സ്വകാര്യ കമ്പനികളുടെ ബുദ്ധിമുട്ട് മനസിലാക്കി കേന്ദ്രസർക്കാർ; വാർഷിക യോഗം വിളിക്കാൻ കൂടുതൽ സമയം

By Web TeamFirst Published Sep 24, 2021, 7:21 PM IST
Highlights

രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് തങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ രണ്ട് മാസം കൂടി സമയം അനുവദിച്ചു.

ദില്ലി: രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് തങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ രണ്ട് മാസം കൂടി സമയം അനുവദിച്ചു. 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ജനറൽ ബോഡി യോഗം സെപ്തംബർ 30നകമായിരുന്നു വിളിച്ചുചേർക്കേണ്ടത്.

കോർപറേറ്റ് കാര്യ മന്ത്രാലയം, കമ്പനികളുടെ വാർഷിക ജനറൽ ബോഡി യോഗം വിളിക്കാനുള്ള സമയപരിധി രണ്ട് മാസം കൂടി നീട്ടിക്കൊടുക്കണമെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിനോട് ശുപാർശ ചെയ്തു.സാമ്പത്തിക വർഷം അവസാനിച്ച് അടുത്ത ആറ് മാസത്തിനുള്ളിൽ കമ്പനികൾ വാർഷിക യോഗം വിളിച്ചു ചേർക്കണമെന്നാണ് നിയമം.

കൊവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് യോഗം വിളിച്ചു ചേർക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അതിനാൽ തന്നെ സമയം നീട്ടി നൽകണമെന്നുമുള്ള അപേക്ഷ നിരവധി പേരിൽ നിന്ന് കേന്ദ്രസർക്കാരിന് ലഭിച്ചിരുന്നു. കൊവിഡ് ആദ്യ തരംഗത്തിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് തോന്നിപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു രണ്ടാം തരംഗം ഉണ്ടായത്. ഇതിന് പിന്നാലെ രാജ്യത്തെ വാണിജ്യ വ്യാപാര കേന്ദ്രങ്ങളെയെല്ലാം ഇത് സാരമായി ബാധിക്കുകയും ചെയ്തിരുന്നു.   ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായത്.

click me!