ചിലരോട് കൂടുതൽ സ്നേഹം! പക്ഷപാതം കാണിക്കുന്നുണ്ടോ ഫ്ളിപ്കാർട്ട്? പരാതിയുമായി വ്യാപാരികൾ, ചെറുകിട കച്ചവടക്കാരെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

Published : Jul 10, 2026, 05:33 PM IST
Flipkart

Synopsis

പ്രമുഖ ഇ- കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാർട്ടിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പരാതി. ചെറുകിട കച്ചവടക്കാരെ തകർക്കാൻ ഫ്ലിപ്പ്കാർട്ട് ചില വില്പനക്കാർക്ക് മാത്രം വൻ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും നൽകുന്നുവെന്നും ഇതിനായി 3000 കോടിയുടെ ഫണ്ട് ഉപയോഗിക്കുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

രാജ്യത്തെ ചെറുകിട കച്ചവടക്കാരെ തകര്‍ക്കുകയും തങ്ങള്‍ക്ക് താല്പര്യമുള്ള ചുരുക്കം ചില വില്പനക്കാര്‍ക്ക് മാത്രം ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് പ്രമുഖ ഇ- കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ടിനെതിരെ പരാതി. ഫോറം ഫോര്‍ ഇന്റര്‍നെറ്റ് റീട്ടെയിലേഴ്‌സ്, സെല്ലേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് എന്ന സംഘടനയാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ നടപടികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.

3000 കോടിയുടെ ഫണ്ടും കൂറ്റന്‍ ഡിസ്‌കൗണ്ടുകളും

ജൂലൈ 2ന് സിസിഐക്ക് മുന്‍പാകെ സമര്‍പ്പിച്ച 157 പേജുള്ള പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. വിപണിയിലെ ആരോഗ്യകരമായ മത്സരം ഇല്ലാതാക്കാന്‍ ഫ്‌ളിപ്കാർട്ട് ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പ്രധാന ആരോപണം. ലോജിസ്റ്റിക്‌സ്, ഡെലിവറി എന്നിവയിലെ ജിഎസ്ടി ബാധ്യതകള്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിലൂടെ കമ്പനി പ്രതിവര്‍ഷം 3,000 കോടി രൂപയുടെ ഒരു ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഈ തുക ഉപയോഗിച്ചാണ് തങ്ങള്‍ക്ക് പ്രിയപ്പെട്ട ചില വിൽപനക്കാര്‍ക്ക് ഫ്‌ളിപ്കാര്‍ട്ട് വന്‍ തോതില്‍ ഇന്‍സെന്റീവുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്നത്. ഇത് വഴി സാധാരണ കച്ചവടക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഇതിനോട് മത്സരിച്ചു നില്‍ക്കാന്‍ കഴിയാതെ ചെറുകിട കച്ചവടക്കാര്‍ക്ക് വന്‍ നഷ്ടം നേരിടുകയോ വിപണിയില്‍ നിന്ന് തന്നെ പുറത്താക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണുള്ളത്.

പേരിന് മാത്രം 'മാര്‍ക്കറ്റ് പ്ലേസ്', ലാഭം 33 പേര്‍ക്ക്

വിവിധ കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ വില്‍ക്കാനുള്ള തുറന്ന വേദി ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ സ്വന്തമായി സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചു വില്‍ക്കുന്ന രീതിയിലാണ് ഫ്‌ളിപ്കാർട്ട് പ്രവര്‍ത്തിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഫ്‌ലിപ്കാര്‍ട്ടിന്റെ ബി2ബി വിഭാഗമായ 'ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ', വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് തിരഞ്ഞെടുത്ത 33 കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. ഇവര്‍ ഈ സാധനങ്ങള്‍ ഫ്‌ലിപ്കാര്‍ട്ട് പ്ലാറ്റ്ഫോം വഴി തുച്ഛമായ വിലയ്ക്ക് വീണ്ടും വില്‍ക്കുന്നു.

ഇതുവഴി ഇ-കൊമേഴ്സ് മേഖലയിലെ ആകെ വ്യാപാരത്തിന്റെ 60 ശതമാനത്തോളം വരുന്ന വിപണിയില്‍ നിന്ന് സ്വതന്ത്ര വ്യാപാരികള്‍ പൂര്‍ണമായും പുറന്തള്ളപ്പെടുകയാണെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. കോംപറ്റീഷന്‍ ആക്ടിന്റെ നഗ്‌നമായ ലംഘനമാണ് ഫ്‌ലിപ്കാര്‍ട്ട് നടത്തുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതില്‍ ഫ്‌ലിപ്കാര്‍ട്ട് ഗ്രൂപ്പിനും ഇതില്‍ പങ്കുള്ള എല്ലാവര്‍ക്കുമെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെടുന്നു. എന്നാല്‍ ഈ ആരോപണങ്ങളോട് ഫ്‌ലിപ്കാര്‍ട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ലിപ്കാര്‍ട്ട്.

PREV
Read more Articles on
click me!

Recommended Stories

വെറും സ്‌റ്റൈലല്ല ഹാളണ്ടിന്റെ മുടി, കോടികളുടെ ബിസിനസാണ്! ലോകകപ്പില്‍ തരംഗമായി എര്‍ലിങ് ഹാളണ്ടിന്റെ 'പോണിടെയില്‍'
കേന്ദ്രസർക്കാരിന്റെ വമ്പൻ പ്രഖ്യാപനം! മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് വാഹനത്തിനും വില കുറയുമോ? പുതിയ നീക്കം