പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള എൽപിജി ക്ഷാമം നേരിടാൻ, ഗ്യാസ് ഉപഭോഗം കുറയ്ക്കാനുള്ള വഴികൾ നിർദ്ദേശിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. പ്രഷർ കുക്കർ കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെയും സെപ്പറേറ്ററുകൾ വഴി ഒരേസമയം പല വിഭവങ്ങൾ പാകം ചെയ്യുന്നതിലൂടെയും പാചകസമയം കുറയ്ക്കാനും ഗ്യാസ് ലാഭിക്കാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാഗമായി രാജ്യം നേരിടുന്ന എൽപിജി ക്ഷാമത്തിൽ ഗ്യാസിന്റെ ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് കമ്പനി നിർദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം പാചകം ചെയ്യുമ്പോൾ പ്രഷർ കുക്കർ കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ചാൽ എൽപിജി ഉപയോഗം കുറയ്ക്കാനും പാചക സമയം ലാഭിക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ വീടുകളിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു പാചകോപകരണമാണ് പ്രഷർ കുക്കർ. പ്രഷറിൽ ഭക്ഷണം വേഗത്തിൽ പാകം ആകുന്നതിനാൽ സ്റ്റൗവ് കൂടുതൽ സമയം ഓണായി വയ്ക്കേണ്ടതില്ല. അതുവഴി എൽപിജി ഉപഭോഗം കുറയ്ക്കാൻ കഴിയും.
സാധാരണയായി പാകം ചെയ്യാൻ കൂടുതൽ സമയം എടുക്കുന്നവക്ക് പ്രഷർ കുക്കർ ഉപയോഗിക്കാം. അരി, പരിപ്പ്, പച്ചക്കറികൾ തുടങ്ങിയവ പ്രഷർ കുക്കറിൽ പാകം ചെയ്താൽ സമയം കുറയുകയും ഗ്യാസ് ലാഭിക്കാനും സഹായിക്കുമെന്നും കമ്പനി പറയുന്നു. ഇനി പ്രഷർ കുക്കറിനുള്ളിൽ ഉപയോഗിക്കുന്ന സെപറേറ്ററുകൾ ഉപയോഗിച്ച് ഒരേസമയം വിവിധ വിഭവങ്ങൾ പാകം ചെയ്യാനാകുമെന്ന് ഇന്ത്യൻ ഓയിൽ നിർദേശിക്കുന്നു. മേൽപ്പറഞ്ഞവയെല്ലാം ഒരേ സമയം പാകം ചെയ്യാനുമാകും. ഇവയെല്ലാം വേർതിരിച്ച് കണ്ടെയ്‌നറുകളിൽ കുക്കറിനുള്ളിൽ വെച്ച് പാകം ചെയ്യാം. ഇതിലൂടെ ഗ്യാസ് സ്റ്റൗവ് പലതവണ ഉപയോഗിക്കേണ്ട സാഹചര്യം കുറയും.
പ്രഷർ കുക്കർ ഉപയോഗിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം വേഗത്തിൽ പാകം ചെയ്യാമെന്നതിനൊപ്പം എൽപിജി ഉപഭോഗം കുറയും. അടുക്കളയിൽ പണിയെടുക്കുന്ന മൊത്തത്തിലുള്ള സമയവും കുറക്കാം. ഒരേസമയം പല വിഭവങ്ങളും പാകം ചെയ്യാം. ദൈനംദിന പാചകത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ തന്നെ ഗ്യാസ് ഉപഭോഗത്തിൽ വലിയ കുറവ് ഉണ്ടാക്കാൻ കഴിയുമെന്ന് ഇന്ത്യൻ ഓയിൽ പറയുന്നു.


