പണപ്പെരുപ്പം, എല്‍ നിനോ, ക്രൂഡ് ഓയില്‍; ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍

Published : Nov 24, 2026, 04:36 PM IST
indian economy

Synopsis

പണപ്പെരുപ്പം, എല്‍ നിനോ, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില എന്നിവ വരും മാസങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് എച്ച്എസ്ബിസി വിലയിരുത്തുന്നു. ഭക്ഷ്യവില വർധനവും മഴക്കുറവും ഗ്രാമീണ മേഖലയിലെ ഡിമാൻഡിനെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

പണപ്പെരുപ്പം, എല്‍ നിനോ മൂലമുള്ള കാലാവസ്ഥാ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് കുറവ് എന്നിവ വരും മാസങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കാമെന്നാണ് ആഗോളബാങ്കായ എച്ച്എസ്ബിസിയുടെ വിലയിരുത്തല്‍.

പണപ്പെരുപ്പം വീണ്ടും ആശങ്കയാകുന്നു

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുന്നിലെ പ്രധാന ആശങ്കകളിലൊന്നായി പണപ്പെരുപ്പം മാറുകയാണ്. സെപ്റ്റംബറില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.5 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 23 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടക്കത്തില്‍ ഭക്ഷ്യവില വര്‍ധനയാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണമായത്. എന്നാല്‍ ഇപ്പോള്‍ മറ്റ് മേഖലകളിലേക്കും വില സമ്മര്‍ദം വ്യാപിക്കുന്നതിന്റെ സൂചനകളുണ്ട്. ഡിമാന്‍ഡ് ഇതുവരെ ശക്തമായി തുടരുന്നുണ്ടെങ്കിലും വില വീണ്ടും ഉയര്‍ന്നാല്‍ വരും പാദങ്ങളില്‍ ഉപഭോഗത്തെ അത് ബാധിച്ചേക്കാമെന്നാണ് എ്ച്ച്എസ്ബിസിയുടെ വിലയിരുത്തല്‍. ഉള്ളി വിലയില്‍ 99.6 ശതമാനം വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ഭക്ഷ്യവിലയും എല്‍ നിനോ ഭീഷണിയും ഡിസംബറിലെ റിസര്‍വ് ബാങ്കിന്റെ പലിശനിരക്ക് തീരുമാനത്തിലും നിര്‍ണായകമാകാം.രാജ്യത്തെ 44 ശതമാനം ജില്ലകളിലും മണ്‍സൂണ്‍ മഴ ആവശ്യത്തിന് ലഭിച്ചിട്ടില്ലെന്ന് ബാങ്ക് പറയുന്നു. മഴക്കുറവ് കളനാശിനികളുടെയും വിത്തുകളുടെയും ഡിമാന്‍ഡിനെ ബാധിച്ചു. ട്രാക്ടര്‍ വില്‍പ്പനയിലും ഇതിനകം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

എല്‍ നിനോയും ഭക്ഷ്യവിലയും

എല്‍ നിനോയാണ് മറ്റൊരു പ്രധാന വെല്ലുവിളി. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡിനെയും ഭക്ഷ്യവിലയെയും ഇത് ബാധിച്ചേക്കാം. വരും മാസങ്ങളില്‍ എല്‍ നിനോ പ്രതിഭാസം കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. ശൈത്യകാല കൃഷിക്കുള്ള വിത്തുവിതയ്ക്കലില്‍ ദുര്‍ബലമായ തുടക്കമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ണിലെ ഈര്‍പ്പം കുറവാണ്. ജലസംഭരണികളിലെ വെള്ളത്തിന്റെ അളവും താഴ്ന്ന നിലയിലാണ്. ഇത് കാര്‍ഷിക ഉല്‍പ്പാദനം കുറയ്ക്കാനും ഭക്ഷ്യവില വീണ്ടും ഉയര്‍ത്താനും ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡിനെ ബാധിക്കാനും ഇടയുണ്ടെന്ന് എച്ച്എസ്ബിസി വിലയിരുത്തുന്നു. പണപ്പെരുപ്പവും എല്‍ നിനോ സംബന്ധിച്ച ആശങ്കകളും കണക്കിലെടുത്ത് ഡിസംബറില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് വീണ്ടും 50 ബേസിസ് പോയിന്റ് ഉയര്‍ത്തുമെന്നാണ് എച്ച്എസ്ബിസി പ്രതീക്ഷിക്കുന്നത്.

രൂപയ്ക്ക് പിന്തുണ; പക്ഷേ എണ്ണ വിലയില്‍ റിസ്‌ക്

ഉയര്‍ന്ന ഇന്ധനവിലയുടെ ആഘാതം കുറയ്ക്കാനും രൂപയെ പിടിച്ചുനിര്‍ത്താനും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിച്ച നടപടികള്‍ സഹായിച്ചിട്ടുണ്ട്. വിദേശ കറന്‍സി നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍, എണ്ണക്കമ്പനികളുടെ ഡോളര്‍ ആവശ്യത്തിന് പ്രത്യേക സംവിധാനം ഒരുക്കിയത്, വിദേശനാണ്യ ഹെഡ്ജിങ് സംബന്ധിച്ച ചട്ടങ്ങള്‍ കര്‍ശനമാക്കിയത് തുടങ്ങിയ നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുകയും വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തുകയും ചെയ്താല്‍ രൂപയ്ക്ക് വീണ്ടും സമ്മര്‍ദമുണ്ടാകാം.

PREV
Read more Articles on
click me!

Recommended Stories

ഓള്‍ഡ് മങ്കിന് തിരിച്ചടിയായി വില്‍പന നിയന്ത്രണം; ആറുമാസത്തെ വരുമാനത്തില്‍ 64% ഇടിവ്
വിമാനയാത്രയില്‍ 'പ്രീമിയം' ട്രെന്‍ഡ്; സീറ്റുകള്‍ കൂട്ടി ഇന്‍ഡിഗോ, എയര്‍ ഇന്ത്യയ്ക്ക് കുറവ്