138 ലക്ഷം കോടി രൂപ! ഇന്ത്യയിലെ 300 കുടുംബങ്ങളുടെ സമ്പത്ത് സൗദി ഉൾപ്പെടെ 5 ഭീമൻ രാജ്യങ്ങളേക്കാൾ വലുത്!

Published : Aug 13, 2026, 02:59 PM IST
mukesh ambani family

Synopsis

ഇന്ത്യയിലെ 300 മുൻനിര ബിസിനസ് കുടുംബങ്ങളുടെ ആകെ മൂല്യം 138 ലക്ഷം കോടി രൂപയിലെത്തിയതായി ഹുറൂൺ ഇന്ത്യ റിപ്പോർട്ട്. ഇത് പല വികസിത രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ മറികടക്കുന്നതാണ്. മുകേഷ് അംബാനിയുടെ കുടുംബം ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, ഈ കുടുംബങ്ങൾ രാജ്യത്തെ തൊഴിലിനും നികുതി വരുമാനത്തിനും വലിയ സംഭാവന നൽകുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളുടെ ആകെ മൂല്യം വൻകിട വിദേശ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെപ്പോലും മറികടക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ 300 മുൻനിര ബിസിനസ് കുടുംബങ്ങളുടെ ആകെ മൂല്യം ഏകദേശം 138 ലക്ഷം കോടി രൂപ ( ഏകദേശം 1.46 ട്രില്യൺ ഡോളർ) ആയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബാർക്ലേസ് പ്രൈവറ്റ് ക്ലയന്റ്‌സ് ഹുറൂൺ ഇന്ത്യ മോസ്റ്റ് വാല്യൂബിൾ ഫാമിലി ബിസിനസസ്- 2026 ആണ് ഈ കണക്കുകൾ പുറത്തു വിട്ടത്.

ഈ കുടുംബ ബിസിനസുകളെ ഒന്നാകെ ഒരു രാജ്യമായി കണക്കാക്കിയാൽ, ജിഡിപി (GDP) അടിസ്ഥാനത്തിൽ ലോകത്തിലെ 18-ാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും. സൗദി അറേബ്യ, സ്വിറ്റ്‌സർലൻഡ്, നെതർലൻഡ്‌സ്, പോളണ്ട് എന്നീ രാജ്യങ്ങളുടെ ആകെ സമ്പദ്‌വ്യവസ്ഥയേക്കാൾ വലുതാണിത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രതിദിനം ശരാശരി 4,076 കോടി രൂപയുടെ മൂല്യവർദ്ധനവാണ് ഈ 300 കുടുംബങ്ങൾ നേടിയത്. 25.8 ലക്ഷം കോടി രൂപ മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും കുടുംബവുമാണ് ലിസ്റ്റിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയത്.

ഇതിൽ പട്ടികയിലെ ആദ്യ 10 കുടുംബങ്ങളുടെ ആകെ മൂല്യം 70.5 ലക്ഷം കോടി രൂപയാണ്. അതായത്, 300 കുടുംബങ്ങളുടെ ആകെ സമ്പത്തിന്റെ 51 ശതമാനവും ഇവരുടെ കൈകളിലാണ്. ഈ 300 കുടുംബങ്ങൾ ചേർന്ന് 54 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂസിലൻഡിന്റെ ആകെ ജനസംഖ്യയേക്കാൾ കൂടുതലാണിത്. കൂടാതെ ഇന്ത്യയുടെ ആകെ കോർപ്പറേറ്റ് നികുതി വരുമാനത്തിന്റെ 17% (1.9 ലക്ഷം കോടി രൂപ) സംഭാവന ചെയ്യുന്നതും ഇവരാണ്.

അതേ സമയം, പട്ടികയിലെ 18 കമ്പനികൾക്ക് നേതൃത്വം നൽകുന്നത് വനിതകളാണ്. ഹിന്ദുസ്ഥാൻ സിങ്കിന്റെ പ്രിയ അഗർവാൾ ഹെബ്ബാർ, എച്ച്.സി.എല്ലിന്റെ റോഷ്നി നാടാർ മൽഹോത്ര എന്നിവരാണ് ഇതിൽ മുൻനിരയിൽ. എഫ്.എസ്.എൻ ഇ-കോമേഴ്സിന്റെ (Nykaa) ഫാൽഗുനി നായരാണ് ഒന്നാം തലമുറ വിഭാഗത്തിൽ നേതൃത്വം നൽകുന്ന ഏക വനിത.

PREV
Read more Articles on
click me!

Recommended Stories

മാഗിയിൽ പ്രാണികളെ കണ്ടെത്തിയെന്ന പ്രചാരണം: പ്രതികരിച്ച് നെസ്‌ലെ ഇന്ത്യ; 'ആധികാരികത ഉറപ്പാക്കാനായില്ല'
വരുന്നൂ ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ്; ഐഫോൺ 17 മുതൽ ഗൂഗിൾ പിക്സൽ 11 വരെ വമ്പൻ വിലക്കുറവിൽ