ദില്ലിയിൽ നിന്ന് നാഗാലാൻഡിലേക്ക് സാധനങ്ങൾ മാറ്റുന്നതിനിടെ വീട്ടുസാധനങ്ങൾ നഷ്ടപ്പെടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സംഭവത്തിൽ ഒരു ഉപഭോക്താവിന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. സേവനത്തിലെ വീഴ്ചയ്ക്ക് പാക്കേഴ്സ് ആൻഡ് മൂവേഴ്സ് 3 ലക്ഷം രൂപയും, മാനസിക ബുദ്ധിമുട്ടുകൾക്ക് അർബൻ കമ്പനി 50,000 രൂപയും നൽകണം.
ദില്ലിയിൽ നിന്ന് നാഗാലാൻഡിലേക്ക് വീട്ടുസാധനങ്ങൾ മാറ്റാൻ 1.15 ലക്ഷം രൂപ നൽകിയ സ്ത്രീക്ക് കൃത്യമായ സേവനം ലഭിക്കാത്തതിനാൽ 3.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ചി ല സാധനങ്ങൾല നഷ്ടപ്പെട്ടതിനും ചിലവ കേടായതിനും സാധനങ്ങൾ വൈകിയെത്തിയതിനും ചേർത്ത് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സൗത്ത് ഡൽഹി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. അർബൻ കമ്പനിക്കും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് സ്ഥാപനത്തിനും എതിരെയാണ് ഉത്തരവ്.
ദിമാപൂർ സ്വദേശിയായ ലോങ്ചാർ എന്ന സ്ത്രീ 2020 സെപ്റ്റംബറിലാണ് അർബൻ കമ്പനി ആപ്പ് വഴി വീട്ടുസാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കാറും മാറ്റാനായി പാക്കേഴ്സ് ആൻഡ് മൂവേഴ്സിനെ ഏൽപ്പിച്ചത്. എന്നാൽ 2020 സെപ്റ്റംബറിൽ കയറ്റി അയച്ച സാധനങ്ങൾ രണ്ട് മാസത്തോളം വൈകിയാണ് എത്തിയത്. ഡെലിവറി ലഭിച്ചപ്പോൾ കയറ്റി അയച്ച 93 സാധനങ്ങളിൽ 23 എണ്ണം കാണാനില്ലായിരുന്നു. കൂടാതെ എയർ കണ്ടീഷണർ പൂർണമായി തകർന്ന നിലയിലും എൽഇഡി ടിവി, ക്രോക്കറി, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ച നിലയിലുമായിരുന്നു.
തുടക്കത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിച്ച മൂവേഴ്സ് കമ്പനി, എസിക്ക് നഷ്ടപരിഹാരവും കാണാതായ സാധനങ്ങൾ കൊറിയർ വഴി അയച്ചുതരാമെന്നും വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. തുടർന്ന് ഉപഭോക്താവ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
തങ്ങൾ സേവനദാതാക്കളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാർ മാത്രമാണെന്നും അതിനാൽ സാമ്പത്തിക ബാധ്യതയില്ലെന്നുമുള്ള അർബൻ കമ്പനിയുടെ വാദം ഉപഭോക്തൃ കമ്മീഷൻ തള്ളി. പാക്കേഴ്സ് ആൻഡ് മൂവേഴ്സിന് അർബൻ കമ്പനി പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഉയർന്ന റേറ്റിംഗ് വിശ്വസിച്ചാണ് പരാതിക്കാരി സേവനം തിരഞ്ഞെടുത്തതെന്നും അതിനാൽ ഇടനിലക്കാർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്നും പാനൽ വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ സേവനത്തിലെ ഗുരുതരമായ വീഴ്ചയ്ക്കും സാധനങ്ങൾ നഷ്ടപ്പെട്ടതിനും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് 3 ലക്ഷം രൂപയും, ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും കേസ് ചെലവുകൾക്കുമായി അർബൻ കമ്പനി 50,000 രൂപയും നഷ്ടപരിഹാരമായി നൽകാൻ വിധിക്കുകയായിരുന്നു. ഉത്തരവ് വന്ന് മൂന്ന് മാസത്തിനകം തുക കൈമാറാനാണ് നിർദ്ദേശം.







