യൺ ഡോളർ) എന്നത് ചൈനയുടെ വിപണി ആധിപത്യം വ്യക്തമാക്കുന്നു.
ഇന്ത്യയുടെ 3% വിഹിതം ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. എന്നാൽ, വ്യവസായ മേഖല വിപുലീകരിക്കുന്നതിനായി ഇന്ത്യ ശ്രമങ്ങൾ തുടരുകയാണ്. സെമികണ്ടക്ടറുകൾ, പ്രതിരോധ നിർമ്മാണം, പുനരുപയോഗിക്കാവുന്ന ഊർജ്ജം, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ വൻ നിക്ഷേപങ്ങളാണ് നടക്കുന്നത്. ചൈനയ്ക്ക് പകരമായി മറ്റ് രാജ്യങ്ങളിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്.
ചൈന എങ്ങനെ ഇത്രയും മുന്നിലെത്തി?
പതിറ്റാണ്ടുകൾ നീണ്ട വ്യവസായവൽക്കരണമെന്ന് ഇതിനെ ഒറ്റയടിക്ക് ഉത്തരമായി പറയാം. അടിസ്ഥാന സൗകര്യ വികസനത്തിൽ നടത്തിയ ഭീമമായ നിക്ഷേപങ്ങൾ,സുശക്തമായ സപ്ലൈ ചെയിനുകൾ (Supply chains),കുറഞ്ഞ ചെലവിൽ വൻതോതിൽ സാധനങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. ഗുണമേന്മയില്ലാത്ത ചൈനീസ് ഉൽപ്പന്നം എന്ന ലേബലിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവ നിർമ്മിക്കുന്ന സാങ്കേതിക കേന്ദ്രമായിട്ടാണ് ചൈന മാറിയത്.


