
ഇന്ത്യയിലെ ശമ്പളക്കാരായ 'ജെൻ സി' (Gen Z) വിഭാഗക്കാർ പണം ചെലവഴിക്കുന്ന രീതികളെക്കുറിച്ചുള്ള പൊതുവായ ധാരണകളെ തിരുത്തിക്കുറിക്കുകയാണ് പുതിയ പഠനം. വിനോദം, യാത്രാനുഭവങ്ങൾ, ലൈഫ് സ്റ്റൈൽ, സബ്‌സ്‌ക്രിപ്ഷനുകൾ എന്നിവയ്ക്കാണ് ഇളംതലമുറ പണം ധൂർത്തടിക്കുന്നത് എന്ന ചിന്ത തെറ്റാണെന്ന് ഡാറ്റ വ്യക്തമാക്കുന്നു. 5.2 ലക്ഷത്തിലധികം ജെൻ സി ജീവനക്കാരുടെ ലക്ഷക്കണക്കിന് യുപിഐ (UPI) ഇടപാടുകൾ വിശകലനം ചെയ്ത് ഫിൻടെക് പ്ലാറ്റ്‌ഫോമായ 'സാലറിസീ' (SalarySe) തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. പഠനത്തിലൂടെ കണ്ടെത്തിയ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് നോക്കാം.
ആവശ്യങ്ങൾക്ക് മുൻഗണന (70% ന് മുകളിൽ): സാലറി ലഭിക്കുന്ന ജെൻ സി യുവാക്കളുടെ മാസവരുമാനത്തിന്റെ 70 ശതമാനത്തിലധികം തുകയും ദൈനംദിന ജീവിതച്ചെലവുകൾക്കും അവശ്യ സാമ്പത്തിക ബാധ്യതകൾക്കുമാണ് വിനിയോഗിക്കുന്നത്. ഇതിൽ ബിൽ പേയ്‌മെന്റുകൾ, അവശ്യ സബ്‌സ്‌ക്രിപ്ഷനുകൾ: 20.1%, പച്ചക്കറി, പലവ്യഞ്ജനം: 15.7%, ഫിനാൻഷ്യൽ സർവീസുകൾ (സേവിങ്സ്/ഇൻവെസ്റ്റ്മെന്റ്/വായ്പാ തിരിച്ചടവുകൾ) 12.2%, ഷോപ്പിംഗ്: 11.9%, ഭക്ഷണം: 11.5% എന്നിങ്ങനെയാണ് ആദ്യ 70 ശതമാനത്തെ ഭാഗിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇനി, യുവാക്കൾ യാത്രകൾക്കായി വലിയ തുക ചെലവഴിക്കുന്നുവെന്ന ധാരണകളെ തിരുത്തുന്നതാണ് പഠന റിപ്പോർട്ട്. ആകെ ചെലവിന്റെ 5% മാത്രമാണ് യാത്രാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പണം കൈകാര്യം ചെയ്യുന്നതിൽ പൂർണ്ണമായും യുപിഐ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളെ ആശ്രയിക്കുന്ന ആദ്യ തലമുറയാണ് ജെൻ സി എന്ന് 'സാലറിസീ' സഹസ്ഥാപകൻ പിയൂഷ് ബഗേരിയ ചൂണ്ടിക്കാണിക്കുന്നു.
വിനോദങ്ങൾക്കായുള്ള സബ്‌സ്‌ക്രിപ്ഷനുകളിൽ ജിയോഹോട്ട്സ്റ്റാർ (12.4%), നെറ്റ്ഫ്ലിക്സ് (10.7%), സ്പോട്ടിഫൈ (5.6%) എന്നിവയാണ് മുന്നിൽ നിൽക്കുന്നത്. എങ്കിലും, ഇവയുടെ ചെലവ് ആകെ ബജറ്റിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും ദൈനംദിന ആവശ്യങ്ങളെ ബാധിക്കുന്ന തരത്തിൽ വിനോദങ്ങൾക്കായി ഇവർ പണം ചെലവഴിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.
18–23, 24–29 എന്നീ രണ്ട് പ്രായപരിധിയിലുള്ള ജെൻ സിക്കാരുടെ സ്പെൻഡിംഗ് രീതിയും പഠനം താരതമ്യം ചെയ്യുന്നുണ്ട്. രണ്ട് പ്രായക്കാരിലും അത്യാവശ്യമല്ലാത്ത വ്യക്തിഗത ചെലവുകൾ (discretionary spending ) 32% ആയി തന്നെ തുടരുന്നു. എന്നാൽ, 18–23 പ്രായക്കാരിൽ അവശ്യകാര്യങ്ങൾക്കുള്ള ചെലവ് (Essential Spending) 50% ആണെങ്കിൽ, 24–29 പ്രായക്കാരായ മുതിർന്ന ജെൻ സിക്കാരിൽ ഇത് 59% ആയി ഉയരുന്നു. കരിയറിൽ മുന്നേറുന്നതിനനുസരിച്ച് കുടുംബപരവും വ്യക്തിപരവുമായ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നതാണ് ഇതിന് കാരണം. ചുരുക്കത്തിൽ, അനാവശ്യ ധൂർത്തുകളേക്കാൾ കൂടുതൽ ഉത്തരവാദിത്തമുള്ള സാമ്പത്തിക ആസൂത്രണമാണ് പുതിയ തലമുറ കാഴ്ചവെക്കുന്നത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.