എസ്ബിഐ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ബാങ്ക് സ്ഥിരീകരിച്ചിരുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് വ്യാജ വായ്പകൾ എടുക്കാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സുരക്ഷയ്ക്കായി ക്രെഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കാനും ഒടിപി പോലുള്ള വിവരങ്ങൾ പങ്കുവെക്കാതിരിക്കാനും വിദഗ്ദർ നിർദ്ദേശിക്കുന്നു.
ദിവസങ്ങൾക്ക് മുൻപെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) നിന്ന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ബാങ്ക് തന്നെ സ്ഥിരീകരിച്ചത്. ലിസ്റ്റിൽ ഉൾപ്പെട്ട ഉപഭോക്താക്കളെ വിവരമറിയിച്ചതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഉപഭോക്താക്കളുടെ അക്കൗണ്ട് ബാലൻസും പണവും സുരക്ഷിതമാണെന്നും ബാങ്ക് ആവർത്തിക്കുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എന്നാൽ, ചോർന്ന വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് വ്യാജ വായ്പകൾ എടുക്കാനോ, ആൾമാറാട്ടം നടത്താനോ കഴിയുമോ? ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ എന്നൊക്കെയുള്ള ആശങ്ക പൊതുജനങ്ങൾക്കിടയിലുണ്ട്. ഡാർക്ക് വെബിൽ കണ്ടെത്തിയ 3.75 ലക്ഷത്തോളം റെക്കോർഡുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി എസ്ബിഐ കണ്ടെത്തിയിരുന്നു. ഉപഭോക്താക്കളുടെ പേര്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ജനനത്തീയതി, ഇമെയിൽ വിലാസം, താമസസ്ഥലത്തെ വിലാസം, ബ്രാഞ്ച്- കസ്റ്റമർ ഐഡി വിവരങ്ങൾ, വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഡാറ്റകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഒക്ടോബർ 16-നാണ് ഡിഫൻസ് സൈബർ ഏജൻസി, സെർട്ട്-ഇൻ (CERT-In) തുടങ്ങിയ ഏജൻസികളിൽ നിന്ന് ബാങ്കിന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. തുടർന്ന് ബാങ്ക് അന്വേഷണത്തിനായി സെർട്ട്- ഇൻ അംഗീകൃത സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ ചുമതലപ്പെടുത്തി. ഇനി കാര്യത്തിലേക്ക് വരാം. ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരാൾക്ക് നമ്മുടെ അക്കൌണ്ടിൽ നിന്ന് വായ്പയെടുക്കാൻ കഴിയുമോ? നോക്കാം.. ഡാറ്റാ ചോർച്ച ഉണ്ടായതുകൊണ്ടു മാത്രം തട്ടിപ്പുകാർക്ക് അനായാസം മറ്റൊരാളുടെ പേരിൽ വായ്പയെടുക്കാൻ കഴിയില്ല. വായ്പകൾ അനുവദിക്കുന്നതിന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കർശനമായ identity-verification നടപടിക്രമങ്ങളുണ്ട്.
എന്നാലും, ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ പരിശോധനകളിലെ സുരക്ഷാ പഴുതുകൾ മറികടക്കാനോ ആൾമാറാട്ടത്തിന് ശ്രമിക്കാനോ തട്ടിപ്പുകാർ മുതിർന്നേക്കാം. ചോർന്ന വിവരങ്ങൾ കൊണ്ടു മാത്രം തട്ടിപ്പുകൾ നടത്താനാകില്ലെന്നും അതിന് ഒടിപി (OTP) കൂടി ആവശ്യമാണെന്നും വൺബാങ്ക് (OneBanc) സ്ഥാപകനും സിഇഒയുമായ വിഭോർ ഗോയൽ പറയുന്നു. പാന്, ആധാർ, സികെവൈസി, വീഡിയോ കെവൈസി എന്നിവ ബാങ്കുകൾ പരിശോധിക്കാറുണ്ടെങ്കിലും പല ഇടപാടുകളും ഇപ്പോഴും എസ്എംഎസ് വഴി ലഭിക്കുന്ന ഒടിപിയെയാണ് ആശ്രയിക്കുന്നത്. ഇതിന് പുറമെ സാമ്പത്തിക സ്ഥാപനങ്ങളുടെ ആപ്പുകളിലെയും സാങ്കേതികവിദ്യകളിലെയും സുരക്ഷാ പഴുതുകളും എഐ (AI) ഉപയോഗിച്ചുള്ള തട്ടിപ്പുകളും വെല്ലുവിളി ഉയർത്തുന്നുണ്ട്.
ബാങ്ക് വിവരങ്ങൾ മാത്രമല്ല, നിങ്ങളുടെ പേസ്ലിപ്പുകൾ (Payslips), നികുതി രേഖകൾ, ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും തട്ടിപ്പുകാർക്ക് വിവരങ്ങൾ ശേഖരിക്കാൻ സഹായകരമായേക്കാം. അതുകൊണ്ട് ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം ഇത്തരം രേഖകൾ കൈമാറുക. വാട്സ്ആപ്പ്, ഇമെയിൽ എന്നിവ വഴി സുരക്ഷിതമല്ലാത്ത രീതിയിൽ രേഖകൾ അയക്കുന്നത് ഒഴിവാക്കുക. ഉപഭോക്താക്കൾ ഒരിക്കലും പങ്കുവെക്കാൻ പാടില്ലാത്ത വിവരങ്ങൾവിവിധ ഉറവിടങ്ങളിൽ നിന്നുള്ള വ്യക്തിഗത വിവരങ്ങൾ കൂട്ടിച്ചേർക്കുമ്പോഴാണ് ആൾമാറാട്ട സാധ്യത വർദ്ധിക്കുന്നത്.
ഒടിപി (OTP), യുപിഐ പിൻ (UPI PIN), സിവിവി (CVV), ബാങ്കിംഗ് പാസ്വേഡുകൾ എന്നിവ ബാങ്ക് ഉദ്യോഗസ്ഥരെന്നോ സർക്കാർ ഉദ്യോഗസ്ഥരെന്നോ പറഞ്ഞ് വിളിക്കുന്നവരുമായി ഒരിക്കലും പങ്കുവെക്കരുത്. അപരിചിതരായ ആളുകൾ അയച്ചുതരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. നിലവിൽ ബാങ്ക് അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഉപഭോക്താക്കൾ ജാഗ്രത പാലിക്കുകയും ക്രെഡിറ്റ് റിപ്പോർട്ടുകളും അക്കൗണ്ട് വിവരങ്ങളും കൃത്യമായി പരിശോധിക്കുകയും ചെയ്യുന്നത് ഭാവിയിലെ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.
ഇനി, നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും വായ്പയെടുത്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? ഡാറ്റ ചോർച്ചയ്ക്ക് ശേഷം സ്വീകരിക്കാവുന്ന ഏറ്റവും പ്രായോഗികമായ മുൻകരുതൽ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് (Credit Report) പരിശോധിക്കുക എന്നതാണ്. നിങ്ങൾ അപേക്ഷിക്കാത്ത വായ്പകളോ ക്രെഡിറ്റ് കാർഡുകളോ റിപ്പോർട്ടിൽ ഉണ്ടോ എന്നും, നിങ്ങൾ അറിയാത്ത ക്രെഡിറ്റ് എൻക്വയറി (Credit Enquiries) നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുക.
അനാവശ്യമായ വായ്പാ വിവരങ്ങളോ സംശയാസ്പദമായ വിവരങ്ങളോ കണ്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കിനെയും ക്രെഡിറ്റ് ബ്യൂറോയെയും വിവരമറിയിക്കുക. സാമ്പത്തിക സൈബർ തട്ടിപ്പുകൾക്ക് ഇരയായാലോ സംശയം തോന്നിയാലോ cybercrime.gov.in എന്ന പോർട്ടൽ വഴിയോ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പർ വഴിയോ പരാതി രജിസ്റ്റർ ചെയ്യാം.







