രാജ്യത്തെ ഒടിടി പ്ലാറ്റ്‌ഫോമുകൾ 'ഡാർക്ക് പാറ്റേൺസ്' എന്ന തന്ത്രം ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്നതായി പുതിയ സർവേ റിപ്പോർട്ട്. സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ പ്രയാസമുണ്ടാക്കിയും, അധിക ചാർജുകൾ ഈടാക്കിയും, നിരന്തരം ശല്യപ്പെടുത്തിയും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി 'ലോക്കൽ സർക്കിൾസ്' നടത്തിയ സർവേ വെളിപ്പെടുത്തുന്നു. 

ഇഷ്ടമുള്ള സിനിമയോ ഫുട്‌ബോള്‍ മത്സരമോ ഒടിടിയില്‍ കാണാന്‍ ഒരുങ്ങുകയാണോ? എന്നാല്‍ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ പോക്കറ്റില്‍ നിന്ന് പണം ചോരുന്നുണ്ടാകാം. രാജ്യത്തെ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ പ്ലാറ്റ്ഫോമായ 'ലോക്കല്‍ സര്‍ക്കിള്‍സ്' നടത്തിയ രാജ്യവ്യാപക സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. രാജ്യത്തെ 324 ജില്ലകളില്‍ നിന്നുള്ള 1.18 ലക്ഷം ഉപയോക്താക്കളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ പത്തില്‍ എട്ടുപേരും 'ഡാര്‍ക്ക് പാറ്റേണ്‍സ്' എന്നറിയപ്പെടുന്ന ചതിക്കുഴികളില്‍ വീഴുന്നതായി സര്‍വേ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ പണം ചിലവാക്കാനും, സബ്സ്‌ക്രിപ്ഷന്‍ തുടരാനും നിര്‍ബന്ധിതരാക്കുന്ന തന്ത്രമാണിത്. 2023-ല്‍ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഇത്തരം രീതികള്‍ നിരോധിച്ചുകൊണ്ട് മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്ന് സര്‍വേ അടിവരയിടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉപയോക്താക്കളുടെ പ്രധാന പരാതികള്‍

നിരന്തരമുള്ള ശല്യപ്പെടുത്തല്‍: വേണ്ടെന്ന് പറഞ്ഞാലും സബ്സ്‌ക്രിപ്ഷന്‍ അപ്ഗ്രേഡ് ചെയ്യാനോ പുതിയത് എടുക്കാനോ ആവശ്യപ്പെട്ട് 77% പേര്‍ക്കും നിരന്തരം മെസേജുകള്‍ വരുന്നുണ്ട്. ഇതില്‍ 58% പേരും അതിരൂക്ഷമായ രീതിയില്‍ ഇത്തരം ശല്യപ്പെടുത്തലുകള്‍ നേരിടുന്നവരാണ്.

കൊടുത്ത പണം പോരാ: പണം കൊടുത്ത് സബ്സ്‌ക്രിപ്ഷന്‍ എടുത്തതിന് ശേഷം ചില സിനിമകളോ ഷോകളോ കാണാന്‍ വീണ്ടും അധിക വാടക നല്‍കേണ്ടി വരുന്നു എന്നാണ് 72% പേരുടെ പരാതി. പ്ലാനില്‍ എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് കരുതിയെടുക്കുന്നവര്‍ക്കാണ് ഈ അബദ്ധം പിണയുന്നത്.

ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍: പണം അടയ്ക്കുന്ന അവസാന നിമിഷം മാത്രം അധിക ചാര്‍ജുകള്‍ കാണിക്കുന്ന തന്ത്രം 65% ഉപയോക്താക്കളും നേരിട്ടിട്ടുണ്ട്.

ഒഴിവാകാന്‍ ശ്രമിച്ചാലും കുരുക്ക് മുറുകും!

സബ്സ്‌ക്രിപ്ഷന്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് യഥാര്‍ത്ഥ കെണി മനസ്സിലാകുക. 'കാന്‍സല്‍' ചെയ്യാനുള്ള ഓപ്ഷന്‍ ഒളിപ്പിച്ചുവെക്കുകയോ, കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള രീതിയിലാക്കുകയോ ചെയ്യുന്നുവെന്ന് 60% പേര്‍ പറയുന്നു.

സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കിയ ശേഷം വീണ്ടും ലോഗിന്‍ ചെയ്താല്‍ തനിയെ സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുമെന്ന് 43% പേര്‍ സാക്ഷ്യപ്പെടുത്തുന്നു. സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കിയിട്ടും അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നു എന്നാണ് 40% പേരുടെ പരാതി. കൂടാതെ, സബ്സ്‌ക്രിപ്ഷന്‍ വേണ്ടെന്ന് വെക്കാനുള്ള ഓപ്ഷനുകള്‍ എളുപ്പത്തില്‍ കാണാന്‍ കഴിയാത്ത വിധം നല്‍കുകയും, എന്നാല്‍ 'സബ്‌സ്‌ക്രൈബ്' അല്ലെങ്കില്‍ 'ആക്‌സപ്റ്റ്' ബട്ടണുകള്‍ വലുതായി കാണിക്കുകയും ചെയ്യുന്ന കെണികളില്‍ 65% പേരും വീണിട്ടുണ്ട്.

ഉപയോക്താക്കള്‍ ശ്രദ്ധിക്കുക

2025ല്‍ ഇന്ത്യയിലെ ഒടിടി ഉപയോക്താക്കളുടെ എണ്ണം 60 കോടി പിന്നിട്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ട്രീമിംഗ് മാര്‍ക്കറ്റുകളിലൊന്നാണിത്. 2025ല്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെയുള്ള പരാതികള്‍ പത്തിരട്ടിയായി വര്‍ദ്ധിച്ചുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നതിന് മുന്‍പ് പ്ലാനുകള്‍ കൃത്യമായി വായിച്ചുനോക്കാനും, പണം നല്‍കുന്നതിന് മുന്‍പ് മറ്റ് ചാര്‍ജുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും, ഓട്ടോ-റിന്യൂവല്‍ സെറ്റിങ്സുകള്‍ ഓഫ് ചെയ്യാനും ഉപയോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്‍വേ ഓര്‍മ്മിപ്പിക്കുന്നു. വഞ്ചനാപരമായ ഇത്തരം രീതികളില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോമുകളെ മുക്തമാക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.