
രാജ്യത്തെ പയറുവര്‍ഗങ്ങളുടെ വിപണി വില വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന തീരുമാനവുമായി കേന്ദ്രം. ഇതിന്റെ ഭാഗമായി നവംബര്‍ 1 മുതല്‍ പരിപ്പ് ഇറക്കുമതിക്ക് 30 ശതമാനം തീരുവ ചുമത്തും. പരിപ്പിന് 2023 ഡിസംബര്‍ മുതല്‍ അനുവദിച്ചിരുന്ന തീരുവ രഹിത ഇറക്കുമതിയാണ് ഇതോടെ അവസാനിക്കുന്നത്. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച്, പരിപ്പ് ഇറക്കുമതിക്ക് 10% ഇറക്കുമതി തീരുവയും 20% കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ്സും ഈടാക്കും. മൊത്തം തീരുവ 30% വരും. നികുതി ഈടാക്കുന്നത് നവംബര്‍ ഒന്നിന് ശേഷം മാത്രമായിരിക്കും. ഇന്ത്യന്‍ പയറുവര്‍ഗ്ഗ, ധാന്യ അസോസിയേഷനായ ഐപിജിഎ നേരത്തെ, വില കുറഞ്ഞ പരിപ്പ് ഇറക്കുമതി ചെയ്യുന്നത് രാജ്യത്തെ കമ്പോളവിലകളെ തകര്‍ക്കുമെന്നും, പയറുവര്‍ഗ്ഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന 50% ഓളം വരുന്ന കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിലവില്‍ റഷ്യയില്‍ നിന്നും കാനഡയില്‍ നിന്നും ക്വിന്റലിന് ഏകദേശം 3000 രൂപ - 3400 രൂപ നിരക്കിലാണ് പരിപ്പ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന പരിപ്പിന്റെ വില, മറ്റ് പയറുവര്‍ഗങ്ങളുടെ വിപണി വിലയേക്കാള്‍ 50% വരെ കുറവായിരുന്നു.
2023-24 വിള വര്‍ഷത്തില്‍ (ജൂലൈ-ജൂണ്‍) ഉത്പാദനം 12.26 ദശലക്ഷം ടണ്ണില്‍ നിന്ന് 11 ദശലക്ഷം ടണ്‍ ആയി കുറഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര വിതരണം മെച്ചപ്പെടുത്തുന്നതിനാണ് 2023 ഡിസംബറില്‍ സര്‍ക്കാര്‍ പരിപ്പിന്റെ തീരുവ ഒഴിവാക്കിയത്. ഈ ഇളവ് പിന്നീട് പലതവണ നീട്ടി നല്‍കിയിരുന്നു. 2024-25 കാലയളവില്‍, ആകെ പയറുവര്‍ഗ്ഗ ഇറക്കുമതിയില്‍ 29.5% വും പരിപ്പായിരുന്നു നിലവില്‍ ഏകദേശം 4 ദശലക്ഷം ടണ്‍ പരിപ്പ് 2023 ഡിസംബര്‍ മുതല്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഏകദേശം 0.3 ദശലക്ഷം ടണ്‍ പരിപ്പ് കാനഡയില്‍ നിന്ന് വന്നുകൊണ്ടിരിക്കുകയാണെന്നും വ്യാപാര മേഖലയിലുള്ളവര്‍ പറയുന്നു.