പറഞ്ഞതുപോലെ മുടിവെട്ടിയില്ല, നഷ്ടപരിഹാരം രണ്ട് കോടി രൂപ; പഞ്ചനക്ഷത്ര ഹോട്ടലിന് കിട്ടിയ പണി

By Web TeamFirst Published Sep 24, 2021, 6:40 PM IST
Highlights

മുടിമുറിച്ചത് തെറ്റിപ്പോയതിന് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ തങ്ങളുടെ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകേണ്ടത് രണ്ട് കോടി രൂപ. തൊഴിലാളിയുടെ അശ്രദ്ധയ്ക്ക്, മോഡലും കമ്യൂണിക്കേഷൻ പ്രൊഫഷണലുമായ യുവതിക്കുണ്ടായ മാനസിക വിഷമത്തിന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചതാണ് ഈ തുക

ദില്ലി: മുടിമുറിച്ചത് തെറ്റിപ്പോയതിന് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ തങ്ങളുടെ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകേണ്ടത് രണ്ട് കോടി രൂപ. തൊഴിലാളിയുടെ അശ്രദ്ധയ്ക്ക്, മോഡലും കമ്യൂണിക്കേഷൻ പ്രൊഫഷണലുമായ യുവതിക്കുണ്ടായ മാനസിക വിഷമത്തിന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചതാണ് ഈ തുക. ഐടിസി മൗര്യയെന്ന ഹോട്ടലിനെതിരെയാണ് നടപടി.

ഫോറം പ്രസിഡന്റ് ജസ്റ്റിസ് ആർകെ അഗർവാളും അംഗം എസ്എം കാന്തികറുമാണ് വിധി പുറപ്പെടുവിച്ചത്. സ്ത്രീകൾ മുടിയെ കുറിച്ച് വളരെയധികം ശ്രദ്ധാലുക്കളാണെന്നതിന് സംശയമില്ല. മുടി നല്ല നിലയിൽ പരിപാലിക്കുന്നതിന് അവർ ഉയർന്ന തുകയും ചെലവഴിക്കാറുണ്ട്. സ്ത്രീകൾ അവരുടെ മുടിയുമായി വൈകാരിക ബന്ധം സൂക്ഷിക്കാറുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

ആഷ്ന റോയ് എന്ന പരാതിക്കാരിക്കാണ് പണം നൽകേണ്ടത്. എട്ട് ആഴ്ചയാണ് പണം നൽകാൻ സമയം. ആഷ്നയുടെ തലയ്ക്ക് പൊള്ളലേറ്റു. ഇപ്പോഴും അവിടം ചൊറിച്ചിലിടക്കമുള്ള അലർജി നേരിടുന്നുണ്ട്. ഇത് ഹോട്ടലിലെ സ്റ്റാഫിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണെന്ന് സ്ഥിരീകരിച്ചാണ് സെപ്തംബർ 21 ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധി പുറപ്പെടുവിച്ചത്.

മറക്കാനാവാത്ത മുടിമുറിക്കൽ അനുഭവത്തിന് ശേഷം ആഷ്ന കടുത്ത മാനസിക ദുഖത്തിലായിരുന്നു. തന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും സാമൂഹ്യപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നുവെന്നും അവർ ഫോറത്തിൽ പറഞ്ഞു. മുടിയുടെ സൗന്ദര്യം പല പ്രധാന ബ്രാന്റുകളുടെയും പരസ്യചിത്രത്തിൽ അഭിനയിക്കാൻ ആഷ്നയ്ക്ക് അവസരം നൽകിയിരുന്നു. മുടിമുറിക്കുന്ന സമയത്ത് ആഷ്ന നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കാതിരുന്നതാണ് ഈ കുഴപ്പമെല്ലാം ഉണ്ടാകാൻ കാരണമെന്നും ന്യായാധിപന്മാർ ചൂണ്ടിക്കാട്ടി.

മുടി നഷ്ടമായതോടെ ആഷ്നയ്ക്ക് പല പരസ്യ കരാറുകളും നഷ്ടമായിരുന്നു. സംഭവത്തിന് പിന്നാലെ ആഷ്നയ്ക്ക് സൗജന്യ കേശചികിത്സ ഹോട്ടൽ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് സ്വീകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഈ വാദം ഹോട്ടൽ ഉടമകൾ ചൂണ്ടിക്കാട്ടിയെങ്കിലും, അതൊരു പരിഹാരമാകുന്നില്ലെന്നായിരുന്നു കോടതി നിലപാട്.

click me!