ഇന്ത്യാക്കരുടെ കാര്യത്തിലെ വലിയ ആശങ്ക തുറന്നുപറഞ്ഞ് ബില്‍ ഗേറ്റ്സ്; രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത് ഈ വിഷയം

Published : Nov 18, 2019, 05:12 PM ISTUpdated : Nov 18, 2019, 05:13 PM IST
ഇന്ത്യാക്കരുടെ കാര്യത്തിലെ വലിയ ആശങ്ക തുറന്നുപറഞ്ഞ് ബില്‍ ഗേറ്റ്സ്; രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത് ഈ വിഷയം

Synopsis

"ലോകത്താകമാനം വാക്സിനുകളെ കുറിച്ച് ബോധവത്കരണം നടത്താനാണ് തങ്ങളുടെ ശ്രമം" എന്ന് പറഞ്ഞ ബിൽ ഗേറ്റ്സ്, വാക്സിൻ വിരുദ്ധ പ്രചാരണം ഇന്ന് എക്കാലത്തെക്കാളും ശക്തമാണെന്നും ചൂണ്ടിക്കാട്ടി. 

ദില്ലി: ഇന്ത്യയുടെ കാര്യത്തിൽ തനിക്കുള്ള വലിയ ആശങ്ക എന്താണെന്ന് തുറന്നുപറഞ്ഞ് ബിൽ ഗേറ്റ്സ്. ദില്ലിയിൽ ഒരു സ്വകാര്യ പരിപാടിയിൽ വിപോ ലിമിറ്റഡ് ചെയർമാൻ റിഷദ് പ്രേംജിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കാര്യത്തിൽ തനിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അത് കുട്ടികളെ കുറിച്ചാണെന്നാണ് അദ്ദേഹം പറഞ്ഞത്.

"ഇന്ത്യയുടെ കാര്യത്തിൽ എനിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ, അത് പോഷകാഹാരക്കുറവ് ഇല്ലാതാക്കാനാണ്," എന്നായിരുന്നു ബിൽ ഗേറ്റ്സിന്റെ പ്രസ്താവന.  ബിൽ ആന്റ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഫൗണ്ടേഷൻ ആഗോള തലത്തിൽ മുഖ്യ പ്രാധാന്യം നൽകുന്ന ഒരു രംഗം ആരോഗ്യമാണ്.

"ലോകത്താകമാനം വാക്സിനുകളെ കുറിച്ച് ബോധവത്കരണം നടത്താനാണ് തങ്ങളുടെ ശ്രമം" എന്ന് പറഞ്ഞ ബിൽ ഗേറ്റ്സ്, വാക്സിൻ വിരുദ്ധ പ്രചാരണം ഇന്ന് എക്കാലത്തെക്കാളും ശക്തമാണെന്നും ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയുടെ വികാസം കാൻസർ അടക്കമുള്ള രോഗങ്ങൾ കണ്ടെത്താനും പരിഹരിക്കാനും സഹായകരമാകുമെന്ന് ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

"ആഗോള താപനം വർധിക്കുന്നത് കൊതുകുജന്യ രോഗങ്ങൾ കൂടുതൽ വർധിക്കാൻ കാരണമാകും. ലോകത്തെ ഇനിയും ചൂട് പിടിപ്പിച്ചാൽ നേരത്തെ നിലനിൽക്കാൻ സാധിക്കാതിരുന്ന പ്രദേശങ്ങളിലേക്ക് കൂടി കൊതുകുകൾ വ്യാപിക്കും. അത് മലേറിയ അടക്കമുള്ള രോഗങ്ങൾ കൂടുതൽ വ്യാപിക്കാൻ കാരണമാകും," ബിൽ ഗേറ്റ്സ് ആശങ്ക പ്രകടിപ്പിച്ചു.

ബിൽ ആന്റ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ കഴിഞ്ഞ സെപ്തംബറിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് നൽകി ആദരിച്ചിരുന്നു. ന്യൂയോർക്കിൽ നടന്ന 74 -മത് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി സെഷന്റെ ഭാഗമായാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കിയ ശുചീകരണ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവാർഡിന് അർഹനാക്കിയത്.

ബിഹാർ മുഖ്യമന്ത്രിയെ സന്ദർശിച്ച ബിൽ ഗേറ്റ്സ് ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ഇന്നലെ പാറ്റ്നയിലായിരുന്നു കൂടിക്കാഴ്ച.

ദീർഘകാലം ലോകത്തെ ഒന്നാം നമ്പർ ധനികനായിരുന്നു മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകനായ ബിൽ ഗേറ്റ്സ്. ഇന്നും അദ്ദേഹം ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട്. ബിൽ ആന്റ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ ചെയർപേഴ്‌സൺ കൂടിയാണ് ബിൽ ഗേറ്റ്സ്.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍