കേരളത്തിൽ സിമന്റ് വിലയിൽ വൻ വർധന; നിർമാണ മേഖലയും വ്യാപാരികളും കടുത്ത ആശങ്കയിൽ

By Web TeamFirst Published Apr 21, 2020, 4:49 PM IST
Highlights

സിമന്‍റ് വിലയില്‍ നല്‍കിയിരുന്ന ഇളവുകള്‍ ലോക്ക്ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഉല്‍പ്പാദകര്‍ പിന്‍വലിച്ചതാണ് വില വര്‍ദ്ധനവിനു കാരണം.

കോഴിക്കോട്: സംസ്ഥാനത്ത് സിമന്‍റ് വില കൂടി. ചാക്കിന് 40 രൂപ മുതൽ 45 രൂപവരെയാണ് വര്‍ദ്ധിച്ചത്. സിമന്‍റ് വിലയില്‍ നല്‍കിയിരുന്ന ഇളവുകള്‍ ലോക്ക്ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഉല്‍പ്പാദകര്‍ പിന്‍വലിച്ചതാണ് വില വര്‍ദ്ധനവിനു കാരണം.

ലോക്ഡൗണിൽ വഴിമുട്ടിയ നിർമാണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് സിമന്‍റ് ഉല്‍പ്പാദകരുടെ തീരുമാനം. ചാക്കിന് 375 രൂപ നിരക്കിൽ സിമന്‍റ് വാങ്ങി വീട് പണി തുടങ്ങിയ ആൾക്ക് ലോക്ക്ഡൗണിന് ശേഷം പണി പൂർത്തിയാക്കാണമെങ്കിൽ സിമന്‍റിന് 425 രൂപ നല്‍കണം. 380 രൂപക്ക് വിറ്റിരുന്ന സിമന്‍റിന്‍റെ പുതുക്കിയ നിരക്ക് 425 രൂപ. സ്വകാര്യ കമ്പനികൾ മാത്രമല്ല സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പാലക്കാട്ടെ മലബാർ സിമന്‍റസും വിലകൂട്ടി. 370 രൂപയില്‍ നിന്ന് 390 രൂപയായി ആണ് വില വര്‍ദ്ധിപ്പിച്ചത്.

ലോക്ക് ഡൗൺ കാലയളവിൽ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം ചാക്ക് സിമന്‍റാണ് കട്ടപിടിച്ച് നശിച്ചത്. ഇതിനു പിന്നാലെ വില കൂട്ടുക കൂടി ചെയ്തത് വ്യാപാരികള്‍ക്കും കനത്ത തിരിച്ചടിയാകും. സിമന്‍റിന്‍റെ വിലനിര്‍ണയ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തണമെന്ന് ധാരണയായിരുന്നെങ്കിലും ഉല്‍പ്പാദകര്‍ ഇത് പാലിക്കുന്നെല്ലെന്ന് വ്യാപാരികള്‍ പറയുന്നു.

click me!