പുതിയ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നിയമങ്ങൾ നാളെ മുതൽ; ടോക്കണൈസേഷന്റെ അവസാന തിയതി ഇന്ന്

By Web TeamFirst Published Sep 30, 2022, 5:10 PM IST
Highlights

ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാൻ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ടോക്കണൈസ് ചെയ്യാം. പണമിടപാടുകൾക്ക് ഇനി കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല.
 


മുംബൈ: കാർഡ് ടോക്കണൈസേഷൻ ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രം. നാളെ മുതൽ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ നിലവിൽ വരും. ആർബിഐയുടെ പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്  ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഇനി കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. ഇതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ നടക്കുന്ന തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും.

ജൂണിലാണ് ആർബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ സമയപരിധി നീട്ടിയത്. നേരത്തെ ഇത്  ജൂൺ 30 ആയിരുന്നു. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി നൽകുകയായിരുന്നു. സെപ്റ്റംബർ  30 എന്നുള്ള അവസാന തിയ്യതി നീട്ടി നല്കാൻ ബാങ്കുകൾ ആർബിഐയോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആർബിഐ ഇതിനോട് പ്രതികരിച്ചിട്ടില്ല. 

Read Also : വായ്പ ചെലവേറിയതാകും; ഉയർന്ന റിപ്പോ നിരക്ക് ബാധിക്കുന്നത് എങ്ങനെ എന്നറിയാം

സുരക്ഷിതമല്ലാത്ത ഓൺലൈൻ ഇടപാടുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായും തട്ടിപ്പുകൾ തടയുന്നതിനായുമാണ്  പുതിയ നിയമങ്ങൾ ആർബിഐ കൊണ്ടുവന്നത്. കാർഡ് നമ്പർ, സിവിവി, കാർഡിന്റെ കാലഹരണ തീയതി തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ പങ്കുവെക്കേണ്ടി വരില്ല. സാധാരണ ക്രെഡിറ്റ് കാർഡ് ഡാറ്റ നൽകുമ്പോൾ പേയ്‌മെന്റ് എളുപ്പത്തിനായി വ്യാപാരികൾ ഇത് ഡാറ്റാബേസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഡാറ്റ സൂക്ഷിക്കൽ സുരക്ഷിതമല്ല. വെബ്സൈറ്റുകൾ ഹാക്ക്  ചെയ്യപ്പെട്ടാൽ ഈ വിവരങ്ങൾ തെറ്റായി ഉപയോഗിച്ചേക്കാം. സുരക്ഷാ മുൻനിർത്തിയാണ് ആർബിഐ കാർഡ് ടോക്കണൈസേഷൻ അവതരിപ്പിച്ചത്.  

ടോക്കണൈസേഷൻ ചെയ്യേണ്ട ഘട്ടങ്ങൾ 

1. വാങ്ങിക്കേണ്ട സാധനങ്ങൾ ഓൺലൈൻ വെബ്സൈറ്റിൽ നിന്നും   തിരഞ്ഞെടുക്കുക. 

2. പണം നൽകാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ കാർഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. 

3. "secure your card as per RBI guidelines" or "tokenise your card as per RBI guidelines" എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.

4. ടോക്കണ്‍ ലഭിക്കാൻ അനുവാദം നൽകുക 

5. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കുക.

6. ഒട്ടിപി നൽകി കഴിഞ്ഞാൽ, നിങ്ങളുടെ ടോക്കണ്‍ സേവ് ആയിട്ടുണ്ടാകും. കാര്‍ഡ് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യുന്നതിന് പകരമാണിത്.


 

click me!