ഇനി 'ഓപ്പോ ഇന്ത്യയല്ല, ബൈജൂസ് ഇന്ത്യ': ചൈനീസ് ബ്രാന്‍ഡിനെ നീക്കി ജേഴ്സിയില്‍ മലയാളിത്തിളക്കം

By Anoop PillaiFirst Published Jul 26, 2019, 4:27 PM IST
Highlights

വരാന്‍ പോകുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കൂടി ഓപ്പോ തന്നെയാകും സ്പോണ്‍സര്‍മാര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കിറ്റ് സ്പോണ്‍സര്‍ ചെയ്യുന്നത് നൈക്കിയാണ്. 

സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സിയില്‍ തെളിയുക ഓപ്പോ ഇന്ത്യയെന്നാകില്ല പകരം ബൈജൂസ് ഇന്ത്യയെന്നാകും. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരം ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍ ചെയ്യുക എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പായിരിക്കും. മലയാളിയായ ബൈജു രവീന്ദ്രന്‍റെ നേതൃത്വത്തിലുളള കമ്പനിയാണ് ബൈജൂസ് ലേണിങ് ആപ്പ്. 

2017 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ഓപ്പോയും തമ്മില്‍ ഒപ്പുവച്ച കരാറില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ പിന്‍മാറിയതോടെയാണ് ബൈജൂസിന് അവസരം ലഭിച്ചത്. ബെംഗളൂരു ആസ്ഥാനമായാണ് ബൈജൂസ് ലേണിങ് ആപ്പിന്‍റെ പ്രവര്‍ത്തനം. ഓപ്പോയും ബിസിസിഐയും തമ്മില്‍ ഒപ്പിട്ട കരാറിന് 2022 മാര്‍ച്ച് വരെ കാലാവധിയുണ്ട്. എന്നാല്‍, കരാര്‍ മൂല്യം വളരെ ഉയര്‍ന്നതാണെന്നും അസ്ഥിരവുമാണെന്ന് ചൂണ്ടിക്കാട്ടി അവകാശം ബൈജൂസിന് വില്‍ക്കാന്‍ ഓപ്പോ തീരുമാനിക്കുകയായിരുന്നു. ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കൈമാറുന്നതിനെ ബിസിസിഐ അംഗീകരിക്കുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജേഴ്സിയുടെ മധ്യത്തില്‍ 'ബൈജൂസ് ഇന്ത്യ' എന്ന് തെളിയും. 

ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കൈമാറിയതിലൂടെ ബിസിസിഐയ്ക്ക് നഷ്ടമുണ്ടാകില്ല. 2017 മാര്‍ച്ചില്‍ ഓപ്പോയുമായി ഒപ്പിട്ട കരാര്‍ പ്രകാരം 1,079 കോടി രൂപയായിരുന്നു സ്പോണ്‍സര്‍ഷിപ്പ് മൂല്യം. ഇതേതുക തുടര്‍ന്നും ബിസിസിഐയ്ക്ക് ബൈജൂസില്‍ നിന്ന് ലഭിക്കുമെന്നതിനാല്‍ ഇടപാടില്‍ ബിസിസിഐക്ക് നഷ്ടം സംഭവിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സെപ്റ്റംബര്‍ 15 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാകും ജേഴ്സിയില്‍ ബൈജൂസ് ഇടംപിടിക്കുക. 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഓപ്പോ തന്നെ... 

ഓപ്പോയ്ക്ക് മുന്‍പ് സ്റ്റാര്‍ ഇന്ത്യയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍ ചെയ്തിരുന്നത്. 2022 മാര്‍ച്ച് 31 വരെ ബൈജൂസിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സിയില്‍ തുടരാം. കരാര്‍ പ്രകാരം ദ്വിരാഷ്ട്ര മല്‍സരങ്ങള്‍ക്ക് 4.61 കോടി രൂപയും ഐസിസി സംഘടിപ്പിക്കുന്ന ബഹുരാഷ്ട്ര പരമ്പരകള്‍ക്ക് 1.56 കോടി രൂപയുമാണ് ക്രിക്കറ്റ് ബോര്‍ഡിന് നിലവില്‍ ഓപ്പോ നല്‍കിവരുന്നത്. 

വരാന്‍ പോകുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കൂടി ഓപ്പോ തന്നെയാകും സ്പോണ്‍സര്‍മാര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കിറ്റ് സ്പോണ്‍സര്‍ ചെയ്യുന്നത് നൈക്കിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കിറ്റ് സ്പോണ്‍സര്‍ ചെയ്യുന്നതിന് 2005 ലാണ് നൈക്കിയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. പിന്നീട് 2016 ല്‍ നൈക്കി കരാര്‍ പുതുക്കിയിരുന്നു. 370 കോടി രൂപയുടേതാണ് ഈ കരാര്‍. കാലാവധി 2020 വരെയും. 

നിലവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ബൈജൂസിന്‍റെ വിപണി മൂല്യം 38,000 കോടി രൂപയാണ്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ലേണിങ് ആപ്പിന്‍റെ മാതൃകമ്പനി തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ വിവിധ നിക്ഷേപകരില്‍ നിന്ന് 750 ദശലക്ഷം ഡോളറാണ് ബൈജൂസ് ലേണിങ് ആപ്പ് സമാഹരിച്ചത്. ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്‍റെയും ഭാര്യ പ്രിസില്ല ചാനിന്‍റെയും ഉടമസ്ഥതയിലുളള ചാന്‍- സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് ഉള്‍പ്പടെയുളളവരില്‍ നിന്നാണ് ഇത്തരത്തില്‍ നിക്ഷേപം എത്തിയത്. 
 

click me!