
ദില്ലി: റിസർവ് ബാങ്ക്, റിപ്പോ നിരക്കുകൾ കുറയ്ക്കുന്നത് നയം അവസാനിപ്പിച്ചെന്ന് ബാങ്ക് ഓഫ് ബറോഡ. പലിശനിരക്കുകൾ കുറയ്ക്കാതെ, ഇനി കാര്യമായ മാറ്റങ്ങളില്ലാതെ ദീർഘകാലത്തേക്ക് മുന്നോട്ടുപോകാനാണ് സാധ്യതയെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, പുതിയ സി.പി.ഐ, ജി.ഡി.പി കണക്കുകളിൽ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചില്ലെങ്കിൽ, പലിശനിരക്ക് ഇനിയും കുറയ്ക്കാൻ സാധ്യതകൾ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആർബിഐയുടെ പുതിയ നയപരമായ സൂചനകൾ പരിശോധിക്കുമ്പോൾ, പലിശനിരക്ക് കുറയ്ക്കുന്നതിനേക്കാൾ സാമ്പത്തിക വളർച്ചയ്ക്കും സ്ഥിരതയ്ക്കുമാണ് മോണിറ്ററി പോളിസി കമ്മിറ്റി ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമായതുകൊണ്ട് സാമ്പത്തിക സ്ഥിരത നിലനിർത്തിക്കൊണ്ട് വളർച്ചയെ പിന്തുണയ്ക്കാൻ സാധിക്കും. വളർച്ചാ വേഗം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ആർബിഐ ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനയും പുതിയ 'ന്യൂട്രൽ' നിലപാടും സൂചിപ്പിക്കുന്നത് എംപിസി പലിശനിരക്ക് കുറയ്ക്കുന്നത് നിർത്തിയെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
ഏറ്റവും ഒടുവിൽ ഫെബ്രുവരിയിൽ ചേർന്ന എംപിസി യോഗം പലിശനിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. ഇതിന് മുൻപ് 2025 ഡിസംബറിൽ ചേർന്ന യോഗത്തിൽ 25 ബേസിസ് പോയിൻ്റ് കുറച്ചിരുന്നു. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്.
വിപണിയിൽ ആവശ്യത്തിനനുസരിച്ച് പണലഭ്യത ഉറപ്പാക്കുമെന്ന് ആർബിഐ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം പുറത്തുവരുന്ന പുതിയ സി.പി.ഐ, ജി.ഡി.പി കണക്കുകൾക്കായി കാത്തിരിക്കുന്നതിനാൽ, സമ്പൂർണ്ണ സാമ്പത്തിക വർഷത്തേക്കുള്ള വളർച്ച, പണപ്പെരുപ്പ പ്രവചനങ്ങൾ ആർബിഐ 2026 ഏപ്രിലിലേക്ക് മാറ്റിയിട്ടുണ്ട്. ഏപ്രിലിലെ നയപ്രഖ്യാപനത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ബാങ്ക് ഓഫ് ബറോഡ റിപ്പോർട്ട് പറയുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും പുതുക്കിയ പണപ്പെരുപ്പ കണക്കുകളും പരിഗണിച്ച്, ആർബിഐ പലിശനിരക്ക് കുറയ്ക്കുന്ന ഘട്ടം പൂർത്തിയാക്കിയെന്നും ഇനി ദീർഘകാലത്തേക്ക് ഈ നില തുടരുമെന്നും റിപ്പോർട്ട് ഉറപ്പിച്ചു പറയുന്നു.