
വാഷിംഗ്ടൺ: അമേരിക്കൻ നിക്ഷേപ കമ്പനിയായ ബ്ലാക്ക്‌റോക്കിൽ, ഇന്ത്യൻ വംശജനായ ബങ്കിം ബ്രഹ്മഭട്ട് കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തിയതായി ആരോപണം. യുഎസ് ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ ബ്രോഡ്‌ബാൻഡ് ടെലികോമിന്റെയും ബ്രിഡ്ജ്‌വോയ്‌സിന്റെയും സിഇഒ ബങ്കിം ബ്രഹ്മഭട്ട്, വായ്പാ കൊളാറ്ററലായി ഉപയോഗിക്കേണ്ട അക്കൗണ്ടുകൾ വ്യാജമായി നിർമ്മിച്ചതായാണ് റിപ്പോർട്ട്. 500 മില്യൺ ഡോളറിലധികം തുകയാണ് നഷ്ടമായതെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, തട്ടിപ്പ് ആരോപണങ്ങൾ നിഷേധിക്കുന്നതായി ബ്രഹ്മഭട്ടിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.
നിക്ഷേപ കമ്പനിയായ ബ്ലാക്ക്‌റോക്കിന്റെ സ്വകാര്യ ക്രെഡിറ്റ് കാർഡ് നിക്ഷേപ വിഭാഗമായ എച്ച്‌പിഎസ്, 2020 സെപ്റ്റംബറിലാണ് ബങ്കിം ബ്രഹ്മഭട്ടിന്റെ ടെലികോം കമ്പനികൾക്ക് വായ്പ നൽകാൻ തുടങ്ങിയത്. 2021 ന്റെ തുടക്കത്തിൽ എച്ച്‌പിഎസ് വായ്പ പരിധി ഏകദേശം 385 മില്യൺ ഡോളറായും പിന്നീട് 2024 ഓഗസ്റ്റിൽ ഏകദേശം 430 മില്യൺ ഡോളറായും വർദ്ധിപ്പിച്ചു. എന്നാൽ, 2025 ജൂലൈയിൽ, എച്ച്പിഎസിലെ ഒരു ജീവനക്കാരൻ വായ്പ നൽകിയികിരിക്കുന്ന അക്കൗണ്ടുകളിലെ ചില ഇമെയിൽ ഐഡികളിലെ പൊരുത്തക്കേടുകൾ ശ്രദ്ധിച്ചു, യഥാർത്ഥ ടെലികോം കമ്പനികളെ അനുകരിക്കുന്ന വ്യാജ ഡൊമെയ്‌നുകളിൽ നിന്നാണ് ഇത്തരത്തിലുള്ള ഇമെയിൽ വരുന്നതെന്ന് സംശയം തോന്നിയതിന്റെ പിറകെ എച്ച്പിഎസ് ഉദ്യോഗസ്ഥർ ബ്രഹ്മഭട്ടിനോട് ഈ കാര്യം സംസാരിച്ചു. പക്ഷെ, ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന രീതിയിലായിരുന്നു ബ്രഹ്മഭട്ടിന്റെ പ്രതികരണം. എന്നാൽ ഇതിനു ശേഷം, അവരുടെ ഫോൺ കോളുകൾക്ക് മറുപടി നൽകുന്നത് ബ്രഹ്മഭട്ട് നിർത്തി.
തുടർന്ന്, എച്ച്പിഎസിൽ നിന്നുള്ള ഉദ്യോഗസ്ഥൻ ബ്രഹ്മഭട്ടിന്റെ ന്യൂയോർക്കിലെ കമ്പനികളിലേക്ക് നേരിട്ട് എത്തിയെങ്കിലും അവ അടച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആഗസ്റ്റിൽ ബ്രഹ്മഭട്ടിന്റെ ടെലികോം കമ്പനികൾ പാപ്പരത്തത്തിന് അപേക്ഷ നൽകി. ബ്രഹ്മഭട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ കഴിഞ്ഞ രണ്ട് വർഷമായി ഇൻവോയ്‌സുകൾ പരിശോധിക്കുന്നതിനായി നൽകിയ ഇമെയിൽ ഐഡികൾ വ്യാജമാണെന്ന് ആരോപിച്ച് ഓഗസ്റ്റിൽ വായ്പാദാതാക്കൾ കേസ് ഫയൽ ചെയ്തു. ഇന്ത്യയിലും മൗറീഷ്യസിലുമുള്ള ഓഫ്‌ഷോർ അക്കൗണ്ടുകളിലേക്ക് ഈടായി പണയം വയ്ക്കേണ്ട ആസ്തികൾ ബ്രഹ്മഭട്ട് കൈമാറ്റം ചെയ്തതായും വായ്പാദാതാക്കൾ ആരോപിക്കുന്നു. ചുരിക്കി പറഞ്ഞാൽ വായ്പ ലഭിക്കാൻ, കടലാസിൽ മാത്രം വലിയ ആസ്തികൾ ബ്രഹ്മഭട്ട് സൃഷ്ടിച്ചു.
ബങ്കിം ബ്രഹ്മഭട്ടിന്റെ ഗാർഡൻ സിറ്റിയിലെ വീട്ടിൽ പോലും അയാളെ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. ബ്രഹ്മഭട്ട് ഇന്ത്യയിലുണ്ടെന്ന് വിശ്വസിക്കുന്നതായി എച്ച്പിഎസ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്.