25,000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള വീടുകളില്‍ കോഴ്‌സുകൾ വിൽക്കില്ല; പുതിയ കച്ചവട തന്ത്രവുമായി ബൈജൂസ്‌

By Web TeamFirst Published Jan 17, 2023, 6:43 PM IST
Highlights

 പ്രതിമാസം 25,000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള കുടുംബങ്ങള്‍ക്ക് കോഴ്‌സുകൾ വിൽക്കില്ല. ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഭീഷണി ഉയരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ കമ്മീഷന്‍ കഴിഞ്ഞ മാസം ബൈജൂസിന് നോട്ടീസ് അയച്ചിരുന്നു.
 

ദില്ലി: വിൽപ്പന തന്ത്രത്തിൽ  പ്രധാന മാറ്റം വരുത്തി എഡ്‌ടെക് ഭീമൻ ബൈജൂസ്. ഇനിമുതൽ ബൈജൂസിന്റെ സെയിൽസ് ടീം വിദ്യാർത്ഥികളുടെ വീട്ടിലെത്തി വില്പന നടത്തില്ല. ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഭീഷണി ഉയരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ കമ്മീഷന്‍ കഴിഞ്ഞ മാസം ബൈജൂസിന് നോട്ടീസ് അയച്ചിരുന്നു.

ഇനി മുതൽ 25,000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള വീടുകളില്‍ കോഴ്‌സുകള്‍ വിൽക്കില്ലെന്ന് കമ്പനി ബാലാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പ്രതിമാസം 25,000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള കുടുംബങ്ങള്‍ക്ക് 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന പദ്ധതിയിലൂടെ ബൈജൂസ്‌  സൗജന്യ ക്ലാസുകള്‍ നല്‍കും.

മാതാപിതാക്കളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിച്ച് ബൈജൂസ് ടീം സബ്‌സ്‌ക്രിപ്ഷന്‍ നേടുന്നു എന്ന പരാതി ഉയർന്നിരുന്നു. രക്ഷിതാക്കളും കുട്ടികളും ഇതിനെതിരെ കേസുകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനുള്ള പരിഹാരമാണ് ബൈജൂസ്‌ കണ്ടിരിക്കുന്നത്. ഇനി മുതൽ നാല് ഘട്ടങ്ങളിലായി ഉപഭോക്താക്കളെ സേവനങ്ങള്‍ പരിചയപ്പെടുത്തും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരിക്കും റീഫണ്ട് അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക. 

ഇതിലൂടെ ഫീസ് റീഫണ്ട് ചെയ്യുമ്പോൾ ഭാവിയില്‍ ഉയരാനിടയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ രക്ഷിതാക്കളുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് റെക്കോര്‍ഡ് ചെയ്ത് കമ്പനി സൂക്ഷിക്കും. മാത്രമല്ല, സാമ്പത്തിക സഹായം ആവശ്യമുള്ള രക്ഷിതാക്കൾക്ക് ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാനുള്ള സൗകര്യവും കമ്പനി നൽകും. ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്‌ ചെലവ് കുറയ്ക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. 2023 മാര്‍ച്ചോടെ ലാഭത്തിലെത്താനുള്ള ശ്രമത്തിലാണ് കമ്പനി. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് ദശകോടി ഡോളര്‍ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ കച്ചവട തന്ത്രം കമ്പനിയുടെ വരുമാനത്തെ ബാധിച്ചേക്കാം 

click me!