വെനസ്വേലയിലെ യുഎസ് നീക്കം: റിലയന്‍സിന് റെക്കോര്‍ഡ് മുന്നേറ്റം, എണ്ണ ഓഹരികളിലും കുതിപ്പ്

Published : Jan 05, 2026, 06:07 PM IST
Reliance share price target

Synopsis

വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക 25% നികുതി ഏര്‍പ്പെടുത്തിയതോടെ ഇറക്കുമതി കുറയ്ക്കാന്‍ റിലയന്‍സ് തീരുമാനിച്ചിരുന്നു.

 

വെനസ്വേലയില്‍ അരങ്ങേറിയ നാടകീയമായ സൈനിക നീക്കങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ എണ്ണക്കമ്പനികള്‍ക്ക് വന്‍ കുതിച്ചുചാട്ടം. മുന്‍നിര കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യാപാരത്തിനിടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,611.20 രൂപയിലെത്തി. ഒഎന്‍ജിസി , ഓയില്‍ ഇന്ത്യ, ഐഒസി (തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരി വിലയിലും രണ്ട് ശതമാനം വരെ വര്‍ദ്ധന രേഖപ്പെടുത്തി. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സേന പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയെന്ന വാര്‍ത്തകളാണ് വിപണിയെ സ്വാധീനിച്ചത്. അവിടെ പുതിയ ഭരണസംവിധാനം വരുന്നത് വെനസ്വേലയില്‍ നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാകുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍.

ഒഎന്‍ജിസിക്ക് ലഭിക്കാനുള്ളത് 4,200 കോടി രൂപ

വെനസ്വേലയിലെ രാഷ്ട്രീയ മാറ്റം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക ഒഎന്‍ജിസിക്കാണെന്ന് വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ചൂണ്ടിക്കാട്ടുന്നു. വെനസ്വേലയിലെ സാന്‍ ക്രിസ്റ്റോബാല്‍ എണ്ണപ്പാടത്തു നിന്നുള്ള ലാഭവിഹിതമായി 500 ദശലക്ഷം ഡോളര്‍ (ഏകദേശം 4,200 കോടി രൂപ) ഒഎന്‍ജിസിക്ക് ലഭിക്കാനുണ്ട്. അമേരിക്കന്‍ ഉപരോധം കാരണം വര്‍ഷങ്ങളായി ഈ പണം കുടുങ്ങിക്കിടക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ കുടിശ്ശിക തിരികെ കിട്ടാനുള്ള വഴി തെളിയുമെന്നാണ് പ്രതീക്ഷ.

കൂടാതെ, വെനസ്വേലയിലെ കാരബോബോ എണ്ണപ്പാടത്തും ഒഎന്‍ജിസിക്ക് 11 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങിക്കിടക്കുന്ന ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിച്ചാല്‍ അത് കമ്പനിയുടെ ലാഭം ഇരട്ടിയാക്കും.

മറ്റ് എണ്ണക്കമ്പനികളുടെ പ്രകടനം:

ഹിന്ദുസ്ഥാന്‍ പെട്രോളിയം : ഓഹരി വില 1.85% വര്‍ദ്ധിച്ച് 508.45 രൂപയിലെത്തി.

ഒഎന്‍ജിസി: 1.16% ഉയര്‍ന്ന് 246.80 രൂപയായി.

ഇന്ത്യന്‍ ഓയില്‍ : 1.03% നേട്ടത്തോടെ 168.79 രൂപയിലെത്തി.

ഓയില്‍ ഇന്ത്യ: 0.47% വര്‍ദ്ധനയോടെ 432.45 രൂപയായി.

റിലയന്‍സും വെനസ്വേലന്‍ എണ്ണയും

റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേരത്തെ വെനസ്വേലയില്‍ നിന്ന് വലിയ തോതില്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക 25% നികുതി ഏര്‍പ്പെടുത്തിയതോടെ ഇറക്കുമതി കുറയ്ക്കാന്‍ റിലയന്‍സ് തീരുമാനിച്ചിരുന്നു. എങ്കിലും കമ്പനിയുടെ ശക്തമായ സാമ്പത്തിക അടിത്തറയും പുതിയ ബിസിനസ് മേഖലകളിലെ നിക്ഷേപവും ഓഹരി വിപണിയില്‍ റിലയന്‍സിന് കരുത്തേകുന്നു.

വെനസ്വേലയിലെ എണ്ണ ഉത്പാദന മേഖലയില്‍ അമേരിക്കന്‍ മേല്‍നോട്ടം വരുന്നതോടെ ലോകവിപണിയില്‍ എണ്ണ ലഭ്യത കൂടുമെന്നും ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍

PREV
Read more Articles on
click me!

Recommended Stories

കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണം; ഗര്‍ഭനിരോധന ഉറകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ചൈന
ഫെബ്രുവരി 1 മുതല്‍ സിഗരറ്റിന് 'പൊള്ളുന്ന' വില; നികുതി കൂട്ടി കേന്ദ്രം; പാന്‍ മസാലയ്ക്കും അധിക സെസ്സ്