മിന്നും പ്രകടനവുമായി ബിറ്റ്കോയിന്‍; രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

Published : Oct 21, 2023, 02:28 PM IST
മിന്നും പ്രകടനവുമായി ബിറ്റ്കോയിന്‍; രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

Synopsis

ബിറ്റ്കോയിന്‍റെ മൂല്യം കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. മറ്റ് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തുമ്പോഴാണ് ബിറ്റ്കോയിന്‍ 30,000 ഡോളറിന് മുകളിലേക്കെത്തിയത്.

ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍റെ മൂല്യം കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. മറ്റ് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തുമ്പോഴാണ് ബിറ്റ്കോയിന്‍ 30,000 ഡോളറിന് മുകളിലേക്കെത്തിയത്. ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് വലിയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്. ഇസ്രയേല്‍ - ഹമാസ് യുദ്ധവും യുഎസില്‍ വീണ്ടും പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന ആശങ്കയും നിക്ഷേപ രംഗത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അമേരിക്കയിലെ ബ്ലാക്ക്റോക്ക് ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ ബിറ്റ്കോയിന്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിനായി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിന്‍റെ തീരുമാനം പുറത്തുവരാനിരിക്കെയാണ് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ ചാഞ്ചാട്ടമുണ്ടായത്. ഏതെങ്കിലും തരത്തിലുള്ള അംഗീകാരം ഇതിന് ലഭിക്കുകയാണെങ്കില്‍ ക്രിപ്റ്റോയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബിറ്റ്കോയിന്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ഓഹരികളിലും ബോണ്ടുകളിലും ഉള്ള നിക്ഷേപങ്ങള്‍ വിറ്റഴിക്കുന്നതായി സൂചനയുണ്ട്.

 ALSO READ: 30,000 കോടി രൂപയുടെ വായ്പ; കടമെടുത്ത് കടം തീര്‍ക്കാന്‍ അദാനി

ക്രിപ്റ്റോ നിക്ഷേപകര്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സ്പോട്ട് ബിറ്റ്കോയിന്‍ ഇടിഎഫ്. അപകട സാധ്യതയുള്ള വികേന്ദ്രീകൃതമായ പ്ലാറ്റ്ഫോമുകളിലൂടെ കടന്നുപോകുന്നതിന് പകരം ലൈസന്‍സുള്ള കമ്പനിയുടെ പിന്തുണയോടെ കൂടുതല്‍ നിയന്ത്രിതമായ രീതിയില്‍ കിപ്റ്റോ വിപണിയിലേക്ക് പ്രവേശിക്കാന്‍ സ്പോട്ട് ബിറ്റ്കോയിന്‍ ഇടിഎഫ് സഹായിക്കും. അടുത്തിടെ ബ്ലാക്ക്റോക്കിന്‍റെ ഇടിഎഫിന് അനുമതി ലഭിച്ചെന്ന തെറ്റായ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ബിറ്റ്കോയിന്‍ മൂല്യം കുത്തനെ കൂടിയിരുന്നു.

അതേ സമയം ഇടിഎഫ് അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് 240 ദിവസത്തെ സമയ പരിധിയുണ്ട്. അതുകൊണ്ട് തന്നെ തീരുമാനം അടുത്ത വര്‍ഷം ആദ്യം വരെ നീളാനും സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ