ബ്രസീലിൽ ആവേശക്കടൽ! ലുലയുടെ മുന്നില്‍ വെല്ലുവിളിയായി ബ്രസീല്‍ സമ്പദ്വ്യവസ്ഥ

Published : Oct 27, 2026, 10:46 AM IST
Lula da Silva

Synopsis

ബ്രസീൽ പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയ ലുല ഡ സിൽവയ്ക്ക് മുന്നിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികളാണുള്ളത്. കുതിച്ചുയരുന്ന പൊതുകടം, ഉയർന്ന പണപ്പെരുപ്പം, നികുതി പരിഷ്കരണത്തിലെ അനിശ്ചിതത്വം എന്നിവയാണ് പ്രധാന വെല്ലുവിളികൾ. ഈ പ്രതിസന്ധികൾക്കിടയിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്നതാണ് ലുലയുടെ ലക്ഷ്യം.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകൻ...കരുത്തനായ ഇടതുപക്ഷ നേതാവ്..അഴിമതി ആരോപണങ്ങളും വിലക്കയറ്റവും ഏറെ വെല്ലുവിളിയായ തെരഞ്ഞെടുപ്പിലും ലുല ഡ സില്‍വ വിജയം നേടി. എന്നാൽ,

ട്രംപിനെ പോലും ഞെട്ടിച്ച് ബ്രസീലിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് വീണ്ടും എത്തുന്ന ലുലക്ക് മുന്നിലുള്ളത് കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ്. പൊതുകടം ഉയരുന്നതും ഉയര്‍ന്ന പലിശനിരക്കും നിയന്ത്രത്തിനതീതമായ പണപ്പെരുപ്പവും മുതല്‍ നികുതി പരിഷ്‌കരണത്തിലെ അനിശ്ചിതത്വം വരെ നിരവധി പ്രശ്‌നങ്ങള്‍ ആണ് ബ്രസീലില്‍ നിലനില്‍ക്കുന്നത്. ലുലക്ക് മുന്നിലെ പ്രതിസന്ധികൾ എന്തൊക്കെയാണെന്ന് നോക്കാം.

കുതിച്ചുയരുന്ന പൊതുകടം

ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീൽ. ലുലയുടെ നിലവിലെ ഭരണകാലത്ത് ബ്രസീലിന്റെ പൊതുകടം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 82 ശതമാനത്തിലധികമായി ഉയര്‍ന്നു. പത്ത് ശതമാനത്തിലധികം പോയിന്റിന്റെ വര്‍ധനയാണിത്. കടം വര്‍ധിച്ചതോടെ സര്‍ക്കാരിന്റെ വായ്പാച്ചെലവും ഉയരുകയാണ്.

ഉയര്‍ന്ന പലിശയും പണപ്പെരുപ്പവും

ബ്രസീലില്‍ പലിശനിരക്ക് 13.75 ശതമാനമായി തുടരുമ്പോഴും വാര്‍ഷിക പണപ്പെരുപ്പം 4.6 ശതമാനമാണ്. സെന്‍ട്രല്‍ ബാങ്ക് നിശ്ചയിച്ചിട്ടുള്ള പണപ്പെരുപ്പ പരിധിയായ 1.5 മുതല്‍ 4.5 ശതമാനം വരെയെന്ന ലക്ഷ്യത്തിനും മുകളിലാണ് ഈ നിരക്ക്. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതിന്റെ സൂചനകള്‍ ശക്തമായതോടെ കഴിഞ്ഞ മാസം തുടര്‍ച്ചയായ അഞ്ചാം തവണയും സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറച്ചു. എന്നാല്‍ പണപ്പെരുപ്പം ഉടന്‍ നിയന്ത്രണത്തിലാകുമെന്ന പ്രതീക്ഷ വിപണിക്കില്ല. ഔദ്യോഗിക ലക്ഷ്യമായ മൂന്നു ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴാന്‍ 2029 വരെ കാത്തിരിക്കേണ്ടിവന്നേക്കാമെന്നാണ് വിപണിയുടെ വിലയിരുത്തല്‍.

കടക്കെണിയില്‍ കുടുംബങ്ങളും ബിസിനസ് സ്ഥാപനങ്ങളും

ഉയര്‍ന്ന പലിശനിരക്ക് സാധാരണക്കാരെയും ബിസിനസ് സ്ഥാപനങ്ങളെയും ഒരുപോലെ ബാധിക്കുകയാണ്. പൊതുജനങ്ങളും സ്ഥാപനങ്ങളും വായ്പ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയിരിക്കുന്നത് റെക്കോര്‍ഡ് നിലയിലെത്തി. ക്രെഡിറ്റ് ബ്യൂറോ സെറാസയുടെ കണക്കനുസരിച്ച് ഏകദേശം 8.4 കോടി ബ്രസീലുകാര്‍ക്കും 93 ലക്ഷം ബിസിനസ് സ്ഥാപനങ്ങള്‍ക്കും കടബാധ്യത തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല.

രാഷ്ട്രീയ പിന്തുണ

സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ ലുലയ്ക്ക് പാര്‍ലമെന്റില്‍ കടുത്ത പ്രതിരോധം നേരിടേണ്ടി വന്നേക്കാം. 1980-കളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷമുള്ള ഏറ്റവും യാഥാസ്ഥിതിക സ്വഭാവമുള്ള നിയമനിര്‍മാണ സഭയെയാണ് ബ്രസീലിലെ വോട്ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഞായറാഴ്ച നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ വലതുപക്ഷ സെനറ്റര്‍ ഫ്‌ലാവിയോ ബോള്‍സനാരോയെ പരാജയപ്പെടുത്തിയെങ്കിലും ബോള്‍സനാരോയുടെ ലിബറല്‍ പാര്‍ട്ടിയും സഖ്യകക്ഷികളും പാര്‍ലമെന്റിന്റെ ഇരുസഭകളിലും മേല്‍ക്കൈ നേടാനൊരുങ്ങുകയാണ്. അതേ സമയം നികുതി ഇളവുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങള്‍ തുടരാനാണ് ലുലയുടെ നീക്കം.

നികുതി പരിഷ്‌കരണത്തില്‍ അനിശ്ചിതത്വം

ബ്രസീലിന്റെ ഉപഭോഗ നികുതി സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുള്ള നിയമത്തിന് 2023-ല്‍ ലുല പാര്‍ലമെന്റിന്റെ അംഗീകാരം നേടിയിരുന്നു. ഇതിന്റെ ഭാഗമായി പുതിയ മൂല്യവര്‍ധിത നികുതി ജനുവരിയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്. എന്നാല്‍ പുതിയ നികുതിയുടെ യഥാര്‍ഥ നിരക്ക് പ്രഖ്യാപിക്കാന്‍ മൂന്ന് മാസത്തില്‍ താഴെ മാത്രം ശേഷിക്കെ സര്‍ക്കാര്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല. സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍ പ്രകാരം നികുതി നിരക്ക് ഏകദേശം 28 ശതമാനമായിരിക്കും.

സാമ്പത്തിക വളര്‍ച്ച പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിട്ടും പൊതുകടം, ഉയര്‍ന്ന പലിശ, കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും കടബാധ്യത, പാര്‍ലമെന്റിലെ രാഷ്ട്രീയ പ്രതിരോധം, നികുതി പരിഷ്‌കരണത്തിലെ അനിശ്ചിതത്വം എന്നിവയാണ് ലുലയുടെ അടുത്ത ഭരണകാലത്തെ പ്രധാന പരീക്ഷണങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ സംരക്ഷിച്ചുകൊണ്ട് രാജ്യത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയുമോയെന്നതാകും ബ്രസീലിന്റെ സാമ്പത്തിക ഭാവിയെ നിര്‍ണയിക്കുക.

PREV
Read more Articles on
click me!

Recommended Stories

പാഴ്സൽ ബുക്ക് ചെയ്തത് 1.15 ലക്ഷം രൂപ നൽകി, ഡെലിവറി എത്തിയപ്പോൾ 93 ൽ 23 സാധനങ്ങൾ കാണാനില്ല; 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ
എസ്ബിഐ ഡാറ്റാ ചോർച്ച: ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരാൾക്ക് നിങ്ങളുടെ പേരിൽ വായ്പയെടുക്കാൻ സാധിക്കുമോ?