
മുംബൈ: എച്ച്ഡിഎഫ്‌സി - എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും ദേശീയ ഓഹരി വിപണിയും അനുമതി നൽകി. നേരത്തെ റിസർവ് ബാങ്കും അനുമതി നൽകിയിരുന്നു. ഇക്കാര്യം എച്ച്ഡിഎഫ്സി തന്നെയാണ് അറിയിച്ചത്.
അതേസമയം ലയനത്തിന് ഇനിയും അനുമതികൾ ലഭിക്കാനുണ്ട്. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ തുടങ്ങിയ ഏജൻസികളിൽ നിന്നും ഓഹരി ഉടമകളിൽ നിന്നും വായ്പാ ദാതാക്കളായ കമ്പനികളിൽ നിന്നുമെല്ലാം അനുമതി ആവശ്യമാണ്.
2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദവാർഷികത്തിൽ ലയനം പൂർത്തിയാക്കാനാണ് തീരുമാനം. എച്ച്ഡിഎഫ്സി ബാങ്ക് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ്. സഹോദര സ്ഥാപനങ്ങളായ ഇരു കമ്പനികളും തമ്മിലുള്ള ലയനം 40 ബില്യൺ ഡോളർ മൂല്യം ഉള്ളതാണ്.
ലയനം പൂർത്തിയായാൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ 100 ശതമാനം ഓഹരികളും പബ്ലിക് ഷെയർഹോൾഡേർസിന്റെ പക്കലാണ്. എച്ച്ഡിഎഫ്സിയുടെ ഓഹരി ഉടമകൾക്ക് ഇതിൽ 41 ശതമാനം ഓഹരിവിഹിതം ഉണ്ടാവും. എല്ലാ എച്ച്ഡിഎഫ്സി ഓഹരി ഉടമകൾക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികൾ വീതം ഇപ്പോൾ കൈവശം വെക്കുന്ന ഓരോ 25 ഓഹരികൾക്കുമായി ലഭിക്കും.