മാന്ദ്യകാലത്ത് കേന്ദ്രം ചെലവുചുരുക്കുന്നു, സാമ്പത്തിക വളർച്ചയെ ബാധിച്ചേക്കും; റിപ്പോർട്ട് പുറത്ത്

By Web TeamFirst Published Jan 7, 2020, 5:07 PM IST
Highlights

നവംബർ മാസം വരെ 27.86 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ട ചെലവിന്റെ 65 ശതമാനവും നവംബറിനുള്ളിൽ ചെലവഴിച്ചിരുന്നു. 

ദില്ലി: നികുതി വരുമാനത്തിലുണ്ടായ ഇടിവിനെ തുടർന്ന് കേന്ദ്ര സർക്കാർ ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കുന്നു. നടപ്പുസാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം കോടി രൂപ ചെലവുചുരുക്കാനാണ് നീക്കം. ഇത് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കും. രണ്ടര ലക്ഷം കോടിയോളം രൂപ നികുതി വരുമാനത്തിൽ കുറവ് വന്ന സാഹചര്യത്തിലാണ് ഈ നീക്കം.

നവംബർ മാസം വരെ 27.86 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ട ചെലവിന്റെ 65 ശതമാനവും നവംബറിനുള്ളിൽ ചെലവഴിച്ചിരുന്നു. ഡിമാന്റിലുണ്ടായ കുറവും, സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കോർപ്പറേറ്റ് നികുതിയിലുണ്ടായ കുറവുമാണ് പ്രധാന വിലങ്ങുതടി.

നടപ്പുസാമ്പത്തിക വർഷത്തിൽ സ്വകാര്യ നിക്ഷേപകരിൽ നിന്നുള്ള നിക്ഷേപത്തിൽ വലിയ കുറവാണ് ഉണ്ടായത്. മാന്ദ്യത്തിൽ നിന്ന് കരകയറാൻ സംരംഭകരോടും നിക്ഷേപകരോടും വിശാല മനസോടെ നിക്ഷേപങ്ങൾ നടത്താനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. ഈ ഘട്ടത്തിൽ കേന്ദ്രസർക്കാർ തന്നെ ചെലവുചുരുക്കലിലേക്ക് നീങ്ങുന്നത് സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനമായി നിലനിർത്താനായിരുന്നു കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഉദ്ദേശിച്ച രീതിയിലായിരുന്നില്ല സാമ്പത്തിക രംഗത്തിന്റെ പോക്ക്. ഇതോടെ ധനക്കമ്മിയെ ജിഡിപിയുടെ 3.8  ശതമാനത്തിൽ പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് ധനകാര്യ മന്ത്രാലയം.

click me!