
ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ കാത്തിരുന്ന ആ നിമിഷം എത്തിക്കഴിഞ്ഞു. നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകപ്രശസ്ത കെ- പോപ്പ് ബാന്‍ഡ് ബിടിഎസ് വീണ്ടും സ്റ്റേജിലേക്ക് മടങ്ങിയെത്തുന്നു. എന്നാല്‍ ഇത് വെറുമൊരു മടങ്ങിവരവല്ല, ആഗോള സാമ്പത്തിക മേഖലയെത്തന്നെ പിടിച്ചുലയ്ക്കുന്ന ഒരു വലിയ 'മണി മേക്കിംഗ്' വിപ്ലവത്തിനാണ് സോളില്‍ തുടക്കമാകുന്നത്. അമേരിക്കന്‍ പോപ്പ് ഗായിക ടെയ്ലര്‍ സ്വിഫ്റ്റിന്റെ റെക്കോര്‍ഡുകള്‍ പോലും ബിടിഎസ് തകര്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ബിടിഎസ് ഒരു സംഗീത ബാന്‍ഡ് മാത്രമല്ല, ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെത്തന്നെ ചലിപ്പിക്കുന്ന ശക്തിയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനെ 'ബിടിഎസ്‌നോമിക്‌സ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ടെയ്ലര്‍ സ്വിഫ്റ്റിന്റെ വിഖ്യാതമായ 'ഇറാസ് ടൂര്‍' 200 കോടി ഡോളറിന്റെ (ഏകദേശം 16,000 കോടിയിലധികം രൂപ) ടിക്കറ്റ് വരുമാനമാണ് നേടിയത്. എന്നാല്‍ ബിടിഎസ് ഇതിനെ മറികടക്കുമെന്നാണ് സൂചന.
ടിക്കറ്റ് വില്‍പനയില്‍ മാത്രമല്ല ബിടിഎസിന്റെ കരുത്ത്. ആരാധകര്‍ വിദേശങ്ങളില്‍ നിന്ന് ബിടിഎസ് ഷോ കാണാന്‍ എത്തുകയും, ദിവസങ്ങളോളം അവിടെ താമസിച്ച് ഷോപ്പിംഗും ഭക്ഷണത്തിനുമായി പണം ചെലവാക്കുകയും ചെയ്യുന്നു. ഇത് പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്ക് നല്‍കുന്ന ലാഭം ചെറുതല്ല.
ഏപ്രില്‍ 9-ന് ദക്ഷിണ കൊറിയയിലെ ഗോയാങ്ങില്‍ ആരംഭിച്ച് 11 മാസങ്ങള്‍ക്ക് ശേഷം ഫിലിപ്പീന്‍സില്‍ അവസാനിക്കുന്ന തരത്തിലാണ് ഇവരുടെ ലോക പര്യടനം ആസൂത്രണം ചെയ്തിരിക്കുന്നത്. 23 രാജ്യങ്ങളിലെ, 34 നഗരങ്ങളിലാണ് ആകെ 82 ഷോകൾ നടത്തുന്നത്. ഇതിൽ വടക്കേ അമേരിക്കയില്‍ മാത്രം 30 ഷോകള്‍ നടക്കും. ഏകദേശം 60 ലക്ഷം പേര്‍ ഷോ നേരിട്ട് കാണുമെന്നാണ് കണക്കാക്കുന്നത്.
നെറ്റ്ഫ്‌ലിക്‌സിലും ചരിത്രം
സോളില്‍ നടക്കുന്ന കണ്‍സേര്‍ട്ടില്‍ 2.6 ലക്ഷം പേര്‍ നേരിട്ടെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്റ്റേഡിയത്തിന് പുറത്തുള്ളവര്‍ക്കായി നെറ്റ്ഫ്‌ലിക്‌സ് ഈ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തത്സമയ സംഗീത പരിപാടിയായിരിക്കുമിതെന്ന് നെറ്റ്ഫ്‌ലിക്‌സ് എക്‌സിക്യൂട്ടീവ് ബ്രാന്‍ഡന്‍ റീഗ് വ്യക്തമാക്കി.
ടൂത്ത് ബ്രഷ് മുതല്‍ ട്യൂണ ഫിഷ് വരെ!
ബിടിഎസിന്റെ പേരില്‍ വില്‍ക്കപ്പെടുന്നത് വെറും പാട്ടുകള്‍ മാത്രമല്ല. അവരുടെ ബ്രാന്‍ഡിലുള്ള കീ ചെയിനുകള്‍, പുതപ്പുകള്‍, വസ്ത്രങ്ങള്‍, ട്യൂണ ക്യാനുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയ്‌ക്കെല്ലാം വന്‍ ഡിമാന്‍ഡാണ്. കൊറിയയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ബിടിഎസ് ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ 430 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ബിടിഎസ് ബ്രാന്‍ഡ് ടൂത്ത് ബ്രഷ്, പേസ്റ്റ് സെറ്റുകള്‍, എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. ഇവ പലയിടത്തും സ്റ്റോക്ക് തീര്‍ന്ന അവസ്ഥയിലാണ്.
കൊറിയന്‍ തരംഗം
ബിടിഎസിന്റെ വരവോടെ ദക്ഷിണ കൊറിയയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനവുണ്ടായി. കൊറിയന്‍ സിനിമകള്‍, ഭക്ഷണങ്ങള്‍, ഫാഷന്‍ എന്നിവയോടുള്ള ലോകത്തിന്റെ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഈ ബാന്‍ഡ് വലിയ പങ്കുവഹിച്ചു. ബിടിഎസ് പര്യടനം പ്രഖ്യാപിച്ചതിന് പിന്നാലെ കൊറിയന്‍ നഗരങ്ങളായ സോള്‍, ബുസാന്‍ എന്നിവിടങ്ങളിലേക്കുള്ള ഹോട്ടല്‍ സെര്‍ച്ചുകളില്‍ യഥാക്രമം 160%, 2400% വീതം വര്‍ദ്ധനവാണ് ഉണ്ടായത്.ചുരുക്കത്തില്‍, ബിടിഎസ് എന്നത് വെറുമൊരു പാട്ടുസംഘമല്ല; ലോകം മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഒരു സാംസ്‌കാരിക-സാമ്പത്തിക പ്രതിഭാസമായി മാറിയിരിക്കുകയാണ്.