ഹൃദയസ്തംഭനം മൂലം ഭര്‍ത്താവ് മരിച്ചു, ക്ലെയിം തള്ളി ഇന്‍ഷുറന്‍സ് കമ്പനി; ഭാര്യയ്ക്ക് ഒരു കോടി രൂപ നല്‍കാന്‍ ഉത്തരവ്

Published : Nov 25, 2026, 07:24 PM IST
Life Insurance

Synopsis

ഹൃദയസ്തംഭനം മൂലം മരിച്ചയാളുടെ ഭാര്യയ്ക്ക് ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക നൽകാൻ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു. മറ്റ് പോളിസികളുടെ വിവരം മറച്ചുവെച്ചു എന്ന കാരണത്താൽ കമ്പനി ക്ലെയിം തള്ളിയത് സേവനത്തിലെ വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി.

ഹൃദയസ്തംഭനം മൂലം മരിച്ചയാളുടെ ഭാര്യയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവിട്ടു. മരണത്തിന് ഏകദേശം 15 മാസം മുന്‍പാണ് റായ്പുര്‍ സ്വദേശി പോളിസി എടുത്തത്. മറ്റു കമ്പനികളില്‍ നിന്നെടുത്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന കാരണത്താലാണ് ക്ലെയിം കമ്പനി തള്ളിയത്. ഈ നടപടി അന്യായവും സേവനത്തിലെ വീഴ്ചയുമാണെന്ന് കമ്മിഷന്‍ കണ്ടെത്തി.

ഒരു കോടിക്കു പുറമേ 1.15 ലക്ഷം രൂപയും നല്‍കണം

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ മുഴുവനായും നല്‍കാനാണ് റായ്പുര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ അഡീഷനല്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനു പുറമേ, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കേസ് നടത്തിപ്പു ചെലവായി 15,000 രൂപയും കുടുംബത്തിന് നല്‍കണം. ഉത്തരവിട്ട് 45 ദിവസത്തിനകം മുഴുവന്‍ തുകയും നല്‍കണം. സമയ പരിധി കഴിഞ്ഞാല്‍, തുക നല്‍കുന്നതുവരെ മൊത്തം തുകയ്ക്ക് വാര്‍ഷിക നിരക്കില്‍ 7% പലിശ നല്‍കേണ്ടിവരും.

എന്താണ് സംഭവിച്ചത്?

2018 സെപ്റ്റംബര്‍ 10നാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തതെന്നാണ് റിപ്പോര്‍ട്ട്. 36,969.40 രൂപയായിരുന്നു വാര്‍ഷിക പ്രീമിയം. ഒരു കോടി രൂപയുടെ പരിരക്ഷയാണ് പോളിസിയില്‍ ഉണ്ടായിരുന്നത്. 39 വര്‍ഷമായിരുന്നു പോളിസിയുടെ കാലാവധി. 2057 സെപ്റ്റംബര്‍ 10നാണ് കാലാവധി പൂര്‍ത്തിയാകേണ്ടത്. രോഗി 2019 ഡിസംബര്‍ 21ന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. പോളിസിയില്‍ നോമിനിയായി രേഖപ്പെടുത്തിയിരുന്ന ഭാര്യ ഒരു കോടി രൂപ ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചു. എന്നാല്‍ ഉയര്‍ന്ന പരിരക്ഷാ തുകയുള്ള മറ്റു ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ വിവരം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2020 മാര്‍ച്ച് 17ന് കമ്പനി അപേക്ഷ തള്ളി. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്.

പോളിസി നല്‍കും മുന്‍പ് പരിശോധിക്കാമായിരുന്നുവെന്ന് കമ്മിഷന്‍

അപേക്ഷ സ്വീകരിക്കുകയും പ്രീമിയം ഈടാക്കുകയും ചെയ്ത കമ്പനിക്ക് പോളിസി നല്‍കുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ നിലവിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പരിശോധിക്കാന്‍ അവസരമുണ്ടായിരുന്നുവെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വ്യക്തി മരിക്കുമ്പോള്‍ പോളിസി പ്രാബല്യത്തിലുണ്ടായിരുന്നെന്നും ഇന്‍ഷുറന്‍സ് തുക നല്‍കാതിരുന്നത് തെറ്റായ നടപടിയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

പണപ്പെരുപ്പം, എല്‍ നിനോ, ക്രൂഡ് ഓയില്‍; ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍
ഓള്‍ഡ് മങ്കിന് തിരിച്ചടിയായി വില്‍പന നിയന്ത്രണം; ആറുമാസത്തെ വരുമാനത്തില്‍ 64% ഇടിവ്