കേന്ദ്ര ബജറ്റ്: പ്രതിരോധത്തിനും വികസനത്തിനും വന്‍ തുക; കടം കുറയ്ക്കുക വെല്ലുവിളിയാകും

Published : Jan 09, 2026, 12:23 PM IST
nirmala sitharaman Narendra Modi

Synopsis

ധനക്കമ്മി 4.3 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോഴും, യഥാര്‍ത്ഥത്തില്‍ ഇത് 4.6 ശതമാനത്തില്‍ എത്താനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്

അടുത്ത മാസം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രതിരോധ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാര്‍ കൂടുതല്‍ തുക വകയിരുത്താന്‍ സാധ്യത. ഫിച്ച് സൊല്യൂഷന്‍സ് സ്ഥാപനമായ ബി.എം.ഐയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം വര്‍ധിച്ചുവരുന്ന ചെലവുകള്‍ നേരിടേണ്ടി വരുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകും. ധനക്കമ്മി 4.3 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോഴും, യഥാര്‍ത്ഥത്തില്‍ ഇത് 4.6 ശതമാനത്തില്‍ എത്താനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചൈനയും പാക്കിസ്ഥാനും ഭീഷണി; പ്രതിരോധം മുഖ്യം

അതിര്‍ത്തിയിലെ സുരക്ഷാ വെല്ലുവിളികള്‍ കണക്കിലെടുത്ത് പ്രതിരോധ ബജറ്റില്‍ വര്‍ധനവുണ്ടാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചൈനയുമായും പാക്കിസ്ഥാനുമായും ഉണ്ടായ സംഘര്‍ഷങ്ങള്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പാണ്. ഇരുരാജ്യങ്ങളും തങ്ങളുടെ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ച സാഹചര്യത്തില്‍, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും സുരക്ഷയ്ക്കായി കൂടുതല്‍ പണം ചെലവാക്കേണ്ടി വരും. 2018-2020 കാലയളവില്‍ കുറഞ്ഞ പ്രതിരോധ വിഹിതം ഇത്തവണ ഉയര്‍ത്താനാണ് സാധ്യത.

കടം കുറയ്ക്കാന്‍ ഊന്നല്‍

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യത്തിന്റെ പൊതുകടം കുത്തനെ ഉയര്‍ന്നിരുന്നു. ധനക്കമ്മി കുറച്ചുകൊണ്ടുവന്ന് സാമ്പത്തിക അച്ചടക്കം പാലിക്കാനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ശ്രമിക്കുന്നത്. 2031-ഓടെ പൊതുകടം 50 ശതമാനത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. എന്നാല്‍ നിലവില്‍ ഇത് വളരെ കൂടുതലാണ്. സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാത്ത രീതിയില്‍ കടം നിയന്ത്രിക്കുക എന്നത് സര്‍ക്കാരിന് വലിയൊരു കടമ്പയാണ്.

വികസനത്തിന് പണം വേണം

'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ തുക ആവശ്യമാണ്. ഗവേഷണത്തിനായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, റെയില്‍വേ വികസനത്തിനായി വരാനിരിക്കുന്ന ബജറ്റില്‍ ഏകദേശം 3 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം വന്‍കിട പദ്ധതികള്‍ ബജറ്റ് ചെലവ് വര്‍ധിപ്പിക്കും.

വരുമാനത്തില്‍ ആശങ്ക?

ചെലവ് കൂടുമ്പോള്‍ അതിനനുസരിച്ച് വരുമാനം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ജി.എസ്.ടി - ആദായനികുതി പരിഷ്‌കാരങ്ങള്‍, കസ്റ്റംസ് ഡ്യൂട്ടിയിലെ മാറ്റങ്ങള്‍ എന്നിവ അടുത്ത സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനത്തെ ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്നത് ധനക്കമ്മി വര്‍ധിക്കാന്‍ കാരണമാകും.

PREV
Read more Articles on
click me!

Recommended Stories

ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി
കരാർ ജീവനക്കാര‍‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കുമോ? പുതിയ തൊഴില്‍ ചട്ടങ്ങള്‍ എന്തൊക്കെ?