Anand Subramanian : ദേശീയ ഓഹരി വിപണി മുൻ ജിഒഒ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു

Published : Feb 25, 2022, 07:05 PM IST
Anand Subramanian : ദേശീയ ഓഹരി വിപണി മുൻ ജിഒഒ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു

Synopsis

ദേശീയ ഓഹരി വിപണി മുൻ ഗ്രൂപ്പ് ഓപറേറ്റിങ് ഓഫീസറായ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്നാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്

ദില്ലി: ദേശീയ ഓഹരി വിപണി (National Stock Exchange)  മുൻ ഗ്രൂപ്പ് ഓപറേറ്റിങ് ഓഫീസറായ (Former Group Operating Officer)  ആനന്ദ് സുബ്രഹ്മണ്യനെ (Anand Subramanian) സിബിഐ (Cbi) അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്നാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയെന്നാണ് വിവരം.നേരത്തെ മൂന്ന് ദിവസം ഇദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. 

എൻഎസ്ഇ മുൻ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചിത്ര രാമകൃഷ്ണനും മുൻ സിഇഒയായ രവി നരേനും എതിരായ അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ആനന്ദിന്റെ അറസ്റ്റ്. ഈയാഴ്ചയാദ്യം സെബിയുടെ ഓഫീസിൽ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. മുംബൈയിലെ ആസ്ഥാനത്ത് നടന്ന പരിശോധനയ്ക്ക് ശേഷം ചില രേഖകളുമായാണ് സിബിഐ സംഘം മടങ്ങിയത്.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടറായിരിക്കെ ചിത്ര രാമകൃഷ്ണൻ പ്രവര്‍ത്തിച്ചത് അജ്ഞാതനായ യോഗിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് സെബിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റോക്ക് എക്സ്സ്ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശമ്പളവും വരെ ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണൻ തീരുമാനിച്ചതെന്നും സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഡയറക്ടർ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നത മൂലം 2016ല്‍ ചിത്ര രാമകൃഷ്ണൻ എന്‍എസ്ഇ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് സെബി നടത്തിയ പരിശോധനയിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

2013 മുതൽ 2016 വരെയാണ് ചിത്ര നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്നത്. ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യപ്രകാരം ചിത്ര ക്രമക്കേടുകൾ നടത്തിയെന്നാണ് സെബിയുടെ കണ്ടെത്തൽ. എന്നാൽ ഇയാൾ ആരെന്ന് കണ്ടെത്താനായിട്ടില്ലെങ്കിലും ഇത് ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണെന്നാണ് സിബിഐ സംശയിക്കുന്നത്. ഇമെയിൽ വഴിയാണ് ചിത്രയും യോഗിയും തമ്മിലുള്ള ആശയവിനിമയം നടന്നത്. ചിത്ര യോഗിയെ അന്ധമായി വിശ്വസിച്ചിരുന്നതായാണ് പുറത്തുവന്ന മൊഴികളിൽ നിന്നുള്ള സൂചന. 

ക്രമ വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ചിത്ര രാമകൃഷ്ണന് 3 കോടിരൂപ സെബി പിഴ ചുമത്തി. അടുത്ത മൂന്നു വര്‍ഷത്തേക്ക് വിപണിയില്‍ ഇടപെടുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്. ബോളിവുഡ് സിനിമ തിരക്കഥകളെ വെല്ലുന്ന കണ്ടെത്തലുകളാണ് സെക്യുരിറ്റീസ് എക്സ്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തിയത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആദ്യ വനിത മേധാവിയെന്ന് പേരെടുത്ത ചിത്ര രാമകൃഷ്ണനെ, ഈ ചുമതലയിലിരിക്കെ നയിച്ചത് തിരിച്ചറിയാനാകാത്ത അജ്ഞാതനെന്നാണ് സെബിയുടെ കണ്ടെത്തല്‍. യോഗിയെന്ന് ചിത്ര രാമകൃഷ്ണന്‍ വിശ്വസിക്കുന്ന വ്യക്തിയുടെ നിര്‍ദ്ദേശത്തിലാണ് എന്‍എസ്ഇയിലെ എല്ലാ നിര്‍ണ്ണായക തീരുമാനങ്ങളും എടുത്തിരിക്കുന്നത്. 

എന്‍എസ്ഇയുടെ ബിസിനസ് പദ്ധതികള്‍, സാമ്പത്തിക വിശദാംശങ്ങള്‍ തുടങ്ങി ഡയറക്ടര്‍ ബോര്‍ഡിന്‍റെ അജണ്ടകള്‍ വരെ ഈ അജ്ഞാത വ്യക്തിയുമായി ചിത്ര രാമകൃഷ്ണൻ പങ്കുവെച്ചുവെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങള്‍ മുതല്‍ ശമ്പളം വരെ നിശ്ചയിച്ചിരുന്നതും ഈ അജ്ഞാതനാണ്. എന്നാൽ ഒരിക്കൽ പോലും ചിത്ര രാമകൃഷ്ണൻ ഇയാളെ നേരിൽ കണ്ടിട്ടില്ല. ഈ വ്യക്തിയാണ് മൂന്ന് വര്‍ഷം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിര്‍ണ്ണായക തീരുമാനങ്ങളെടുത്തതെന്ന വിവരം സെബിയേയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്. ചിത്ര രാമകൃഷ്ണന്‍റെ കാലയളവിലെ ഇടപാടുകളെക്കുറിച്ച് ഡയറക്ടർ ബോര്‍ഡിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതും ഉയര്‍ന്ന ശമ്പളം നിശ്ചയിച്ചതും വഴിവിട്ട് നിരവധി ആനുകൂല്യങ്ങള്‍ നല്‍കിയതും ഈ അഞ്ജാത യോഗിയുടെ നിര്‍ദ്ദേശ പ്രകാരമെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിന്‍റെ രേഖകളും സെബിയുടെ അന്വേഷണ സംഘം പിടിച്ചെടുത്തു.

PREV
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി