വ്യാജന്മാര്‍ വേണ്ട: പ്രവര്‍ത്തനമില്ലാത്ത കമ്പനികളെ 'വെട്ടിമാറ്റാന്‍' കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Jun 4, 2019, 9:59 AM IST
Highlights

നിലവില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം കമ്പനികളുടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇനി അഞ്ച് മുതല്‍ ആറ് ലക്ഷം കമ്പനികളുടെ വിവരങ്ങളാണ് ലഭിക്കാനുളളത്. 

ദില്ലി: രാജ്യത്ത് പ്രവര്‍ത്തനമില്ലാത്ത വ്യാജ കമ്പനികളുടെ രജിസ്ട്രേഷന്‍ നീക്കം ചെയ്യുമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ 20,000 കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദായേക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളോടും ഉടമകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ 'നോ യുവര്‍ കസ്റ്റമര്‍' (കെവൈസി) റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം മാര്‍ച്ച് മാസത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

നിലവില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം കമ്പനികളുടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇനി അഞ്ച് മുതല്‍ ആറ് ലക്ഷം കമ്പനികളുടെ വിവരങ്ങളാണ് ലഭിക്കാനുളളത്. ജൂണ്‍ 15 ഓടെ ശേഷിക്കുന്ന കമ്പനികളും കെവൈസി വിവരങ്ങള്‍ നല്‍കുമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതീക്ഷ. ഇതിന് ശേഷമാകും വ്യാജന്മാരെ തുരത്താനുളള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിടുക. 

ഇതിനകം സര്‍ക്കാര്‍ മൂന്ന് ലക്ഷത്തോളം കമ്പനികളുടെ രജിസ്ട്രേഷനില്‍ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇത്തരം കമ്പനികളുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ റദ്ദാക്കിയ പല കമ്പനികളിലും ഡ്രൈവര്‍മാരും വീട്ടു ജോലിക്കാരും മറ്റും അടങ്ങുന്ന ഡമ്മി ഡയറക്ടര്‍മാരാണ് നിലവിലുണ്ടായിരുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിച്ച സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കണ്ടെത്തിയിരുന്നു. 

click me!