വേനൽ കടുത്തതോടെ എയർ കണ്ടീഷണറുകളുടെ വില 5 മുതൽ 7 ശതമാനം വരെ വർധിച്ചു. ചെമ്പിന്റെ വിലവർധന, രൂപയുടെ മൂല്യത്തകർച്ച, പുതിയ ഊർജ്ജക്ഷമതാ മാനദണ്ഡങ്ങൾ എന്നിവയാണ് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.
നാട്ടിൽ വേനൽക്കാലം കടുത്തു തുടങ്ങി. ഇതിനൊപ്പം തന്നെ എയർ കണ്ടീഷണറുകളുടെ (AC) വിലയും ഉയരുകയാണ്. രാജ്യത്തെ പ്രമുഖ ബ്രാന്റുകളുൾപ്പെടെ ഇതിനോടകം എ സി വില 5 മുതൽ 7 ശതമാനം വരെ വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇനിയും കൂടുതൽ ബ്രാന്റുകൾ വില വർധിപ്പിക്കാനാണ് സാധ്യത. എന്നാൽ, വേനൽക്കാലമായതും ഡിമാന്റ് കൂടിയതും മാത്രമാണോ എ സി വില ഉയരാൻ കാരണമാകുന്നത്? നോക്കാം..
എസി നിർമ്മാണത്തിനാവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളിൽ ഒന്നായ ചെമ്പിന്റെ (Copper) വില ഉയർന്നത് നിർമ്മാണ ചെലവ് വർധിപ്പിച്ചിരിക്കുകയാണ്. കംപ്രസർ, കോയിൽ തുടങ്ങിയ പാർട്ടുകളിൽ ചെമ്പ് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഇതിന്റെ വിലവർധന നേരിട്ട് എസി വിലയിൽ പ്രതിഫലിക്കുകയാണ്. അതേസമയം രൂപയുടെ മൂല്യം കുറഞ്ഞതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ചെലവ് കൂട്ടിയതായി ഡീലർമാർ പറയുന്നു. പല എസികളിൽ ഉപയോഗിക്കുന്ന പല യന്ത്ര ഭാഗങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
പശ്ചിമേഷ്യയിൽ ഇപ്പോഴും നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് ആഗോള വിതരണ ശൃംഖലയിൽ അനിശ്ചിതത്വം തുടരുകയാണ്. കപ്പൽ ഗതാഗതത്തെയും യന്ത്രഭാഗങ്ങളുടെ ലഭ്യതയെയും ഇത് ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്. ഇതിനൊപ്പം പുതിയ എനർജി എഫിഷ്യൻസി മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനായി കമ്പനികൾ ഉൽപ്പന്നങ്ങൾ നവീകരിക്കേണ്ടി വരുന്നതും നിർമ്മാണ ചെലവ് വർധിക്കാൻ കാരണമായിട്ടുണ്ട്.
എന്നാൽ, ഈ വർഷം മാർച്ച് മുതൽ മേയ് വരെ സാധാരണയെക്കാൾ കൂടുതലായ താപനില ഉണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് എസികളുടെ ആവശ്യകത വർധിപ്പിക്കാനിടയാക്കും. അതിനാൽ വേനൽക്കാലത്തിന് മുമ്പ് തന്നെ കമ്പനികൾ വില ക്രമീകരണം നടത്തുകയാണെന്നാണ് വ്യവസായ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എസികളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതിനെ തുടർന്ന് കമ്പനികൾ വില കുറച്ചിരുന്നു. ഇതോടെ ഉപഭോക്താക്കൾക്ക് കുറച്ച് ആശ്വാസം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ അസംസ്കൃത വസ്തുക്കളുടെ ചെലവ് വീണ്ടും ഉയർന്നതും വേനൽക്കാല ആവശ്യകത കൂടുമെന്ന പ്രതീക്ഷയും കാരണം കമ്പനികൾ വീണ്ടും വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.


