
ഒരു വര്‍ഷത്തിലേറെയായി ലോകരാഷ്ട്രീയത്തില്‍ കലുഷിതമായി നിന്ന, ടിക്ടോക്കിന്റെ അമേരിക്കയിലെ ഭാവി സംബന്ധിച്ച തര്‍ക്കം നിര്‍ണായകമായ ഒത്തുതീര്‍പ്പിലേക്ക്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമായ ടിക്ടോക്കിന്റെ യുഎസ് ബിസിനസിന്റെ നിയന്ത്രണം അമേരിക്കന്‍ നിക്ഷേപകരുടെ കൂട്ടായ്മയ്ക്ക് കൈമാറിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച സുപ്രധാന ഉടമ്പടിക്ക് യുഎസും ചൈനയും തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് ക്വാലാലംപൂരില്‍ നടത്തിയ ചര്‍ച്ചകളില്‍ ആണ് ചൈന വഴങ്ങിയത്.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് ഒപ്പുവെച്ച വിദേശ നിയന്ത്രിത ആപ്ലിക്കേഷനുകളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാനുള്ള നിയമം വന്നതോടെയാണ് ടിക്ടോക് പ്രതിസന്ധിയിലായത്. കമ്പനിയുടെ യുഎസ് വിഭാഗം വില്‍ക്കുകയോ അല്ലെങ്കില്‍ രാജ്യത്ത് നിരോധനം നേരിടുകയോ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് അധികാരത്തില്‍ തിരിച്ചെത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കമ്പനിക്ക് സമയപരിധി 2026 ജനുവരി വരെ നീട്ടി നല്‍കി.
ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെ, ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ടിക്ടോക്കിന്റെ യുഎസ് ഓപ്പറേഷന്‍സിന്റെ പുതിയ ഉടമസ്ഥാവകാശ കൂട്ടായ്മയില്‍ താഴെ പറയുന്ന സ്ഥാപനങ്ങളുണ്ടാകും:
ഒറാക്കിള്‍ കോര്‍പ്പറേഷന്‍: ക്ലൗഡ്, സുരക്ഷാ ചുമതല
സില്‍വര്‍ ലേക്ക്: ബൈറ്റ്ഡാന്‍സിലെ നിലവിലെ നിക്ഷേപകര്‍
എംജിഎക്‌സ് : അബുദാബി ആസ്ഥാനമായുള്ള നിക്ഷേപ പങ്കാളി. ടെക് ലോകത്തെ പ്രമുഖരായ ലാറി എലിസണ്‍, മൈക്കിള്‍ ഡെല്‍ എന്നിവരും ഭാഗമായേക്കാം.
കരാറിലെ പ്രതീക്ഷിക്കുന്നത പ്രധാന വ്യവസ്ഥകള്‍
ബോര്‍ഡ് : ഏഴ് ഡയറക്ടര്‍ ബോര്‍ഡ് സീറ്റുകളില്‍ ആറെണ്ണവും അമേരിക്കക്കാര്‍ക്ക്.
ബൈറ്റ്ഡാന്‍സിന്റെ പങ്ക്: ബൈറ്റ്ഡാന്‍സിന്റെ ഓഹരി 20% ല്‍ താഴെയായി പരിമിതപ്പെടുത്തും.
ചൈനീസ് പ്രതിനിധി: ബൈറ്റ്ഡാന്‍സിന് ഒരു ബോര്‍ഡ് അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യാം, എങ്കിലും സുരക്ഷാ സമിതിയില്‍ അവര്‍ക്ക് പ്രവേശനമുണ്ടാവില്ല.
ഉപയോക്താക്കള്‍ക്ക് കണ്ടന്റുകള്‍ ശുപാര്‍ശ ചെയ്യുന്ന ടിക്ടോക്കിന്റെ 'രഹസ്യ അല്‍ഗോരിതം' ആണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ടിക്ടോക് യുഎസ്, ബൈറ്റ്ഡാന്‍സില്‍ നിന്ന് അല്‍ഗോരിതം 'ലൈസന്‍സ്' അടിസ്ഥാനത്തില്‍ ഉപയോഗിക്കും. പുതിയ അല്‍ഗോരിതം അമേരിക്കയില്‍ വെച്ച് അടിമുടി മാറ്റി പുതിയ രൂപത്തില്‍ സജ്ജമാക്കും. അല്‍ഗോരിതത്തിന്റെ സുരക്ഷാ മേല്‍നോട്ടവും പ്രവര്‍ത്തനവും ഇനി ഒറാക്കിളിന്റെ കൈകളിലായിരിക്കും. അമേരിക്കന്‍ ഉപയോക്താക്കളുടെ ഡാറ്റ പൂര്‍ണ്ണമായും ഒറാക്കിളിന്റെ സുരക്ഷിത സെര്‍വറുകളിലായിരിക്കും സൂക്ഷിക്കുക. യുഎസ് ഉപയോക്തൃ ഡാറ്റയിലോ അല്‍ഗോരിതം നിശ്ചയിക്കുന്നതിലോ ബൈറ്റ്ഡാന്‍സിന് യാതൊരുവിധത്തിലുള്ള പ്രവേശനവും ഉണ്ടാവില്ല. പുതിയ തലമുറയുടെ സാംസ്‌കാരികവും രാഷ്ട്രീയപരവുമായ ട്രെന്‍ഡുകള്‍ തീരുമാനിക്കുന്നതില്‍ ടിക്ടോക്കിന് വലിയ പങ്കുണ്ട്. ഈ സ്വാധീനം ആഭ്യന്തര നിയന്ത്രണത്തിലാക്കാനാണ് യുഎസ് ശ്രമിക്കുന്നത്.