30,000 കോടി രൂപയുടെ വായ്പ; കടമെടുത്ത് കടം തീര്‍ക്കാന്‍ അദാനി
ഏഷ്യയില്‍ തന്നെ ഈ വര്‍ഷം ബാങ്കുകള്‍ നല്‍കുന്ന ഏറ്റവും വലിയ പത്ത് വായ്പകളിലൊന്ന്. സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് അദാനിയുടെ നീക്കം.

കടബാധ്യത തീര്‍ക്കുന്നതിനായി ഏതാണ്ട് 30,000 കോടി രൂപ വായ്പയെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. അംബുജ സിമന്‍റ്സിനെ ഏറ്റെടുത്തതിനെത്തുടര്‍ന്ന് ഉണ്ടായ വന്‍ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് അദാനിയുടെ നീക്കം. ഏതാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് പുനര്‍ വായ്പ നല്‍കുകയെന്നാണ് സൂചന. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആസ്തിയില്‍ വന്‍ ചോര്‍ച്ച ഉണ്ടായെങ്കിലും ഗ്രൂപ്പിന്‍റെ സാമ്പത്തിക സ്ഥിരത പരിഗണിച്ചാണ് വായ്പ നല്‍കാന്‍ സ്ഥാപനങ്ങള്‍ തയ്യാറായിരിക്കുന്നത്. വായ്പ ഉടനെത്തന്നെ അനുവദിച്ചേക്കും. അങ്ങനെയെങ്കില്‍ ഏഷ്യയില്‍ തന്നെ ഈ വര്‍ഷം ബാങ്കുകള്‍ നല്‍കുന്ന ഏറ്റവും വലിയ പത്ത് വായ്പകളിലൊന്നായിരിക്കും ഇത്.
ALSO READ: വജ്രവും സ്വർണ്ണവും മാണിക്യവും കൊണ്ട് അലങ്കാരം; ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ പേന
ബാര്‍ക്ലേയ്സ്, ഡ്യൂയിച്ചെ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള 18 ആഗോള ബാങ്കുകള്‍ ചേര്‍ന്നായിരിക്കും വായ്പ നല്‍കുക. ഫസ്റ്റ് അബുദാബി ബാങ്ക്, ബിഎന്‍പി പാരിബാസ്, ക്യൂഎന്‍ബി എന്നീ ബാങ്കുകളും വായ്പ നല്‍കുന്നവയുടെ കൂട്ടത്തിലുള്‍പ്പെടുന്നു. വായ്പാ കരാര്‍ പ്രകാരം ഗൗതം അദാനി 300 ദശലക്ഷം ഡോളര്‍ മുന്‍കൂറായി അടയ്ക്കേണ്ടിവരും. അംബുജ സിമന്‍റ്സ്, എസിസി സിമന്‍റ്സ് എന്നിവ ഏറ്റെടുത്തതിന്‍റെ ഭാഗമായി ഉണ്ടായ 2 ബില്യണ്‍ ഡോളറിന്‍റെ വായ്പ കമ്പനി തിരിച്ചടച്ചിരുന്നു.
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മികച്ച ഇടപെടല്‍ നടത്തിയിരുന്നെങ്കിലും സിമന്‍റ് വ്യവസായത്തില്‍ കാര്യമായ സ്വാധീനം ഇല്ലാതിരുന്നതിനെത്തുടര്‍ന്നാണ് സ്വിറ്റ്സര്‍ലന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോള്‍സിമില്‍ നിന്ന് 10.5 ബില്യണ്‍ ഡോളറിന് അംബുജ സിമന്‍റ്സ്, എസിസി എന്നിവയുടെ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം അദാനി സ്വന്തമാക്കിയത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിമന്‍റ് നിര്‍മാതാക്കളാണ് അദാനി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം