സുവർണ കാലത്തേക്കൊരു റിട്ടേണ്‍ ടിക്കറ്റ്; ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ലാഭത്തിൽ

By Web TeamFirst Published Jan 12, 2021, 8:17 AM IST
Highlights

സെപ്തംബറിൽ അവസാനിച്ച ആദ്യ ആറ് മാസത്തിൽ ബിഎസ്എൻഎല്ലിന് 602 കോടിയുടെ മൊത്ത ലാഭമാണ് ഉണ്ടായത്.  മുൻ വർഷം ഇതേ കാലയളവിൽ 3596 കോടി രൂപയുടെ നഷ്ടമായിരുന്നു.  

ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ആറ് മാസത്തിൽ പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ലാഭത്തിലെത്തിയെന്ന് റിപ്പോർട്ട്. ടെലി കമ്യൂണിക്കേഷൻസ് വകുപ്പിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പലിശ, നികുതി തുടങ്ങിയവ കണക്കാക്കുന്നതിന് മുൻപുള്ള ലാഭമാണിത്.

സെപ്തംബറിൽ അവസാനിച്ച ആദ്യ ആറ് മാസത്തിൽ ബിഎസ്എൻഎല്ലിന് 602 കോടിയുടെ മൊത്ത ലാഭമാണ് ഉണ്ടായത്.  മുൻ വർഷം ഇതേ കാലയളവിൽ 3596 കോടി രൂപയുടെ നഷ്ടമായിരുന്നു.  എംടിഎൻഎൽ മുൻവർഷത്തെ 549 കോടി രൂപയുടെ നഷ്ടം മറികടന്ന് 276 കോടിയുടെ ലാഭമാണ് (ഇബിഐടിഡിഎ) ഉണ്ടാക്കിയത്.

ചെലവ് ചുരുക്കൽ മാർഗങ്ങളാണ് ഈ നേട്ടമുണ്ടാക്കിയതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. വേതനം വെട്ടിക്കുറച്ചതും വിആർഎസ് നടപ്പാക്കിയതും നേട്ടമായെന്ന് കേന്ദ്രം വാദിക്കുന്നു. 92956 ജീവനക്കാരാണ് ഇരു കമ്പനികളിൽ നിന്നും വിആർഎസ് എടുത്ത് ജോലി അവസാനിപ്പിച്ചത്. 

click me!