കാര്‍ വെള്ളത്തില്‍ മുങ്ങിയോ? ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Published : Jul 11, 2026, 04:39 PM IST
Car in water

Synopsis

മഴക്കാലത്ത് വെള്ളം കയറി വാഹനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുന്നു. എന്നാൽ, വെള്ളക്കെട്ടിൽ നിർത്തിയ വാഹനം വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ എഞ്ചിനുണ്ടാകുന്ന തകരാറുകൾക്ക് 'എഞ്ചിൻ പ്രൊട്ടക്ഷൻ' ആഡ്- ഓൺ ആവശ്യമാണ്. 

എല്ലാ മഴക്കാലത്തും വാഹന ഉടമകള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് വെള്ളം കയറി വാഹനങ്ങള്‍ നശിക്കുന്ന അവസ്ഥ. ഇത്തരം സാഹചര്യങ്ങളില്‍ കാറുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുമോ? ഇതാണ് പലരുടെയും സംശയം. കൈവശമുള്ള ഇന്‍ഷുറന്‍സ് പോളിസി ഏതാണ് എന്നതിനെയും, വാഹനത്തിന് ഏത് സാഹചര്യത്തിലാണ് കേടുപാടുകള്‍ സംഭവിച്ചത് എന്നതിനെയും ആശ്രയിച്ചിരിക്കും ഇതിന്റെ ഉത്തരം.

ഏത് പോളിസിക്കാണ് പരിരക്ഷ ലഭിക്കുക?

വെള്ളപ്പൊക്കം, കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സാധാരണയായി കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി വഴി പരിരക്ഷ ലഭിക്കാറുണ്ട്. എന്നാല്‍ ഈ പരിരക്ഷ ലഭിക്കണമെങ്കില്‍ വാഹനത്തിന് കോംപ്രിഹെന്‍സീവ് അല്ലെങ്കില്‍ സ്റ്റാന്‍ഡ് എലോണ്‍ ഓണ്‍ ഡാമേജ് പോളിസികള്‍ ഉണ്ടായിരിക്കണം. ഈ പോളിസികള്‍ ഉണ്ടെങ്കില്‍ വാഹനത്തിന്റെ ബോഡി, സസ്‌പെന്‍ഷന്‍, അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കല്‍ ഭാഗങ്ങള്‍ എന്നിവയ്ക്ക് വെള്ളപ്പൊക്കത്തില്‍ സംഭവിക്കുന്ന തകരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. സാധാരണ തേര്‍ഡ് പാര്‍ട്ടി പോളിസി മറ്റുള്ളവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് മാത്രമേ പരിരക്ഷ നല്‍കൂ, നിങ്ങളുടെ സ്വന്തം വാഹനത്തിനല്ല. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ പലരും ഈ വ്യത്യാസം ശ്രദ്ധിക്കാറില്ല.

എല്ലാ റിപ്പയറിങ് ചെലവുകളും ഇന്‍ഷുറന്‍സ് കമ്പനി നല്‍കുമോ?

മഴവെള്ളത്തില്‍ കാര്‍ കേടായാല്‍ എല്ലാ റിപ്പയറിങ് ചെലവുകളും ഇന്‍ഷുറന്‍സ് കമ്പനി നല്‍കുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണ്. ഉദാഹരണത്തിന്, വെള്ളക്കെട്ടില്‍ വാഹനം നിന്നാല്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് വലിയ അബദ്ധമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ വാഹനത്തിന്റെ എഞ്ചിനിലേക്ക് വെള്ളം കയറുകയും ഹൈഡ്രോസ്റ്റാറ്റിക് ലോക്കിന് കാരണമാകുകയും ചെയ്യും. ഇത് വാഹനത്തെ പൂര്‍ണമായി തകരാറിലാക്കാം.

ഇത്തരം നാശനഷ്ടങ്ങളെ വിദഗ്ധര്‍ 'കോണ്‍സിക്വന്‍ഷ്യല്‍ ലോസ്' എന്നാണ് വിളിക്കുന്നത്. സാധാരണ കോംപ്രിഹെന്‍സീവ് പോളിസി വഴി ഇതിന് പരിരക്ഷ ലഭിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ എഞ്ചിന് സംഭവിക്കുന്ന തകരാറുകള്‍ക്ക് പണം ലഭിക്കണമെങ്കില്‍ 'എഞ്ചിന്‍ പ്രൊട്ടക്ഷന്‍' എന്ന ആഡ്- ഓണ്‍ കൂടി പോളിസിയില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

ക്ലെയിം നിരസിക്കപ്പെടാന്‍ കാരണമെന്ത്?

മഴയത്ത് സംഭവിച്ച കേടുപാടാണ് എന്ന് കരുതി ക്ലെയിം ആരും നിരസിക്കാറില്ല. മറിച്ച്, പോളിസി നിബന്ധനകള്‍ പാലിക്കാത്തതാണ് പലപ്പോഴും വിനയാകുന്നത്. ക്ലെയിം നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങള്‍ നോക്കാം.

  • ഇന്‍ഷുറന്‍സ് കമ്പനിയെ വിവരം അറിയിക്കാന്‍ വൈകുക.
  • മതിയായ രേഖകള്‍ നല്‍കാതിരിക്കുക.
  • കമ്പനി പരിശോധിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം നിലയ്ക്ക് വാഹനം നന്നാക്കുക.
  • വെള്ളക്കെട്ടിലൂടെ മനപ്പൂര്‍വ്വം വാഹനം ഓടിക്കുകയോ, വെള്ളത്തില്‍ വാഹനം നിന്നശേഷവും ഓടിക്കാന്‍ ശ്രമിക്കുകയോ ചെയ്യുക. (ഇത് ഉടമയുടെ അശ്രദ്ധയായി കണക്കാക്കും).
  • ഇന്‍ഷുറന്‍സ് കാലാവധി കഴിയുകയോ, കമ്പനിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുക.

ഇന്‍ഷുറന്‍സ് എളുപ്പത്തില്‍ ലഭിക്കാന്‍ ശ്രദ്ധിക്കാം

  • വാഹനം ഉയര്‍ന്ന വെള്ളത്തില്‍ കുടുങ്ങിയാല്‍ ഉടന്‍ തന്നെ ഇഗ്‌നിഷന്‍ (എഞ്ചിന്‍) ഓഫ് ചെയ്യുക.
  • യാതൊരു കാരണവശാലും വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്.
  • വാഹനത്തിന് സംഭവിച്ച കേടുപാടുകളുടെ ഫോട്ടോകളും വീഡിയോകളും എടുത്തു സൂക്ഷിക്കുക.
  • എത്രയും വേഗം ഇന്‍ഷുറന്‍സ് കമ്പനിയെ വിവരം അറിയിക്കുക.
  • അംഗീകൃത വര്‍ക്ക്ഷോപ്പിലേക്ക് വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുക.

PREV
Read more Articles on
click me!

Recommended Stories

വിമാനത്തിൽ ചോർന്നത് അപകടകരമായ വസ്തുക്കൾ; സുരക്ഷാ വീഴ്ചയിൽ ഇൻഡിഗോയ്ക്ക് മുന്നറിയിപ്പ് നൽകി ഡിജിസിഎ
ചിലരോട് കൂടുതൽ സ്നേഹം! പക്ഷപാതം കാണിക്കുന്നുണ്ടോ ഫ്ളിപ്കാർട്ട്? പരാതിയുമായി വ്യാപാരികൾ, ചെറുകിട കച്ചവടക്കാരെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം