അപ്രത്യക്ഷമായ 'ബിറ 91', പിടിപ്പുകേടില്‍ വീര്യമൊടുങ്ങിയ ബിയര്‍ ബ്രാന്റ്

Published : Oct 20, 2025, 02:33 PM IST
International beer day 2023

Synopsis

ഇപ്പോള്‍, മദ്യശാലകളില്‍ 'ബിറ 91' ലഭ്യമല്ല, കമ്പനിക്ക് 80 കോടി രൂപയുടെ നഷ്ടവും സംഭവിച്ചു, സ്ഥാപകന്‍ അങ്കുര്‍ ജെയിനെ പുറത്താക്കാനുള്ള നീക്കത്തിലാണ് ജീവനക്കാര്‍.

ന്ത്യന്‍ മദ്യവിപണിയില്‍ അതിവേഗം കുതിച്ചുയര്‍ന്ന്, വമ്പന്മാരെ ഞെട്ടിച്ച് വിപണിയിലെ ഹരമായി മാറിയ 'ബിറ 91' എന്ന ബിയര്‍ ബ്രാന്‍ഡ് ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. മദ്യശാലകളിലെ ഷെല്‍ഫുകളില്‍ നിന്നും ആഡംബര പാര്‍ട്ടികളില്‍ നിന്നും ഈ ബിയര്‍ ബ്രാന്‍ഡ് പെട്ടെന്ന് മറഞ്ഞത് എന്തുകൊണ്ട്? പേരുമാറ്റം വരുത്തിയതിനെ തുടര്‍ന്നുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഒരു വശം. കമ്പനിയുടെ മോശം സാമ്പത്തിക നില, ആഭ്യന്തര കലഹം, നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ പ്രതിഷേധം തുടങ്ങിയ പ്രതിസന്ധികള്‍ മറ്റൊരു വശത്ത്. എല്ലാം ഒരുമിച്ചപ്പോള്‍ ബിറയുടെ വീര്യം കെട്ടു. ഇപ്പോള്‍, മദ്യശാലകളില്‍ 'ബിറ 91' ലഭ്യമല്ല, കമ്പനിക്ക് 80 കോടി രൂപയുടെ നഷ്ടവും സംഭവിച്ചു, സ്ഥാപകന്‍ അങ്കുര്‍ ജെയിനെ പുറത്താക്കാനുള്ള നീക്കത്തിലാണ് ജീവനക്കാര്‍.

2015-ലാണ് 'ബിറ 91' വിപണിയിലെത്തുന്നത്. ആകര്‍ഷകമായ കാന്‍സ്, വ്യത്യസ്തമായ രുചികള്‍ എന്നിവകൊണ്ട് യുവതലമുറയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ബ്രാന്‍ഡിന് വേഗത്തില്‍ സാധിച്ചു. 2023 ആയപ്പോഴേക്കും, 550 നഗരങ്ങളിലും 18 രാജ്യങ്ങളിലുമായി ഒമ്പത് ദശലക്ഷം കെയ്സുകളാണ് ബിറ വിറ്റഴിച്ചത്. വരുമാനം 824 കോടി കടന്നു. സെക്വോയ ഇന്ത്യ, ജപ്പാനിലെ കിരിന്‍ ഹോള്‍ഡിംഗ്സ് തുടങ്ങിയ പ്രമുഖര്‍ നിക്ഷേപകരായി എത്തി. അഞ്ച് വര്‍ഷത്തെ ഐസിസി ആഗോള സ്‌പോണ്‍സര്‍ഷിപ്പിനും അഞ്ച് ഐപിഎല്‍ ടീമുകളുമായുള്ള പങ്കാളിത്തത്തിനുമായി 200-250 കോടി രൂപയാണ് ബിറ ചെലവഴിച്ചത്. അങ്ങനെയിരിക്കെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പ്രാഥമിക ഓഹരി വില്‍പനയിലൂടെ നിക്ഷേപം സമാഹരിക്കാന്‍ കമ്പനി തീരുമാനിച്ചു.

അതിന്റെ ഭാഗമായി ബി9 ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ നിന്ന് 'പ്രൈവറ്റ്' എന്ന വാക്ക് നീക്കം ചെയ്ത്'ബി9 ബിവറേജസ് ലിമിറ്റഡ്' എന്നാക്കി മാറ്റി. പ്രൈവറ്റ് ലിമിഡറ്റ് ആകുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സമാഹരിക്കാനാകില്ല. ഇത് കാരണം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് ഉപേക്ഷിച്ചാല്‍ മാത്രമേ പ്രാഥമിക ഓഹരി വില്‍പന നടത്തി കമ്പനിക്ക് നിക്ഷേപം സമാഹരിക്കാനാകൂ. അതേസമയം, പേര് മാറ്റിയതിനുശേഷം, കമ്പനിക്ക് എല്ലാ ഉല്‍പ്പന്നങ്ങളിലും പുതിയ പേര് അച്ചടിക്കേണ്ടിവന്നു. ലേബലുകള്‍ വീണ്ടും അച്ചടിക്കുന്നതും റീബ്രാന്‍ഡിംഗും മൂലം കമ്പനിയുടെ വില്‍പ്പന ഏതാനും മാസത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതോടെ കമ്പനി കനത്ത സാമ്പത്തിക നഷ്ടം നേരിട്ടു. മദ്യം സംസ്ഥാന വിഷയമായതിനാല്‍, ഓരോ സംസ്ഥാനത്തും ലൈസന്‍സുകള്‍, ലേബല്‍ അംഗീകാരങ്ങള്‍, മറ്റ് അനുമതികള്‍ എന്നിവ വീണ്ടും നേടേണ്ടതുണ്ടായിരുന്നു.മതിയായ മുന്‍കരുതലുകളില്ലാത്ത ഈ നീക്കം കാരണം പല സംസ്ഥാനങ്ങളിലും ബിറയുടെ അനുമതികള്‍ വൈകി. ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വന്നു, വിതരണ ശൃംഖല തകര്‍ന്നു. ഡല്‍ഹി-എന്‍സിആര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ വിപണികള്‍ ഏതാണ്ട് വരണ്ടു. വില്‍ക്കാന്‍ കഴിയാതെ 80 കോടി രൂപയുടെ സ്റ്റോക്ക് ഗോഡൗണുകളില്‍ കെട്ടിക്കിടന്നു. ഇത് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.

നേതൃത്വത്തിനെതിരെ തിരിഞ്ഞ് ജീവനക്കാര്‍

മോശം ആസൂത്രണത്തിനൊപ്പം, കമ്പനി ആഴത്തിലുള്ള നേതൃത്വ പ്രതിസന്ധി നേരിടുകയാണ്. 250-ല്‍ അധികം ജീവനക്കാര്‍ സ്ഥാപകന്‍ അങ്കുര്‍ ജെയിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബോര്‍ഡിനും നിക്ഷേപകര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ചില ജീവനക്കാര്‍ക്ക് ആറ് മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി പിഎഫ് വിഹിതം കമ്പനി അടച്ചില്ലെന്നും ആരോപണമുണ്ട്. ഈ തകര്‍ച്ചയ്ക്ക് കാരണം, ഒരു വീണ്ടുവിചാരവുമില്ലാതെയുള്ള തീരുമാനങ്ങളായിരുന്നു എന്നും അവര്‍ പറയുന്നു.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി നിക്ഷേപം സമാഹരിക്കാനുള്ള ശ്രമത്തിലാണെന്നും, മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അങ്കുര്‍ ജെയിന്‍ വ്യക്തമാക്കി. പ്രിയപ്പെട്ട ഒരു ബിയര്‍ ബ്രാന്‍ഡായി ഉയര്‍ന്നുവന്നിട്ടും, ഉള്‍ക്കാഴ്ചയില്ലാത്ത ആസൂത്രണവും കുടുംബനിയന്ത്രിത മാനേജ്‌മെന്റും 'ബിറ 91' നെ തകര്‍ച്ചയിലേക്ക് എത്തിക്കുകയായിരുന്നു? വിജയത്തിന്റെ കേസ് സ്റ്റഡിയായി മാറിയ ബ്രാന്‍ഡ്, തകര്‍ച്ചയുടെ കേസ് സ്റ്റഡിയാകുമോ എന്നതാണ് ഇപ്പോള്‍ വിപണി ഉറ്റുനോക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം