ഓണക്കാലത്ത് കാര്‍ വാങ്ങാന്‍ ഒരുങ്ങുകയാണോ? വില വീണ്ടും കൂടും; നിര്‍മാണച്ചെലവ് ഇരുട്ടടിയാകുന്നു

Published : Aug 13, 2026, 04:08 PM IST
Car

Synopsis

അസംസ്‌കൃത വസ്തുക്കളായ സ്റ്റീല്‍, റബ്ബര്‍, അലുമിനിയം എന്നിവയുടെ വില കുത്തനെ ഉയര്‍ന്നത് വാഹന നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഉത്സവ സീസണില്‍ ഡിമാന്‍ഡ് കൂടുമെങ്കിലും, നിര്‍മാണച്ചെലവ് വര്‍ധിച്ചതിനാല്‍ വാഹനവില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ഉത്സവ സീസണില്‍ പുതിയ കാറോ ഇരുചക്ര വാഹനമോ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് തിരിച്ചടിയായി വാഹനവില വീണ്ടും ഉയര്‍ന്നേക്കും. വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തുക്കളായ സ്റ്റീല്‍, റബ്ബര്‍, അലുമിനിയം, ചെമ്പ്, സെമികണ്ടക്ടറുകള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതാണ് വാഹന നിര്‍മാതാക്കളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പാസഞ്ചര്‍ കാറുകള്‍ക്കും ഇരുചക്ര- വാണിജ്യ വാഹനങ്ങള്‍ക്കും വിപണിയില്‍ മികച്ച ഡിമാന്‍ഡ് ഉണ്ട്. എന്നാല്‍ കുതിച്ചുയരുന്ന നിര്‍മാണച്ചെലവ് വാഹനക്കമ്പനികളെ വലിയ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുകയാണ്. ഒന്നുകില്‍ ലാഭവിഹിതം കുറച്ച് ഈ അധികച്ചെലവ് സ്വയം സഹിക്കുക, അല്ലെങ്കില്‍ വില വര്‍ധിപ്പിച്ച് അത് ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കുക. എന്നാല്‍ ഇന്ത്യക്കാരുടെ ഏറ്റവും വലിയ വാഹന ഷോപ്പിങ് സീസണായ ഉത്സവകാലത്ത് വില കൂട്ടിയാല്‍ അത് കച്ചവടത്തെ സാരമായി ബാധിക്കുമോ എന്ന ഭയവും കമ്പനികള്‍ക്കുണ്ട്.

അസംസ്‌കൃത വസ്തുക്കളുടെ വിലയ്ക്ക് പുറമെ വൈദ്യുതി, ഗതാഗതം, തൊഴിലാളികളുടെ വേതനം എന്നിവയും കൂടിയതോടെ വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളും ടയര്‍ നിര്‍മാതാക്കളും വില കൂട്ടിത്തരണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. കാര്‍ നിര്‍മാണത്തിന് ഏറ്റവും അത്യാവശ്യമായ സ്റ്റീല്‍, റബ്ബര്‍, കോപ്പര്‍, അലുമിനിയം എന്നിവയുടെ വിലവര്‍ധനവാണ് നിലവില്‍ ഏറ്റവും വലിയ വെല്ലുവിളി.

കമ്പനികള്‍ പറയുന്നത് എന്ത്?

വാഹനങ്ങളുടെ നിര്‍മാണച്ചെലവിന്റെ 40 ശതമാനവും സ്റ്റീലാണ്. നിലവിലെ തീരുവ എടുത്തു മാറ്റാതെ സ്റ്റീലിന്റെ വില കുറയില്ല. ടയറുകള്‍ക്കുള്ള റബ്ബറിനും അലുമിനിയത്തിനും വലിയ തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ കോപ്പര്‍ ആവശ്യമുള്ളതിനാല്‍ അവിടെയും ചിലവേറുകയാണ്. ഈ വിലക്കയറ്റം തുടര്‍ന്നാല്‍ രണ്ടാം പാദത്തിലും വാഹനങ്ങള്‍ക്ക് വില കൂട്ടാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.

വില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനികള്‍

മാരുതി സുസുക്കി ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ വിലവര്‍ധനവ് കഴിഞ്ഞ ജൂണില്‍ നടപ്പാക്കിയിരുന്നു (ശരാശരി 0.5 ശതമാനം). ഓഗസ്റ്റ് മുതല്‍ വീണ്ടും വില കൂട്ടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിര്‍മാണ, ലോജിസ്റ്റിക്‌സ് ചിലവുകള്‍ വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി ഹോണ്ട കാര്‍സ് ഇന്ത്യയും ഓഗസ്റ്റ് മുതല്‍ വാഹനവില വര്‍ധിപ്പിച്ചു.

അതേസമയം, മറ്റ് ചിലവുകള്‍ പരമാവധി കുറച്ച് ഉപഭോക്താക്കള്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കാത്ത രീതിയില്‍ മുന്നോട്ട് പോകാനാണ് തങ്ങളുടെ ശ്രമമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി. വിപണിയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രമേ വില വര്‍ധനവില്‍ അന്തിമ തീരുമാനം എടുക്കൂ എന്നും ഹ്യുണ്ടായ് പ്രതിനിധി അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

138 ലക്ഷം കോടി രൂപ! ഇന്ത്യയിലെ 300 കുടുംബങ്ങളുടെ സമ്പത്ത് സൗദി ഉൾപ്പെടെ 5 ഭീമൻ രാജ്യങ്ങളേക്കാൾ വലുത്!
ധൂർത്തടിക്കുന്നവരല്ല, കണക്കുപറഞ്ഞ് ചെലവാക്കുന്നവർ! ജെൻ സി യുവാക്കളുടെ പണമിടപാടുകൾ ഇങ്ങനെ